കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ താൻ പറഞ്ഞ വമ്പൻ സ്രാവുകൾ ആരാണെന്ന് രണ്ട് ദിവസത്തിനുള്ളൽ വെളിപ്പെടുത്തുമെന്ന് റിമാൻഡിൽ കഴിയുന്ന പൾസർ സുനി. കാക്കനാട്ടെ ജില്ലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകും വഴിയാണ് പൾസറിന്റെ ഈ വെളിപ്പെടുത്തൽ. ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുവെന്ന കേസിൽ അറസ്റ്റ് ചെയ്താണ് സുനിയെ പൊലീസ് കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ ദിവസം അങ്കമാലി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുംവഴി കേസിൽ ചില വമ്പൻ സ്രാവുകളുണ്ടെന്ന് സുനി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. താനിപ്പോൾ ചൂണ്ടയിലാണുള്ളതെന്നും സുനി പറഞ്ഞു.

ഇതിനുശേഷം ഈ സ്രാവുകൾ ആരാണെന്ന് സംബന്ധിച്ച ചർച്ച മാധ്യമങ്ങളിൽ തകർത്ത് നടക്കുന്നതിനിടെയാണ് അടുത്ത വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. ഇതിനിടെ സുനിയെ എട്ട് ദിവസം തങ്ങൾക്ക് കസ്റ്റഡിയിൽ ലഭിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കേസിൽ കൂടുതൽ ചോദ്യംചെയ്യൽ നടത്തേണ്ടതുണ്ടെന്നും കോയമ്പത്തൂരിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തണമെന്നും കാണിച്ചാണ് പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയത്. കാക്കനാട്ടെ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുവെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതിനെ തുടർന്നാണ് പൊലീസ് സുനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സുനി ജയിലിൽ വച്ച് നാദിർഷയെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും ഫോൺ ചെയ്തുവെന്ന സഹതടവുകാരൻ ജിൻസൺ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ജയിലിലെ സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചത് ഇക്കാര്യം സ്ഥിരീകരിച്ചത്. കേസിൽ നാദിർഷായെ പ്രതിചേർക്കാൻ മതിയായ തെളിവാണ് ഇത്. ഈ കേസിന്റെ ഭാഗമായി സുനിയെ എന്തിനാണ് കോയമ്പത്തൂരിലേക്ക് കൊണ്ടു പോകുന്നതെന്ന് ഇനിയും വ്യക്തമല്ല. കേസ് അട്ടിമറിക്കാൻ ദിലീപും കൂട്ടർക്കും വേണ്ടി ഉന്നതർ സജീവമാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് പൾസർ സുനിയെ പൊലീസ് കസറ്റഡിയിൽ വാങ്ങുന്നത്. അന്വേഷണവുമായി സഹകരിച്ചാൽ പൾസറിന്റെ രഹസ്യമൊഴി പൊലീസ് മജിസ്‌ട്രേട്ടിന് മുന്നിൽ രേഖപ്പെടുത്തും. അതിന് ശേഷമാകും ദിലീപിനേയും നാദിർഷായേയും ചോദ്യം ചെയ്യുകയെന്നാണ് സൂചന.

പൊലീസ് കാടടച്ച് വെടിവയ്ക്കുകയാണെന്നാണ് പൾസർ സുനി ഇന്ന് പ്രതികരിച്ചത്. അതുകൊണ്ട് തന്നെ പൾസർ എന്തു പറയുമെന്നത് ഇനി ശ്രദ്ധേയമാണ്. ദിലീപിനേയും നാദിർഷായേയും ചോദ്യം ചെയ്യാനായി പൊലീസ് പുതിയ ചോദ്യാവലി തയാറാക്കുന്നുണ്ട്. മുഖ്യപ്രതി പൾസർ സുനിയുടെ ഫോൺ വിളികളെ കേന്ദ്രീകരിച്ചാകും ചോദ്യം ചെയ്യൽ. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാർ ജയിലിൽനിന്ന് നാദിർഷാ, ദിലീപിന്റെ മാനേജർ അപ്പുണ്ണി എന്നിവരെ വിളിച്ചതായുള്ള തെളിവുകൾ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ മൂവരേയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യൽ നിർണ്ണായകമാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ നടൻ ദിലീപ്, സുഹൃത്തും സംവിധായകനുമായ നാദിർഷാ എന്നിവരെ വീണ്ടും വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു.

