തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്താണ് സെക്രട്ടറിയേറ്റിലെ പഞ്ചിങ് സംവിധാനം കർക്കശമാക്കി നടപ്പിലാക്കാൻ ഇറങ്ങിയത്. എന്നാൽ, ഈ നീക്കം അടിമുടി പാളിയ മട്ടാണ് ഇപ്പോൾ. കൃത്യസമയത്ത് എത്താൻ ജീവനക്കാർക്ക് സാധിക്കാതെ പോയതോടെ ഒന്നുകിൽ മുഴുവൻ ജീവനക്കാരുടെയും ശമ്പളത്തിൽ നിന്നും പിടിക്കേണ്ടി വരുമെന്ന സ്ഥിതിയിൽ എത്തിയതോടെ സർക്കാർ തന്നെ കടുംപിടുത്തത്തിൽ നിന്നും പിന്നോട്ടു പോയി.

എന്തുകൊണ്ടാണ് സെക്രട്ടേറിയറ്റിൽ എത്താൻ വൈകുന്നതെച്ച് ചൂണ്ടിക്കാട്ടി മൂവായിരത്തോളം ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതോടെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി വെബ്‌സൈറ്റിൽ ഇട്ട നോട്ടിസ് ഒടുവിൽ പിൻവലിക്കേണ്ടിയും വന്നു. സർവത്ര ആശയക്കുഴപ്പമായ സാഹചര്യത്തിലാണു ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്ന് നോട്ടിസ് പിൻവലിച്ചത്.

നോട്ടിസിനൊപ്പം പ്രസിദ്ധീകരിച്ച വൈകിയെത്തിവരുടെ പട്ടികയിൽ അഡീഷനൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ തുടങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥർക്കൊപ്പം പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്വന്തം പേരുമുണ്ടായിരുന്നു. ഇത്തരമൊരു കാരണം കാണിക്കൽ നോട്ടിസ് ഇട്ടതിൽ ഉന്നത ഉദ്യോഗസ്ഥരിൽ പലർക്കും അമർഷമുണ്ട്. നോട്ടിസിൽ പേരുള്ള പലരും രാത്രി വൈകി ജോലി ചെയ്യുന്നവരാണെങ്കിലും അവർ പുറത്തുപോകുന്ന സമയം രേഖപ്പെടുത്തിയിരുന്നില്ല. ഇതു സംബന്ധിച്ചു സെക്രട്ടേറിയറ്റിലെ സംഘടനാ പ്രതിനിധികളുടെ യോഗം ഇന്നലെ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചുചേർത്തിരുന്നു.

കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിൽ എത്തിയതിലുള്ള പ്രതിഷേധം സംഘടനാ നേതാക്കൾ അറിയിച്ചു. ആത്മാർഥമായി ജോലിചെയ്യുകയും രാത്രി വൈകി മടങ്ങുകയും ചെയ്യുന്ന ജീവനക്കാരുടെ മനോവീര്യം തകർക്കരുതെന്ന് അവർ ആവശ്യപ്പെട്ടു. രാവിലെ യോഗങ്ങളിൽ പങ്കെടുക്കുകയോ, നിയമസഭയിൽ പോവുകയോ മന്ത്രിമാരുടെ വസതിയിൽ പോവുകയോ ചെയ്യേണ്ടിവന്നാൽ കൃത്യസമയത്തു പഞ്ച് ചെയ്യാനാവില്ല.

