ആലപ്പുഴ: ആലപ്പുഴയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൂടുതൽ പൊലീസുകാർ കുടുങ്ങിയേക്കും. അറസ്റ്റിലായ മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷനറി എസ്‌ഐ ലൈജുവിനെ സസ്പെൻഡ് ചെയ്തു. സൂര്യനെല്ലി മോഡൽ പീഡനമാണ് നടന്നതെന്നാണ് വിലയിരുത്തൽ.

ഇന്നും നാളെയുമായി കൂടുതൽ പൊലീസുകാരുടെ അറസ്റ്റുണ്ടാവുമെന്ന് അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്‌പി പി.വി.ബേബി പറഞ്ഞു. പിടിയിലായ രണ്ടാം പ്രതി നർക്കോട്ടിക്‌സ് വിഭാഗം സീനിയർ സിപിഒ നെൽസൺ തോമസിനെയും കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ഇതുവരെ അറസ്റ്റിലായ അഞ്ചു പേരും റിമാൻഡിലാണ്. ഒന്നാം പ്രതി പുന്നപ്ര സ്വദേശി ആതിര, വടക്കനാര്യാട് തെക്കേപറമ്പിൽ ജീമോൻ, ഇടനിലക്കാരിയുടെ സുഹൃത്തും ഡ്രൈവറുമായ യേശുദാസ് എന്ന പ്രിൻസ് എന്നിവരാണു റിമാൻഡിലുള്ള മറ്റു പ്രതികൾ.

സംഭവത്തിൽ ഒരു സർക്കിൾ ഇൻസ്പെക്ടറും ഡിവൈഎസ്‌പിയുമടക്കം പൊലീസുകാർ ഉൾപ്പെട്ടതായി സംശയമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയുമായി അടുപ്പമുള്ള ആതിരയെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരെ സംഭവം നടന്ന പ്രദേശങ്ങളിലെത്തിച്ചു മൊഴിയെടുത്തു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വീടും പൊലീസ് സംഘം സന്ദർശിച്ചു. ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ അംഗങ്ങളും പെൺകുട്ടിയുടെ വീടു സന്ദർശിച്ചു. പ്രതികളെ ചോദ്യം ചെയ്യലും സാക്ഷിമൊഴി രേഖപ്പെടുത്തലും തുടരുകയാണ്. അന്വേഷണ സംഘത്തിന്റെ സംശയത്തിലുള്ളവർ നിരീക്ഷണത്തിലാണെന്നും ഡിവൈഎസ്‌പി പറഞ്ഞു.

പതിനാറുകാരിയായ പെൺകുട്ടിയെ പുന്നപ്ര സ്വദേശി ആതിരയാണു പലയിടങ്ങളിലും എത്തിച്ചിരുന്നത്. നിർധന കുടുംബാംഗമായ പെൺകുട്ടിയെ ആതിര വീട്ടിൽ നിന്നു കടത്താൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.