- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൾസർ സുനി ജയിലിൽനിന്ന് ദിലീപിന് അയച്ച യഥാർഥ കത്ത് കണ്ടെത്തി; കത്ത് കണ്ടെത്തിയത് സുനിയുടെ സഹ തടവുകാരനായ കുന്നംകുളം സ്വദേശിയുടെ വീട്ടിൽ നിന്നും; കത്തിന്റെ ആധികാരികത ഉറപ്പിക്കാൻ പൾസർ സുനിയുടെ കയ്യക്ഷരത്തിന്റെ സാമ്പിൾ ശേഖരിച്ചു അന്വേഷണ സംഘം
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ സുനിൽ കുമാർ നടൻ ദിലീപിനയച്ച കത്തിന്റെ യഥാർത്ഥ പകർപ്പ് കണ്ടെത്തിയെന്ന അവകാശവാദവുമായി അന്വേഷണ സംഘം. പൾസർ സുനി ജയിലിൽനിന്ന് ദിലീപിന് അയച്ച യഥാർഥ കത്ത് അന്വേഷണ സംഘം കണ്ടെത്തി. സുനിയുടെ സഹതടവുകാരനായ കുന്നകുളം സ്വദേശിയുടെ വീട്ടിൽനിന്നാണ് കത്ത് കണ്ടെത്തിയത്.
കത്തിന്റെ പകർപ്പ് പൾസർ സുനിയുടെ അമ്മയുടെ കൈവശം കുറച്ചുദിവസങ്ങൾക്ക് മുമ്പ് കണ്ടെത്തിയിരുന്നു. ഈ പകർപ്പ് നേരത്തെ അന്വേഷണ സംഘം പരിശോധിക്കുകയും ചെയ്തിരിന്നു. ഇതിനുശേഷമാണിപ്പോൾ യഥാർഥ കത്ത് പൾസർ സുനിയുടെ സഹതടവുകാരന്റെ വീട്ടിൽനിന്ന് കണ്ടെത്തിയത്. കത്തിന്റെ ആധികാരികത ഉറപ്പിക്കാൻ കഴിഞ്ഞ ദിവസം പൾസർ സുനിയുടെ കയ്യക്ഷരത്തിന്റെ സാമ്പിൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കേസിലെ നിർണായമായ കണ്ടെത്തിലാണ് ഈ കത്ത്. കയ്യക്ഷരത്തിന്റെ സാമ്പിൾ പരിശോധനയിൽ കത്ത് യഥാർഥമാണെന്ന് ഉറപ്പിക്കാനായാൽ കേസിലെ ഗൂഢാലോചന സംബന്ധിച്ച കാര്യത്തിൽ അന്വേഷണ സംഘത്തിന് കൂടുതൽ മുന്നോട്ടുപോകാൻ കഴിയും.
നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതും ഗൂഢാലോചനയ്ക്ക് പിന്നിലും ദിലീപാണെന്നാണ് കത്തിൽ പറയുന്നത്. വലിയ ഭീഷണി നേരിടുന്നുണ്ടെന്നും ദിലീപാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചതെന്നുമുള്ള കാര്യങ്ങളും പൾസർ സുനി കത്തിൽ എഴുതിയിരുന്നു. 2018 മെയ് മാസത്തിലാണ് പൾസർ സുനി ജയിലിൽ വെച്ച് ദിലീപിന് കത്തയച്ചത്. ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം, കേസിലെ ദിലീപിന്റെ ബന്ധം, പൾസർ സുനിക്ക് ദിലീപിനോടുള്ള നീരസത്തിന് കാരണം, ദിലീപിന്റെ മറ്റ് വിഷയങ്ങൾ തുടങ്ങിയ വിവരങ്ങൾ കത്തിൽ പരാമർശിക്കുന്നുണ്ടെന്നാണ സൂചന.
കേസിൽ തനിക്കെതിരെ ഗൂഢാലോചനയുണ്ടായെന്നാണ് ദിലീപിന്റെ വാദം. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ആലുവ പൊലീസ് ക്ലബിൽ വച്ച് ദിലീപിനെ രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു. സംവിധായകൻ പി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