കൊച്ചി: പൾസർ സുനി ഇതിനു മുമ്പ് മലയാളത്തിലെ രണ്ടു യുവ നടിമാരെക്കൂടി പീഡിപ്പിച്ച് പണം തട്ടിയെടുത്തതായി അറസ്റ്റിലായ മാർട്ടിൻ പൊലീസിനോടു വെളിപ്പെടുത്തി. 30 ലക്ഷത്തോളം രൂപയാണ് ഇങ്ങനെ തട്ടിയെടുത്തത്. കൃത്യമായ പദ്ധതി ആസൂത്രണം ചെയ്താണ് കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയതെന്നും മാർട്ടിൻ പൊലീസിനോടു പറഞ്ഞു. നടിയുടെ കാറിൽ മറ്റാരും ഇല്ലെന്ന് ഉറപ്പുവരുത്താനായി കോഡ് സന്ദേശത്തിലായിരുന്നു മാർട്ടിന്റെയും സുനിയുടെയും ആശയവിനിമയം.

വെള്ളിയാഴ്ച വൈകിട്ടാണ് യുവ നടി കൊച്ചിയിൽ ആക്രമണത്തിന് ഇരയായത്. നടിയുടെ വണ്ടി ഓടിച്ചിരുന്ന മാർട്ടിന്റെ സഹായവും ഇക്കാര്യത്തിൽ പൾസർ സുനിക്കു കിട്ടി. മാർട്ടിനെ ചോദ്യം ചെയ്‌പ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണു പൊലീസിനു ലഭിച്ചത്. സുനിയുടെ ചെയ്തികളെക്കുറിച്ചും ആക്രമണത്തിന്റെ ആസൂത്രണത്തെക്കുറിച്ചുമുള്ള സുപ്രധാന വിവരങ്ങളാണു ലഭിച്ചിരിക്കുന്നത്.

കൃത്യമായ പദ്ധതി തയാറാക്കിയാണ് സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏതാണ്ട് ഒരുമാസത്തെ തയ്യാറെടുപ്പാണ് ഇതിനായി നടത്തിയത്. മാർട്ടിനുമായി സുനി പലവട്ടം ചർച്ച നടത്തി. വെള്ളിയാഴ്ച രാത്രി ആക്രമണത്തിനായി എല്ലാ സന്നാഹങ്ങളുമൊരുക്കിയെങ്കിലും നടിയുടെ യാത്രയുടെ കൃത്യമായ വിവരങ്ങൾ സുനിക്ക് കിട്ടിയിരുന്നില്ല. നടിക്കൊപ്പം ആരെങ്കിലും കൂടെയുണ്ടാകുമെന്നും ഭയന്നു. അതുകൊണ്ട് രഹസ്യ കോഡ് ഉപയോഗിച്ചാണ് കാര്യങ്ങൾ നടപ്പാക്കിയത്.

നടിക്കൊപ്പം വാഹനത്തിൽ ആരെങ്കിലും കൂടെയുണ്ടെങ്കിൽ 'എക്സ്' എന്നും ഇല്ലെങ്കിൽ 'വൈ' എന്നും മെസേജ് ചെയ്യാനായിരുന്നു മാർട്ടിന് സുനി നൽകിയ നിർദ്ദേശം. ഇതനുസരിച്ച് നടി ഒറ്റയ്ക്കാണ് വാഹനത്തിലുള്ളതെന്ന് കോഡ് സന്ദേശത്തിലൂടെ മാർട്ടിൻ സുനിയെ അറിയിച്ചു. ഒറ്റയ്ക്കാണെന്ന് ഉറപ്പായതിനെത്തുടർന്നാണ് നടിയുടെ വാഹനത്തിൽ സുനിയും സംഘവും സഞ്ചരിച്ചിരുന്ന വാഹനം ഇടിപ്പിച്ചതും തുടർന്ന് നടിയുടെ വാഹനത്തിൽ കയറി തട്ടിക്കൊണ്ടുപോകുന്നതും.

പൾസർ സുനിയും സംഘവും തന്നെ കഠിനമായി ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി നടി പറഞ്ഞതായും റിപ്പോർട്ടുണ്ട്. നടിതന്നെ തന്നെ വിളിച്ച മറ്റൊരു നടിയോട് ഇക്കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. ഒച്ചവച്ചാൽ വണ്ടിയിൽനിന്ന് പുറത്തെറിയുമെന്നും മയക്കുമരുന്നുനൽകി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പുറംലോകത്തെ അഭിമുഖീകരിക്കാൻപോലും പറ്റാത്ത അവസ്ഥയിലാണ് നടിയെന്ന് അടുപ്പമുള്ളവർ പറഞ്ഞു. രണ്ടാഴ്ചകഴിഞ്ഞ് തുടങ്ങേണ്ട പുതിയ സിനിമയുടെ ഷൂട്ടിങ് നീട്ടിവെയ്ക്കണമെന്ന് നടി ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

്പൾസർ സുനി മറ്റു രണ്ടു നടിമാരെക്കൂടി ഇത്തരത്തിൽ പീഡിപ്പിച്ച് ബ്ലാക്‌മെയിൽ ചെയ്തതിന്റെ വിശദാംശങ്ങളും ഡ്രൈവർ മാർട്ടിൻ പൊലീസിനു നല്കിയിട്ടുണ്ട്. മലയാളത്തിലെ രണ്ടു യുവ നടിമാരാണ് സുനിയുടെ ആക്രമണത്തിന് ഇരയായത്. ഇതിനുമുമ്പ് അപമാനിച്ച നടിമാരുടെ ചിത്രങ്ങൾ പകർത്തിയ സുനി അതുപയോഗിച്ച് അവരെ ബ്ലാക്ക് മെയിൽ ചെയ്ത് വൻതുക തട്ടിയതായും മാർട്ടിൻ വെളിപ്പെടുത്തി. ഏകദേശം 30 ലക്ഷത്തോളം രൂപ ഈ താരങ്ങളിൽനിന്ന് സുനി കൈക്കലാക്കിയിട്ടുണ്ട്.

