- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റത്തവണ മാത്രമുള്ള പഞ്ചിങ് ഹാജരായി കണക്കാക്കില്ല; താമസിച്ചുവരുന്നതും നേരത്തെ പോകുന്നതും ഇനിമുതൽ അനുവദിക്കില്ല; തിരിച്ചറിയൽ കാർഡ് കൈമാറ്റവും നിരീക്ഷിക്കും; സെക്രട്ടറിയേറ്റിൽ പഞ്ചിങ്ങ് കർശനമാക്കി പൊതുഭരണ വകുപ്പ്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജീവനക്കാർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള ബയോമെട്രിക് പഞ്ചിങ് കർശനമാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ജോലിയിലെ സമയകൃത്യത,തിരിച്ചറിയൽ കാർഡ് കൈമാറ്റം തുടങ്ങി പഞ്ചിങ്ങിലെ എല്ലാ നീക്കങ്ങളുംഇനി മുതൽ നിരീക്ഷിക്കും.
രാവിലെ 10.15 മുതൽ 5.15 വരെയാണ് പ്രവൃത്തിസമയം. ജീവനക്കാർ താമസിച്ചുവരുന്നതും നേരത്തെ പോകുന്നതും ഇനിമുതൽ അനുവദിക്കില്ല. ജീവനക്കാർ സെക്രട്ടേറിയറ്റിൽ വരുമ്പോഴും തിരികെ പോകുമ്പോഴും തിരിച്ചറിയൽ കാർഡ് മുഖേന പഞ്ചിങ് സിസ്റ്റത്തിൽ ഹാജർ രേഖപ്പെടുത്തണം. ഒറ്റത്തവണ മാത്രമുള്ള പഞ്ചിങ് ഹാജരായി കണക്കാക്കില്ല. മറ്റൊരാൾക്ക് കൈമാറ്റം ചെയ്ത് പഞ്ചിങ് രേഖപ്പെടുത്തുന്നതു ശ്രദ്ധയിൽപ്പെട്ടാൽ അച്ചടക്ക നടപടി സ്വീകരിക്കും.
സെക്രട്ടേറിയറ്റിലെ ഐ.എ.എസ്. ഉദ്യോഗസ്ഥരും ബയോമെട്രിക് പഞ്ചിങ് സംവിധാനം വഴി ഹാജർ രേഖപ്പെടുത്തണം. പുതുതായി നിയമിതരാകുന്നവർ ആ ദിവസം മുതൽ തന്നെ പഞ്ചിങ് രേഖപ്പെടുത്തണം. വെയിറ്റിങ് ഫോർ പോസ്റ്റിങ്ങിലുള്ള ഗസറ്റഡ് ജീവനക്കാർ ബയോമെട്രിക് ഹാജർ രേഖപ്പെടുത്തേണ്ടതില്ല. എന്നാൽ, നോൺ ഗസറ്റഡ് ജീവനക്കാർ പഞ്ചിങ് രേഖപ്പെടുത്തണം. ജീവനക്കാരൻ അവധി അപേക്ഷ സമർപ്പിക്കാതെ അനധികൃതമായി ജോലിക്കു ഹാജരാകാതിരുന്നാൽ വിവരം കൺട്രോളിങ് ഓഫീസർ ബന്ധപ്പെട്ട സെക്ഷനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