കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിൽ പൊലീസ്. നാവിക സേനയുടെ സഹായത്തോടെ കൊച്ചി ഗോശ്രീ പാലത്തിനടിയിലെ കായലിൽ വിശദമായ തെരച്ചിൽ പൊലീസ് ഇന്നു നടത്തി. ഫോൺ വലിച്ചെറിഞ്ഞു എന്ന് സുനി പറഞ്ഞ സ്ഥലത്താണു നാവികസേനാ മുങ്ങൽ വിദഗ്ധരെ എത്തിച്ചു തെരച്ചിൽ നടത്തിയത്. പക്ഷേ, എന്തെങ്കിലും കണ്ടെത്താനായില്ല. സംഭവം നടന്ന രാത്രി ഫോൺ നശിപ്പിക്കുന്നതിനായി ഗോശ്രീ പാലത്തിനു മുകളിൽനിന്ന് ഫോൺ താഴേയ്ക്ക് എറിഞ്ഞെന്നാണ് സുനിയുടെ മൊഴി. ഫോൺ മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കേസിലെ മുഖ്യപ്രതി പൾസർ സുനിയെ അറസ്റ്റു ചെയ്ത് ആറു ദിവസമായിട്ടും ദൃശ്യങ്ങൾ സംബന്ധിച്ച് യാതൊരു വിവരവും പൊലീസിനു ലഭിച്ചിട്ടില്ല. മൊബൈൽ ഫോൺ സംബന്ധിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം സുനി ഇതുവരെ നൽകിയിട്ടുമില്ല. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം പൂർണമായി ഏറ്റെടുക്കുക, നടിയുടെ ദൃശ്യങ്ങളെ കുറിച്ചുള്ള മൊഴികൾ മാറ്റി പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുക എന്നതാണു ചോദ്യം ചെയ്യലിൽ ഉടനീളം സുനിൽ പയറ്റുന്ന തന്ത്രം.

കീഴടങ്ങാനെത്തിയപ്പോൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഫോൺ ഓടയിൽ ഉപേക്ഷിച്ചെന്നായിരുന്നു സുനിയുടെ ആദ്യമൊഴി. പിന്നീട് ഇതുപലവട്ടം മാറ്റിപ്പറയുകയും ചെയ്തു. അതേസമയം, ദൃശ്യങ്ങളടങ്ങിയ ഫോൺ കൊച്ചിയിലെ അഭിഭാഷകനു കൈമാറിയെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അതേപടിയാണോ ദൃശ്യങ്ങളുടെ പകർപ്പാണോ കൈമാറിയതെന്നു വ്യക്തമല്ല.

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ നിർണായക തളിവുകളായ പെൻഡ്രൈവും മെമ്മറി കാർഡും പൊലീസ് കണ്ടെടുത്തതായി സൂചനയുണ്ട്. ആലപ്പുഴ അമ്പലപ്പുഴ കക്കാഴം സ്വദേശി മനുവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഒരു മെമ്മറി കാർഡും പെൻഡ്രൈവും പൊലീസ് കണ്ടെത്തിയത്. കേസിൽ പിടിയിലായ പൾസർ സുനിയുടെ അടുത്ത സുഹൃത്താണ് മനു.

ഇന്നലെ അഭിഭാഷകന്റെ കൈയിൽനിന്നു കിട്ടിയ മെമ്മറി കാർഡിൽ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളുണ്ടെന്നു സൂചനയുണ്ടായിരുന്നു. ഈ മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സുനി ഒന്നിലേറെ ഫോണുകൾ ഉപയോഗിച്ചിരുന്നതായാണു വിവരം. ഫോൺ ഗോശ്രീ പാലത്തിനു ചുവട്ടിൽ കായലിൽ കളഞ്ഞെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നു രാവിലെ ഇവിടെ പൊലീസ് പരിശോധന നടത്തിയിരുന്നു.

