കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി പിടിയിൽ. ഉച്ചക്ക് ഒരു മണിയോടെ കൂട്ടുപ്രതി വിജേഷിനൊപ്പം കോടതിയിൽ എത്തിയ വേളയിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. എറണാകുളം എസിജെഎം കോടതിയിലാണ് പ്രതി കീഴടങ്ങാൻ ഒരുങ്ങവേ പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പൊലീസ് നാടെങ്ങും തിരയുമ്പോഴാണ് അവരുടെ കണ്ണുവെട്ടിച്ച് എറണാകുളം സിജെഎം കോടതിയിൽ ഉച്ചയ്ക്ക് കീഴടങ്ങാനായി സുനി കോടതിയിലെത്തിയത്. ജഡ്ജിയുടെ ചേംബറിൽ വരെ പ്രതി എത്തിയിരുന്നു.

എന്നാൽ സുനിയെ തിരിച്ചറിഞ്ഞ പൊലീസ് സുനിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സിനി കോടതിയിൽ എത്തിയത്. കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്താണ് സുനിയും കൂട്ടാളിയും എത്തിയത്. പൊലീസ് ഇരച്ചെത്തുന്നത് കണ്ട് പൾസർ സുനിയും വിജേഷും കോടതിക്കകത്തെ പ്രതിക്കൂട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതിനിടെയാണ് ഇവരെ വളഞ്ഞിട്ടു പിടികൂടിയത്. പിടികൂടിയ പ്രതികളെ പൊലീസ് ക്ലബ്ബിലേക്കാണ് ചോദ്യം ചെയ്യാനായി കൊണ്ടുപോയി. ഉന്നത ഉദ്യോഗസ്ഥർ അടക്കം ആലുവയിൽ എത്തിയിട്ടുണ്ട്.

മൂന്നു ദിവസമായി സുനി കീഴടങ്ങുമെന്ന സൂചനകളെ തുടർന്ന് എറണാകുളത്തേയും ആലുവയിലേയും കോടതികൾക്ക് മുമ്പിൽ പൊലീസ് മഫ്തിയിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ അവരുടെയെല്ലാം കണ്ണുവെട്ടിച്ചാണ് പൊലീസ് ആസ്ഥാനത്തിന് വിളിപ്പാടകലെയുള്ള സിജെഎം കോടതിയിൽ സുനി എത്തിയത്. സുനിക്കൊപ്പം മറ്റൊരു പ്രതി വിജേഷും കോടതിയിൽ എത്തിയിരുന്നു. എന്നാൽ, കീഴടങ്ങും മുമ്പ് തന്നെ രണ്ട് പേരെയും പൊലീസ് ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്. കീഴടങ്ങാൻ വേണ്ടി കോടതി മുറിയിൽ വരെ പ്രതികൾ എത്തി. മജിസ്‌ട്രേറ്റ് ഉള്ള വേളയിൽ പ്രതിക്കൂട്ടിൽ വരെ പ്രതി എത്തി. ചേംബറിൽ ജഡ്ജി ഉണ്ടായിരുന്നു. സുനിയാണ് ചേംബറിൽ എത്തിയതെന്ന് അറിഞ്ഞാണഅ പൊലീസ് ഉടനടി ഇടപെട്ടത്.

 

എറണാകുളം സിജെഎം കോടതിക്ക് ചുറ്റും പൊലീസ് വളഞ്ഞിരുന്നെങ്കിലും ശിവക്ഷേത്രത്തിന് സമീപമുള്ള പിൻവാതിൽ വഴിയാണ് പൾസർ സുനി കോടതിക്ക് അകത്ത് കയറിയത്. തുടർന്ന് ഇവിടെ നിന്നും പൊലീസ് ബലംപ്രയോഗിച്ച് പൾസർ സുനിയെ കീഴടക്കിയെന്നാണ് വിവരങ്ങൾ. അതേസമയം ജഡ്ജിയുടെ ചേംബറിൽ കയറിയ പ്രതിയെ പൊലീസ് ബലംപ്രയോഗിച്ച് കീഴടക്കിയത് തെറ്റായ നടപടിയാണെന്ന് അഭിഭാഷകർ പറഞ്ഞു. അതേസമയം കോടതി പിരിഞ്ഞ സമയത്താണ് പ്രതി എത്തിയത്. അതുകൊണ്ട് പ്രതിക്ക് സംരക്ഷണം നൽകാൻ സാധിക്കില്ലെന്ന് സെപ്ഷ്യൽ പ്രോസിക്യൂട്ടർ പറഞ്ഞു.