എന്നാൽ, ഇത്തരം ഉദ്യോഗസ്ഥർ വൈകുന്നേരം എപ്പോഴാണു പോകുന്നതെന്നു കൂടി നോക്കണം. ഓരോ ഉദ്യോഗസ്ഥനും ഒരാഴ്ച മൊത്തം എത്ര മണിക്കൂർ ഓഫിസിൽ ഉണ്ടായിരുന്നുവെന്നു പരിശോധിച്ചു വേണം അയാൾ ജോലി ചെയ്‌തോയെന്നു വിലയിരുത്താനെന്നും അവർ ആവശ്യപ്പെട്ടു. ആഴ്ചയിൽ മൂന്നു ദിവസം വൈകിയെത്താമെന്നതു മാസത്തിൽ നിശ്ചിത ദിവസം എന്നാക്കണം. അങ്ങനെയെങ്കിൽ ഒരു മാസത്തിൽ സൗകര്യപ്രദമായ ദിവസങ്ങളിൽ ഇത് അഡ്ജസ്റ്റ് ചെയ്തു പ്രയോജനപ്പെടുത്താനാകും.

സംഘടനാ നേതാക്കളുടെ നിർദ്ദേശങ്ങൾ ക്രോഡീകരിച്ചു മുഖ്യമന്ത്രിക്കു സമർപ്പിക്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ അനന്തര നടപടികൾ എടുക്കാമെന്നും പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉറപ്പുനൽകി. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച നോട്ടിസുമായി തൽക്കാലം മുന്നോട്ടുപോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഫിസ് സമയമായ 10.15നു ശേഷം എത്തിയവർ കാരണം കാണിക്കണമെന്നും മതിയായ കാരണം ബോധ്യപ്പെടുത്താത്തവർക്ക് അര ദിവസത്തെ കാഷ്വൽ അവധി രേഖപ്പെടുത്തുമെന്നുമായിരുന്നു നോട്ടിസിൽ പറഞ്ഞിരുന്നത്. നോട്ടിസ് വെബ്‌സൈറ്റിൽ ഇട്ടതല്ലാതെ വീഴ്ച വരുത്തിയവർക്കു നേരിട്ടു നൽകിയിരുന്നില്ല. ഫെബ്രുവരി മൂന്നിനാണ് നോട്ടിസ് ഇറക്കിയത്.

ജനുവരി മുതലാണ് സെക്രട്ടേറിയറ്റിൽ പഞ്ചിങ് കർശനമാക്കിയത്. ഇതു ശമ്പളവുമായി ബന്ധിപ്പിക്കുകയും ചെയ്തു. രാവിലെ 10.15-നകം ഓഫീസിലെത്തണം. മൂന്നു ദിവസം വൈകിയാൽ ഒരു ദിവസത്തെ അവധിയായി കരുതും. ഇങ്ങനെ വൈകിയെത്തിയവരുടെ വിവരം വളരേയെറെ ഉർന്നതോടയാണ് കാരണം കാണിക്കൽ നോട്ടീസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്.

പട്ടികയെ സംബന്ധിച്ച് ആകെ ആശയക്കുഴപ്പമുണ്ട്. വൈകിയെത്താത്തവരും വൈകിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. രാത്രിയിലും പണിയെടുക്കുന്ന ഉദ്യോഗസ്ഥർ രാവിലെ മാത്രം വൈകിയെന്ന കാരണത്താൽ വിശദീകരണം ബോധിപ്പിക്കേണ്ടിവരുന്നത് അന്യായമാണെന്ന് ജീവനക്കാർ പറയുന്നു. ഇത്തരത്തിൽ പ്രവൃത്തിസമയത്തിനു ശേഷവും പണിയെടുക്കുന്ന സാധാരണ ജീവനക്കാരും െഎ.എ.എസുകാരും പട്ടികയിലുണ്ട്.

രാവിലെ അല്പസമയം വൈകുന്നതല്ല, എത്രനേരം ഓഫീസിലുണ്ട് എന്നതുവേണം പരിഗണിക്കാനെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നു. മൂന്നു ദിവസം വൈകാമെന്ന് ഇളവു നൽകിയിട്ടുണ്ട്. ഇത് മാസത്തിൽ ആറു ദിവസമാക്കണം. ഒരു മാസത്തിനുള്ളിൽ എപ്പോഴെങ്കിലും ഈ ഇളവ് പ്രയോജനപ്പെടുത്താൻ അനുവദിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.