- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വകുപ്പുകളിലെ ഫയൽനീക്കം വേഗത്തിലാക്കണം; സർക്കാർ ഓഫീസുകളിൽ നിന്ന് മുങ്ങുന്നവരെ പിടിക്കാനും കാര്യക്ഷമത കൂട്ടാനുമുള്ള നടപടി; പഞ്ചിങ് സംവിധാനത്തെ ശമ്പള സോഫ്റ്റുവേയറുമായി ബന്ധിപ്പിക്കും; ജീവനക്കാരുടെ എതിർപ്പ് വകവെക്കാതെ പിടിമുറുക്കി പിണറായി
തിരുവനന്തപുരം: സർക്കാർ ഓഫീസുകളുടെ കാര്യക്ഷമത ഉറപ്പാക്കാൻ വേണ്ടിയുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. വകുപ്പുകൾ കാര്യക്ഷമം ആകുന്നതിന് ജീവനക്കാർ കൃത്യത പാലിക്കണമെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പോളിസി. സെക്രട്ടറിയേറ്റിൽ അടക്കം ഫയൽനീക്കം കാര്യക്ഷമം ആക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് അദ്ദേഹം. ഇതിന്റെ ഭാഗമായാണ് പഞ്ചിങ് കൂടുതൽ കാര്യക്ഷമമാക്കുന്നത്.
താഴേത്തട്ടുവരെയുള്ള ഓഫീസുകളിൽ പഞ്ചിങ് സംവിധാനത്തെ ഘട്ടംഘട്ടമായി ശമ്പളവിതരണ സോഫ്റ്റ്‌വേറായ സ്പാർക്കുമായി ബന്ധിപ്പിക്കും. അതോടൊപ്പം സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിനുപിന്നാലെ ധന, നിയമ വകുപ്പുകളിലും ജീവനക്കാരുടെ ജോലിഭാരം പഠിക്കാൻ സമിതിയെ നിയോഗിച്ചു. ജോലി ശാസ്ത്രീയമായി ക്രമീകരിക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനുമാണ് പഠനം. മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
ഹാജർ രേഖപ്പെടുത്തുന്നതിന് ഇതിനോടകം ബയോമെട്രിക് പഞ്ചിങ് സംവിധാനം ഏർപ്പെടുത്തിയ ഓഫീസുകളുടെ വിവരം ശേഖരിച്ചുതുടങ്ങി. നിലവിൽ ഡയറക്ടറേറ്റുകളിലും സിവിൽസ്റ്റേഷനുകളിലും മറ്റുമാണ് പഞ്ചിങ് കാര്യക്ഷമമായി ഏർപ്പെടുത്തിയിട്ടുള്ളത്. സ്പാർക്ക്വഴി ശമ്പളം ലഭിക്കുന്ന എല്ലാ സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2018 ഒക്ടോബർ ഒന്നിനകം പഞ്ചിങ് ഏർപ്പെടുത്താനാണ് സർക്കാർ നേരത്തലേ നിർദ്ദേശം നൽകിയിരുന്നത്.
രണ്ടാം ഘട്ടമായി വകുപ്പുകൾക്കുകീഴിലെ അഥോറിറ്റികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കമ്മിഷനുകൾ തുടങ്ങി സർക്കാർ ഗ്രാന്റോടെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും 2018 ഡിസംബർ 31-നകം നടപ്പാക്കാനും നിർദ്ദേശം നൽകി. എന്നാൽ, നിർദ്ദേശം പൂർണമായി പാലിക്കപ്പെട്ടിട്ടില്ല. കോവിഡ് വ്യാപനം സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെയും ബാധിച്ചതായിരുന്നു കാരണം.
പുതുതായി സ്ഥാപിക്കുന്ന പഞ്ചിങ് മെഷീനുകൾ സ്പാർക്കുമായി ബന്ധിപ്പിക്കാനാവണമെന്ന് നിർദേശിച്ചിട്ടുണ്ട്. അല്ലാത്തവ മാറ്റിസ്ഥാപിക്കും. എല്ലാ സ്ഥിരം ജീവനക്കാരെയും സംവിധാനത്തിൽ ഉൾപ്പെടുത്തണം.മാസം 300 മിനിറ്റാണ് ജീവനക്കാർക്ക് ഇളവുനൽകിയിട്ടുള്ളത്. ഇതിൽ കൂടിയാൽ അവധിയിൽ ക്രമീകരിക്കും. അവധിയില്ലാത്തവരുടെ ശമ്പളത്തിൽ കുറവുവരുത്തും. ഇതാണ് സംവിധാനത്തിനെതിരേ എതിർപ്പുയരാൻ കാരണം. ദിവസം ഏഴുമണിക്കൂറാണ് ജോലിസമയം. ഒരുമാസം പത്തുമണിക്കൂറിലേറെ ജോലിചെയ്താൽ ഒരു അവധിക്ക് അർഹതയുണ്ട്. അതേസമയം, സെക്രട്ടേറിയേറ്റിൽ പഞ്ചിങ് സംവിധാനത്തിനൊപ്പം പ്രവേശനനിയന്ത്രണംകൂടി കൊണ്ടുവരുന്നത് ഭരണ, പ്രതിപക്ഷ ഭേദമെന്യേ ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ജോലിഭാരത്തെക്കുറിച്ച് പൊതുഭരണവകുപ്പിൽ മുന്പുനടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ അധികജീവനക്കാരെ സെക്രട്ടേറിയറ്റിനു പുറത്തേക്ക് മാറ്റണമെന്നതടക്കമുള്ള ശുപാർശകൾ നൽകിയിരുന്നു. ഇതിൽ തുടർനടപടികൾ നടന്നുവരുകയാണ്. തുടക്കത്തിൽ ഭരണാനുകൂല സംഘടനകളടക്കം പ്രവൃത്തിപഠനത്തിനെതിരേ നിലയുറപ്പിച്ചെങ്കിലും സർക്കാർ വഴങ്ങാതെവന്നതോടെ സംഘടനകൾ പിന്മാറി. പൊതുഭരണവകുപ്പിലെ പരിഷ്‌കാരനിർദേശങ്ങൾ സമർപ്പിച്ച ഉദ്യോഗസ്ഥസമിതിതന്നെയാണ് ധന, നിയമ വകുപ്പുകളിലും പഠനംനടത്തുന്നത്. പഠനത്തിനുള്ള മാർഗരേഖയും രീതിശാസ്ത്രവും നിശ്ചയിക്കുന്നതിനുള്ള ആദ്യയോഗം കഴിഞ്ഞദിവസം ചേർന്നു.
അഡീഷണൽ ചീഫ് സെക്രട്ടറി ഷൈൻ എ. ഹക്ക്, ഉന്നതവിദ്യാഭ്യാസവകുപ്പ് അഡീഷണൽ സെക്രട്ടറി സി. അജയൻ, സമുന്നതി എം.ഡി. എം.ജി. രഞ്ജിത് കുമാർ, അഡീഷണൽ സെക്രട്ടറി സന്തോഷ്‌കുമാർ ആർ., ജലവിഭവവകുപ്പ് ജോയന്റ് സെക്രട്ടറി എ. നാസറുദ്ദീൻ, ഊർജവകുപ്പ് അണ്ടർ സെക്രട്ടറി രാമനാഥ് ജി. തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