പത്തനംതിട്ട: പുനലൂർ സീറ്റ് കിട്ടാത്തതിന്റെ പേരിൽ സമുദായത്തെ ഇളക്കി വിട്ട് സമ്മർദതന്ത്രം ഇറക്കാൻ ശ്രമിച്ച കേരളാ വെള്ളാളമഹാസഭ സംസ്ഥാന പ്രസിഡന്റ് പുനലൂർ മധുവിനെതിരേ ഡയറക്ടർ ബോർഡ് അംഗങ്ങൾ രംഗത്ത്. സമുദായത്തെ വച്ചു യു.ഡി.എഫിന് തിരിച്ചടി നൽകുമെന്ന് പറഞ്ഞ് സംസ്ഥാന ജന. സെക്രട്ടറി സോണി ജെ. കല്യാൺകുമാർ നടത്തിയ പ്രസ്താവനയ്ക്ക് എതിരേയാണ് 34 ഡയറക്ടർ ബോർഡിലെ 11 അംഗങ്ങൾ രംഗത്തു വന്നിരിക്കുന്നത്.

ഇത് ഡയറക്ടർ ബോർഡിന്റെ തീരുമാനമല്ലെന്ന് അംഗങ്ങളായ ഡോ. കെ.ജി. ശശിധരൻ പിള്ള, ആർ. മുരളീധരൻ, ഇ.പി. ജ്യോതി, സുഭാഷ് തണ്ണിത്തോട്,പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എം.സി. ഗോപാലകൃഷ്ണപിള്ള, സംസ്ഥാന വനിതാ സമാജം സെക്രട്ടറി കെ.ജി. കനകലത, യൂത്ത്‌വിങ് സംസ്ഥാന പ്രസിഡന്റ് എച്ച്.എൻ. ശരവണൻ എന്നിവർ പറഞ്ഞു. മാർച്ച് 23 ന് ചേർന്ന അവസാന ഡയറക്ടർ ബോർഡ് യോഗത്തിൽ തെരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യുകയോ തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ല. സംസ്ഥാനത്ത് 25 ലക്ഷത്തോളം വരുന്ന സമുദായാംഗങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് തലപ്പത്ത് രാഷ്ട്രീയ നേതാക്കൾ കയറിപ്പറ്റിയിട്ട് രണ്ടര പതിറ്റാണ്ടാകുന്നു.

കഴിഞ്ഞ അഞ്ചു വർഷത്തെ യു.ഡി.എഫ് സർക്കാരിന്റെ ഭാഗമായിരുന്ന സംസ്ഥാന പ്രസിഡന്റ് പുനലൂർ മധു ചില്ലിക്കാശിന്റെ ആനുകൂല്യം സമുദായത്തിന് നേടിത്തന്നിട്ടില്ല. മറ്റു സമുദായങ്ങൾക്കൊക്കെ സർക്കാർ വാരിക്കോരി കൊടുത്തു. ഇത്തവണ പുനലൂർ സീറ്റ് യു.ഡി.എഫ് മുസ്ലിം ലീഗിനാണ് നൽകിയത്. ഇതോടെ പുനലൂർ മധു തെറിച്ചു. സീറ്റ് തനിക്ക് തന്നെ ലഭിക്കുന്നതിനായി മധു നടത്തിയ പൊറാട്ടുനാടകമാണ് സോണി ജെ. കല്യാൺകുമാറിലൂടെ നടത്തിയ പ്രസ്താവനയെന്നും ഡയറക്ടർ ബോർഡ് അംഗങ്ങൾ പറഞ്ഞു. കഴിഞ്ഞ സർക്കാരിനെതിരേ ശക്തമായ സമരം നടത്തി സമുദായത്തിനു വേണ്ടി ആനുകൂല്യം നേടാൻ കഴിയാത്ത മധുവിന്റെ ഇപ്പോഴുള്ള നീക്കം എന്താണെന്ന് വെള്ളാളർ മനസിലാക്കി കഴിഞ്ഞു.

വെള്ളാളരുടെ അഭിമാനമായ കെ.വി എം.എസ് ആശുപത്രി, വയ്യാറ്റുപുഴ സ്‌കൂൾ, മങ്കൊമ്പ് ക്ഷേത്രപ്രശ്‌നം, നഷ്ടപ്പെട്ട സംവരണം, മുന്മന്ത്രി നടരാജപിള്ള സ്മാരകം, സംസ്ഥാന ആസ്ഥാനത്തിന് സ്ഥലം, ബോർഡ്-കോർപ്പറേഷനുകളിൽ പ്രാതിനിധ്യം എന്നിവ തരാൻ തയാറുള്ള ആരുമായും വെള്ളാളർ സഹകരിക്കും. അല്ലാതെ സമുദായത്തിന്റെ അംഗസംഖ്യ കാണിച്ച് കസേര ഉറപ്പിക്കാൻ ശ്രമിച്ചാൽ ഭരണസമിതിക്കെതിരേ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

പുനലൂർ മധുവിനെ യു.ഡി.എഫ് അവഗണിച്ചതു പോലെ സമുദായത്തിന്റെ മുൻ പ്രസിഡന്റ് സുരേന്ദ്രൻപിള്ളയെ എൽ.ഡി.എഫും അവഗണിച്ചു. ഇക്കാര്യങ്ങളിൽ സമുദായത്തിന് അമർഷം ഉണ്ട്. സുരേന്ദ്രൻപിള്ളയ്ക്ക് നേമത്ത് യു.ഡി.എഫ് സീറ്റ് നൽകിയതിനെ സ്വാഗതം ചെയ്യുന്നു. മൂന്നു മുന്നണികളും സമുദായാംഗങ്ങൾക്ക് ഒരു പോലെയാണ്. കാലാവധി കഴിഞ്ഞിട്ടും പുനലൂർ മധു പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങിക്കിടക്കുകയാണെന്നും ഡയറക്ടർ ബോർഡ് അംഗങ്ങൾ ആരോപിച്ചു.

യു.ഡി.എഫിനെതിരായ പത്രവാർത്തയെപ്പറ്റി ചോദിച്ചപ്പോൾ താൻ നൽകിയ പ്രസ്താവന പത്രങ്ങൾ വളച്ചൊടിച്ചതാണെന്നാണ് സോണി മറുപടി നൽകിയത്. എങ്കിൽ ഇന്നലെ തന്നെ എതിർ പ്രസ്താവന നൽകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഡയറക്ടർ ബോർഡ് അംഗങ്ങൾ പറഞ്ഞു. അത് ചെയ്യാതെ വന്നതു കൊണ്ടാണ് തങ്ങൾ നിഷേധക്കുറിപ്പുമായി വന്നതെന്നും ഇവർ പറഞ്ഞു.