തിരുവനന്തപുരം: ഓരോ ഫയലുകളിലും ഉള്ളത് ഓരോ ജീവനുകളാണ്. അതുകൊണ്ട് തന്നെ ഫയൽ നീക്കം കാര്യക്ഷ്മമാകണം. സർക്കാർ ഓഫീസിലെത്തുന്നവർക്കെല്ലാം നീതിയും കൊടുക്കണം. അധികാരമേൽക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ഈ വാക്കുകൾ പ്രതീക്ഷയോടെ മലയാളി കണ്ടു. ഇതിനൊപ്പം സ്‌കൂളുകളും കോളജുകളും ഉൾപ്പെടെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കാനുള്ള തീരുമാനവും സർക്കാർ പ്രഖ്യാപിച്ചു. എല്ലാം കൃത്യമായി നടപ്പാക്കുമെന്നും പറഞ്ഞു. എന്നാൽ പിണറായി എന്ന ഇരട്ടച്ചങ്കന്റെ തീരുമാനം അട്ടിമറിക്കപ്പെട്ടു. ഓഫീസുകളിൽ പഞ്ചിങ് മെഷീനുകൾ സ്ഥാപിക്കുന്ന ജോലി നിർത്തിവയ്ക്കാൻ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ കെൽട്രോണിനോട് ആവശ്യപ്പെട്ടു.

പ്രളയാനന്തര കേരള പുനർനിർമ്മിതിക്ക് സർക്കാർ ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം പിണറായി ആവശ്യപ്പെട്ടിരുന്നു. സാലറി ചഞ്ചിനോട് ഉദ്യോഗസ്ഥർ മികച്ച രീതിയിൽ പ്രതികരിച്ചു. പകുതിയിൽ അധികം പേർ സാലറി ചലഞ്ചിൽ പങ്കെടുത്തു. ഇതോടെ സർക്കാർ മനസ്സ് അവർ അനുകൂലമാക്കി. സാലറി ചലഞ്ചിലെ പങ്കാളിത്തത്തിന് പകരം പഞ്ചിങ് ഒഴിവാക്കിയെടുക്കുകയും ചെയ്തു. എല്ലാ ഓഫിസുകളിലും കൃത്യമായ സേവനം ഉറപ്പാക്കാൻ ബയോ മെട്രിക് പഞ്ചിങ് കർശനമാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മെയ്‌ 19 ന് ഉത്തരവിറക്കിയത്. എന്നാൽ പ്രളയാനന്ത പ്രശ്‌നങ്ങൾ എല്ലാം മാറ്റി മറിച്ചു.

ഗവ.ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒക്ടോബർ 31 ന് അകവും തദ്ദേശഭരണ സ്ഥാപനങ്ങൾ, കമ്മിഷനുകൾ, സർക്കാരിന്റെ ധനസഹായം വാങ്ങുന്ന ഓഫിസുകൾ എന്നിവിടങ്ങളിൽ ഡിസംബർ 31ന് അകവും പഞ്ചിങ് മെഷീൻ സ്ഥാപിക്കാനായിരുന്നു തീരുമാനം. ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി മെഷീനെ ബന്ധപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. പഞ്ചിങ് മെഷീനു വേണ്ടി സംസ്ഥാനത്തെ പകുതിയോളം ഓഫിസുകളിൽ നിന്നായി ഒൻപതു കോടിയുടെ ഓർഡർ കെൽട്രോണിനു ലഭിച്ചിരുന്നു. പ്രളയാനന്തര സാമ്പത്തിക പ്രതിസന്ധി മൂലമാണു പദ്ധതി തൽക്കാലം നിർത്തുന്നതെന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്.

എന്നാൽ സാലറി ചാലഞ്ച് ഉൾപ്പെടെ വിഷയങ്ങളിൽ ജീവനക്കാർക്കുണ്ടായ അമർഷമാണ് സർക്കാരിനെ പിന്നോട്ട് അടുപ്പിക്കുന്നത്. ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ സർക്കാർ ശ്രമം നടത്തിയിരുന്നു. എന്നാൽ യുവ സംഘടനകളുടെ എതിർപ്പ് തിരിച്ചറിഞ്ഞ് വേണ്ടെന്ന് വച്ചു. ഈ സാഹചര്യത്തിലാണ് പഞ്ചിങ് നടപ്പാക്കി ജീവനക്കാരുടെ എതിർപ്പ് ആളിക്കത്തിക്കേണ്ട എന്ന വിലയിരുത്തിലിലേക്ക് കാര്യങ്ങൾ എത്തിയത്. ഭരണാനുകൂല സർവീസ് സംഘടനകളായ എൻജിഒ യൂണിയനും ജോയിന്റ് കൗൺസിലും പാർട്ടി നേതൃത്വങ്ങളെ ഇക്കാര്യം അറിയിച്ചിരുന്നു. പഞ്ചിങ് സംവിധാനം വരുന്നതോടെ എതിർപ്പു ശക്തമാകുമെന്നും ഇവർ മുന്നറിയിപ്പു നൽകി.

അതിനിടെ സെക്രട്ടേറിയറ്റിൽ ശമ്പള അക്കൗണ്ടിനെ പഞ്ചിങ് റിപ്പോർട്ടുമായി ബന്ധിപ്പിച്ചു. ജോലിക്കു താമസിച്ചു വരുന്നവരുടെയും നേരത്തേ പോകുന്നവരുടെയും ശമ്പളത്തിൽ നിന്നു പണം പോകും. രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെയാണ് ഇവിടത്തെ ജോലിസമയം. രാവിലെ 10.20 വരെ ഇളവുണ്ട്. മാസം 150 മിനിറ്റ് വരെ വൈകാം. മറ്റ് ഓഫീസുകളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതിനാണ് സർക്കാർ വിലക്ക് ഏർപ്പെടുത്തുന്നത്.

അതിനിടെ, സാലറി ചാലഞ്ചിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങൾ സർവീസ് ബുക്കിൽ രേഖപ്പെടുത്തണമെന്ന് സിപിഎം അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ മന്ത്രി തോമസ് ഐസക്കിനു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.