പൾസർ സുനി അടക്കമുള്ള മൂന്നു പ്രതികൾ ഹൈക്കോടതിയിൽ ഇന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. പൾസർ സുനി എന്ന സുനിൽ കുമാറിനു പുറമേ ബിജീഷ്, മണികണ്ഠൻ എന്നിവരാണ് അഭിഭാഷകർ മുഖേനെ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കേസിൽ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കാൻ അവസരം തരണമെന്നും ജാമ്യാപേക്ഷയിൽ ആവശ്യപ്പെടുന്നു. പ്രതികളുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

അതേസമയം, പൾസർ സുനിയടക്കമുള്ള പ്രതികൾ നേരിട്ടെത്തിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടതെന്ന് അഭിഭാഷകൻ ഇ.സി. പൗലോസ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട 18ന് രാത്രിയാണ് ഇവർ എത്തിയത്. വിജീഷിന്റെ പാസ്‌പോർട്ട്, മൊബൈൽ ഫോൺ, തിരിച്ചറിയൽ കാർഡ്, പഴ്‌സ് എന്നിവ ഏൽപ്പിച്ചിരുന്നു. ഇവ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയിട്ടുണ്ട്. കേസ് അന്വേഷണത്തെ യാതൊരു വിധത്തിലും തടസ്സപ്പെടുത്തരുതെന്നു കരുതിയാണ് രേഖകൾ കോടതിയിൽ നൽകിയത്. ഇവ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കക്ഷികൾ കേസു തരുമ്പോൾ വാദിക്കുന്നത് അഭിഭാഷകന്റെ ജോലിയാണ്. നിയമസഹായം പ്രതികളുടെയും മൗലികാവകാശമാണ്. അതു നടപ്പാക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. കേസ് അന്വേഷണത്തിന് ഒരു തരത്തിലും തടസ്സമാകില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

ഇതിനിടെ, പൾസർ സുനിയെ രക്ഷപ്പെടാൻ സഹായിച്ച അമ്പലപ്പുഴ കക്കാഴം സ്വദേശി അൻവറിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. അമ്പലപ്പുഴ കാക്കാഴത്തുനിന്നാണ് സുനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോൾ പൾസർ സുനിക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുയാണ് പൊലീസ്. പൾസർ സുനി കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് ഇപ്പോഴും അന്വേഷണം മുന്നോട്ടു പോകുന്നത്.

സുനിയെ ഒളിവിൽ പോകാൻ സഹായിച്ചതിന്റെ പേരിൽ കസ്റ്റഡിയിലായ മറ്റ് ആറു പേർകൂടി കേസിൽ പ്രതികളാകുമെന്നാണ് സൂചന. നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൾസർ സുനിയുടെ പങ്ക് അറിഞ്ഞ നിമിഷം മുതൽ ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം പൊലീസ് തുടങ്ങിയിരുന്നു. സംഭവം പുറത്തറിഞ്ഞ ശനിയാഴ്ച പുലർച്ചെ എറണാകുളം പനമ്പിള്ളി നഗർ പരിസരത്തു സുനിയുണ്ടായിരുന്നെന്നാണു മൊബൈൽ ഫോൺ വിവരങ്ങളിൽനിന്നു പൊലീസിനു ലഭിച്ച വിവരം. പിന്നീട് ഓഫായ ഇയാളുടെ ഫോൺ ഓൺ ചെയ്യപ്പെട്ടിട്ടേയില്ല. കേസിലെ മറ്റു രണ്ടു പ്രതികളായ വിജേഷ്, മണികണ്ഠൻ എന്നിവർക്കൊപ്പം ഒരു വാഹനത്തിലാണു സുനി രക്ഷപ്പെട്ടതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി സ്വദേശിയായ നെൽസൺ എന്നയാൾ സംഘടിപ്പിച്ചു നൽകിയ ഓട്ടോറിക്ഷയിലായിരുന്നു ഈ യാത്ര. അമ്പലപ്പുഴ കാക്കാഴത്തെത്തിയ ഈ സംഘം കാക്കാഴം സ്വദേശിയായ യുവാവിൽനിന്നു പണം വാങ്ങി. ഈ പണവുമായാണു രക്ഷപ്പെട്ടത്.

എന്നാൽ 10,000 രൂപയിൽ താഴെ മാത്രമാണ് സംഘത്തിനു സംഘടിപ്പിക്കാനായത്. അതുകൊണ്ടുതന്നെ പ്രതികൾ ഏറെ ദൂരം പോയിരിക്കാൻ ഇടയില്ലെന്ന പൊലീസ് നിഗമനത്തിന്റെ അടിസ്ഥാനവും ഇതാണ്. സുനിയുടെ അടുപ്പക്കാരായ ചില സ്ഥിരം കുറ്റവാളികളെ ചോദ്യം ചെയ്തതിൽനിന്നു കേരളത്തിൽ സുനി ഒളിവിൽ കഴിയാൻ ഇടയുള്ള കേന്ദ്രങ്ങളെ കുറിച്ചു പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ അന്വേഷണം. നെൽസണും സുനിക്ക് പണം നൽകി സഹായിച്ച അമ്പലപ്പുഴ കാക്കാഴം സ്വദേശിയായ യുവാവുമടക്കം ആറു പേർ കൂടി കേസിൽ പ്രതികളാകുമെന്നും പൊലീസ് അറിയിച്ചു.