കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെന്ന സുനിൽ കുമാറിനെ നുണപരിശോധനയ്ക്കു വിധേയനാക്കണമെന്ന് പൊലീസ്. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് ഈ ആവശ്യമുന്നയിച്ചത്. എന്നാൽ, നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് സുനി കൊടതിയെ അറിയിച്ചു.

നുണ പരിശോധനയ്ക്ക് മാനസികമായും ശാരീരികമായും തയ്യാറല്ലെന്നും സുനി പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ പരസ്പര വിരുദ്ധമായ മൊഴികളാണ് സുനി പൊലീസിന് നൽകിയത്. ദൃശ്യങ്ങൾ പകർത്തിയെന്ന് കരുതുന്ന മൊബൈൽ ഫോൺ കണ്ടെത്താനാകാത്തതും പൊലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നുണപരിശോധന നടത്താൻ അന്വേഷണ സംഘം നീക്കം നടത്തിയത്.

എന്നാൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നയാളുടെ സമ്മതം അത്യാവശ്യമാണ്. നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് സുനി പറഞ്ഞതോടെ പൊലീസിന് ഇനി നടപടിയുമായി മുന്നോട്ടുപോകാൻ സാധിക്കില്ല. അതേസമയം സുനിയുടേയും വിജീഷിന്റേയും കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി.

ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കൂടുതൽ അന്വേഷണം വേണമെന്നു പൊലീസ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേസിലെ പ്രതികളായ നാലു ഗുണ്ടകളുടെ കസ്റ്റഡി കാലാവധി അന്വേഷണ സംഘം തിങ്കളാഴ്ച വരെ നീട്ടിവാങ്ങി. തെളിവു ശേഖരണം പൂർത്തിയാവാത്ത സാഹചര്യത്തിൽ ഇവരെ ഫലപ്രദമായി ചോദ്യം ചെയ്യാൻ ഇന്നലെവരെ കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നാലെയാണ് പൾസർ സുനി, വിജീഷ് എന്നിവരുടെ കസ്റ്റഡി കാലാവധിയും നീട്ടിവാങ്ങിയത്.

അതേസമയം, നടിയെ ആക്രമിച്ചു ചിത്രീകരിച്ച ദൃശ്യങ്ങൾ അഭിഭാഷകന് കൈമാറിയ മൊബൈൽ ഫോണിലേക്ക് പകർത്തിയെന്ന് പൾസർ സുനി മൊഴി നൽകിയതായാണു റിപ്പോർട്ട്. ഈ ഫോൺ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം പുറത്തു വന്നാൽ മാത്രമെ മൊഴിയുടെ വിശ്വാസ്യത ഉറപ്പു വരുത്താൻ സാധിക്കുകയുള്ളു.

എന്നാൽ കോടതിയിൽ നിന്ന് ലഭിച്ച മെമ്മറി കാർഡിനു പുറമെ മറ്റു സംവിധാനങ്ങളിലേക്കും ഈ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. ദൃശ്യങ്ങൾ സംഭവം നടന്ന ദിവസം തന്നെ മറ്റൊരു മെമ്മറി കാർഡിലേക്ക് മാറ്റിയെന്നാണ് സുനി നൽകിയ മൊഴി. ഇത് അഭിഭാഷകനു കൈമാറി. പിന്നീട് അഭിഭാഷകൻ മെമ്മറി കാർഡ് കോടതിയെ ഏല്പിച്ചതായും സുനിയുടെ മൊഴിയിലുണ്ട്.

ഫോറൻസിക് പരിശോധന ഫലം വരുന്നതുവരെ പൾസർ സുനിയെ കസ്റ്റഡിയിൽ വയ്ക്കാനാണ് പൊലീസിന്റെ നീക്കം.പരിശോധനയ്ക്ക് അയച്ച മെമ്മറി കാർഡിൽ നിന്ന് ദൃശ്യങ്ങൾ ലഭിച്ചില്ലെങ്കിൽ സുനിയെ കൂടുതൽ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. അതിനിടെ നടിയെ പൾസർ സുനി മാത്രമാണ് ഉപദ്രവിച്ചതെന്ന് കാണിച്ചുള്ള റിപ്പോർട്ട് പൊലീസ് കോടതിക്ക് കൈമാറി.