അതിനിടെ ഉടൻ അറസ്റ്റ് ഉണ്ടാകുമെന്ന തരത്തിലുള്ള വാർത്തകൾ ആലുവ റൂറൽ എസ്‌പി എവി ജോർജ്ജ് തള്ളിക്കളഞ്ഞു. അതിനോടൊപ്പം തന്നെ പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്നും ഇദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും എസ്‌പി അറിയിച്ചു. ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് പൊലീസ് ക്ലബിൽ ഇന്നലെ യോഗം ചേർന്നത്. വൈകിട്ട് ഏഴു മണിക്കു തുടങ്ങിയ യോഗം നാലുമണിക്കൂറോളം തുടർന്നു. കേസിന്റെ നിലവിലെ സ്ഥിതിഗതികൾ വിശദമായി തന്നെ യോഗം വിശകലനം ചെയ്തു. സംഭവത്തിന് പിന്നിലെ ഉന്നതതല ഗൂഢാലോചന കൃത്യമായി തെളിയിച്ചശേഷം അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടന്നാൽ മതിയെന്നായിരുന്നു യോഗത്തിലെ പ്രധാന നിർദ്ദേശം. ഡിജിപി ലോക്നാഥ് ബെഹ്‌റയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഐജി ദിനേന്ദ്ര കശ്യപ് യോഗത്തിൽ പങ്കെടുത്തത്.

ദിലീപിനേയും നാദിർഷായേയും നൂറിലേറെ പേജുകൾ വരുന്ന പുതിയ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ഇന്നോ നാളെയോ ഇവരെ ചോദ്യംചെയ്തേക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞയാഴ്ച ഇരുവരെയും പതിമൂന്ന് മണിക്കൂറാണ് പൊലീസ് ചോദ്യംചെയ്ത്. ഇതിൽ ഇന്ന് നിർണായകമായ ചില സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ചോദ്യംചെയ്യലിൽ ദിലീപും നാദിർഷയും നൽകിയ മൊഴികളിൽ ചില വൈരുദ്ധ്യങ്ങളുണ്ടെന്ന് തുടർന്നുള്ള അന്വേഷണത്തിൽ വെളിപ്പെടുകയും ചെയ്തതായാണ് അറിവ്. ഇതോടെ ദിലീപിനെ അറസ്റ്റ് ചെയ്യാനും തീരുമാനമായി. എന്നാൽ അത് തിടുക്കത്തിൽ ഉണ്ടാകില്ലെന്നാണ് സൂചന. ദിലീപിനും നാദിർഷയ്ക്കും പുറമെ ഇപ്പോൾ റിമാൻഡിലുള്ള പൾസർ സുനി, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ, കാവ്യയുടെ അമ്മ എന്നിവരെയും ചോദ്യം ചെയ്തേക്കുമെന്നാണ് അറിയുന്നത്.

കോയമ്പത്തൂരിൽനിന്ന് മോഷണം പോയ ഫോണാണ് സുനി ജയിലിൽ ഉപയോഗിച്ചത്. അതിനാൽ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുക്കേണ്ടതിനാൽ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. ഈ യാത്രയ്ക്ക് ശേഷമാകും ദിലീപിനേയും നാദിർഷായേയും ഒപ്പമിരുത്തി ചോദ്യം ചെയ്യുക. എന്നാൽ ഇതിന് പൊലീസ് മേധാവിയുടെ അനുമതി അന്വേഷണ സംഘത്തിന് വേണം. അത് കട്ടിയാൽ മാത്രമേ ഇത്തരത്തിലൊരു ചോദ്യം ചെയ്യൽ ഉണ്ടാകൂവെന്നാണ് സൂചന.