നടിയെ ഉപദ്രവിച്ചശേഷം കൊച്ചിയിൽനിന്നു മുങ്ങിയ സുനി പുതിയ ഫോൺ വാങ്ങിയിരുന്നു. കൊച്ചിയിൽനിന്നു സംഭവദിവസം രാത്രി ആലപ്പുഴയിലേക്കാണുപോയത്. ആലപ്പുഴയിലെ സുഹൃത്തിന്റെ കൈയിൽനിന്നു പണം വാങ്ങാനായിരുന്നു യാത്ര. അതിനിടെയാണു മെമ്മറികാർഡും പെൻഡ്രൈവും അവിടെ ഉപേക്ഷിച്ചതെന്നു കരുതുന്നു. അവിടെനിന്നു കൊയമ്പത്തൂരിലേക്കു പോകും വഴി കൊച്ചിയിൽനിന്നു സുനി പുതിയ ഫോൺ വാങ്ങിയിരുന്നു. പുതിയ നമ്പരുമാണ് ഉപയോഗിച്ചത്.

കളമശ്ശേരിയിലെ കടയിൽ നിന്നാണ് ഫോൺ വാങ്ങിയതെന്നു വ്യക്തമായി. ഇതിന്റെ തെളിവുകളും കടക്കാരന്റെ മൊഴിയും അടക്കം പൊലീസിനു ലഭിച്ചിട്ടുണ്ട്. ഈ വരവിൽ അഭിഭാഷകനെ കണ്ടപ്പോൾ ഫോണും മെമ്മറി കാർഡും അഭിഭാഷകനെ സുനി ഏൽപിക്കുകയായിരുന്നു.

17നു രാത്രിയാണ് സുനിയും കൂട്ടരും നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചത്. അന്നു രാത്രി ആദ്യം ആലപ്പുഴയിലെത്തിയ സുനിയും വിജേഷും മണികണ്ഠനും 19നാണ് കൊച്ചിയിൽ എത്തിയത്. അഭിഭാഷകനെ കണ്ടു മുൻകൂർ ജാമ്യത്തിനു ശ്രമം നടത്തുകയായിരുന്നു പ്രതികളുടെ ഉദ്ദേശം. സുരക്ഷിതമായ ഒളിയിടം കണ്ടെത്താനും കൂടിയാണ് പ്രതികൾ കൊച്ചിയിൽ എത്തിയത്. അഭിഭാഷകനെ കണ്ട സുനിൽകുമാർ ഒരു മൊബൈൽ ഫോൺ കൈമാറി. ഇതിനുശേഷമാണു കളമശേരിയിലെ കടയിൽ കയറി ഫോൺ വാങ്ങിയത്.

2000 രൂപയിൽ താഴെ വിലവരുന്ന ഫോൺ ആണ് വാങ്ങിയത്. പ്രത്യേകിച്ച് ഏതെങ്കിലും മോഡൽ തിരക്കിയല്ല വന്നതെന്നും ധൃതിയിൽ ഒരു ഫോൺ എടുത്ത് പണം നൽകി പോകുകയായിരുന്നുവെന്നുമാണു കടയുടമയുടെ മൊഴി. ഈ ഫോണിന്റെ ഐഎംഇഐ നമ്പർ കടയുടമവഴി പൊലീസിനു ലഭിച്ചിരുന്നു.

എന്നാൽ, പൊലീസിന്റെ നിരീക്ഷണത്തിലുള്ള ആരെയും ഈ ഫോൺ ഉപയോഗിച്ചു സുനിൽകുമാർ വിളിക്കാതിരുന്നതിനാൽ ടവർ ലൊക്കേഷൻ കണ്ടെത്താൻ കഴിഞ്ഞില്ല. ഒരേസമയം പത്തിലേറെ സിം കാർഡുകൾ കൈവശം വയ്ക്കുന്ന ശീലമുള്ള സുനിൽകുമാർ ഏതു സിം ആണ് ഈ ഫോണിൽ ഉപയോഗിച്ചതെന്നും ആ ഘട്ടത്തിൽ പൊലീസിനു വ്യക്തതയില്ലായിരുന്നു.