സംഭവം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതിയായ സുനിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. സുനിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാർച്ച് മൂന്നാം തീയതിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് നാടകീയമായി കീഴടങ്ങാൻ സുനി കോടതിയിൽ എത്തിയത്. പൾസർ സുനിയും കൂട്ടാളി വിജീഷും കേരളത്തിന് പുറത്തേക്ക് കടന്നെന്നാണ് പൊലീസ് കരുതിയിരുന്നത്. ഇതേത്തുടർന്ന് കർണാടകത്തിലും തമിഴ്‌നാട്ടിലും അന്വേഷണം ഊർജിതമാക്കിയിരുന്നു. അതേസമയം സുനി കോടതിയിൽ കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിരുന്നില്ല. ഈ സാധ്യത മുന്നിൽക്കണ്ട് സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ കോടതികളിലും പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെല്ലാമിടയിലാണ് പൊലീസിനെ വെട്ടിച്ച് സുനി കൊച്ചിയിലെ കോടതിയിൽ എത്തിയത്.

നേരത്തെ നടിയെ ആക്രമിച്ച ശേഷം ഉപേക്ഷിച്ച പൾസർ സുനി രക്ഷപെടുംമുമ്പ് കൊച്ചിയിൽ ഒരാളുമായി കൂടിക്കാഴച്ച നടത്തിയതിന്റെ ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നിരുന്നു. സംഭവം നടന്ന ദിവസം മറ്റു പ്രതികളായ മണികണ്ഠനേയും വിജേഷിനും മാറ്റി നിർത്തിയായിരുന്നു ഈ കൂടിക്കാഴ്ച. ഇതിനുശേഷമാണ് സുനി അമ്പലപ്പുഴയിലേക്ക് പോയത്. സുനി കണ്ടത് ആക്രമണത്തിന്റെ ആസൂത്രകനെയാണോയെന്ന സംശയം ബലപ്പെട്ടിരുന്നു. കൊച്ചിയിൽ നടിയെ ആക്രമിച്ചത് ഒരു സ്ത്രീയുടെ ക്വട്ടേഷനാണെന്ന് അറസ്റ്റിലായ മണികണ്ഠന്റെ മൊഴി. അക്രമത്തിനിടെ പൾസർ സുനി ഇക്കാര്യം പലതവണ നടിയോട് പറഞ്ഞിരുന്നതായും മണികണ്ഠൻ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

ക്വട്ടേഷൻ നൽകിയത് ഒരു നടിയാണെന്ന് പൾസർസുനി ആക്രമിക്കപ്പെട്ട നടിയോട് പറഞ്ഞതായി ഇന്ന് ഭാഗ്യലക്ഷ്മിയും വെളിപ്പെടുത്തിയിരുന്നു. കൂടാതെ പ്രമുഖ നടനാണെന്ന് മൊഴി നൽകിയിട്ടില്ലെന്നും വിവരങ്ങൾ പുറത്തുവന്നിരുന്നു. കോയമ്പത്തൂരിലും പരിസരത്തും കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. പൊലീസിന്റെ നീക്കങ്ങൾക്കിടെ അതിവിദഗ്ധമായി സുനി ഒളിത്താവളത്തിൽ നിന്നും വീണ്ടും രക്ഷപ്പെട്ടതായും രാവിലെ വിവരങ്ങൾ ഉണ്ടായിരുന്നു.

ഫെബ്രുവരി 18 വെള്ളിയാഴ്ച വൈകീട്ടാണ് തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ നെടുമ്പാശ്ശേരി അത്താണിയിൽ വച്ചാണ് കാറിലേക്ക് ഒരു സംഘം ഇരച്ചു കയറി യുവനടി സഞ്ചരിച്ചിരുന്ന വാഹനം തട്ടിയെടുത്തത്. കാറിനകത്ത് കയറിയ സംഘം നടിയെ ഭീഷണിപ്പെടുത്തി അപകീർത്തിപരമായ ചിത്രമെടുക്കാൻ ശ്രമിച്ചു. പിന്നീട് പാലാരിവട്ടത്ത് എത്തിയപ്പോൾ ഇവർ മറ്റൊരു വാഹനത്തിലേക്ക് മാറി കയറുകയായിരുന്നു. പിന്നീട് അപമാനിച്ച ശേഷം വാഴക്കാലയിൽ നടിയെ ഉപേക്ഷിക്കുകയായിരുന്നു.