പതിനേഴ്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ ഇരയുടെ അച്ഛൻ വെട്ടിക്കൊന്നു. സംഭവം കണ്ട് രക്ഷിക്കാനെത്തിയ പ്രതിയുടെ മാതാപിതാക്കൾക്കും വെട്ടേറ്റു. പീഡനത്തിന് ഇരയായ പെൺകുട്ടിയും അച്ഛനും ചേർന്നാണ് അക്രമം നടത്തിയത്. വെട്ടുകൊണ്ട പ്രതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

പീഡനത്തെക്കുറിച്ച് പെൺകുട്ടി തന്നെയാണ് പൊലീസിൽ നേരിട്ട് പരാതി നൽകിയത്. പ്രതിക്ക് പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി, കുട്ടികളുടെ കോടതി ഉടനടി ജാമ്യം നൽകിയിരുന്നു. അന്നുതന്നെ പെൺകുട്ടിയുടെ അച്ഛൻ പ്രതിയുടെ വീട്ടിലെത്തി, മകൾക്ക് നീതിയുറപ്പാക്കാൻ കോടതിയുടെ ആവശ്യം തനിക്കില്ലെന്ന് ഭീഷണി മുഴക്കി. ഇതേത്തുടർന്ന്, പഠനം നടത്തുന്ന ഇൻദാപുരിലെ ഐ.ടി.ഐ. ഹോസ്റ്റലിലേക്ക് പ്രതി താമസം മാറ്റുകയും ചെയ്തു.

പ്രായപൂർത്തിയായില്ലെന്ന പേരിൽ കേസിൽ ബാലനീതിബോർഡാണ് പ്രതിക്ക് ജാമ്യം നൽകിയത്. പ്രതിയെ പീഡനത്തിന് ഇരയായ പെൺകുട്ടിയും അച്ഛനും ചേർന്നാണ് റോഡിൽ വെട്ടിക്കൊന്നത്. സംഭവം നടന്ന് നാലുമാസം തികഞ്ഞ ദിവസമാണ് കൊലപാതകം നടക്കുന്നത്. രക്ഷിക്കാനെത്തിയ പ്രതിയുടെ അച്ഛനും അമ്മയ്ക്കും പരിക്കേറ്റു.

പ്രതിയുടെ അമ്മയെ ബലാത്സംഗത്തിനിരയായ പെൺകുട്ടിതന്നെയാണ് ആക്രമിച്ചത്. പെൺകുട്ടിയും അച്ഛനും ഒളിവിലാണ്. പുണെയിൽനിന്ന് 100 കിലോമീറ്റർ അകലെ ഇൻദാപുരിൽ ഏപ്രിൽ 10നാണ് ബലാത്സംഗം നടന്നത്. പെൺകുട്ടിയും പ്രതിയും ഇവിടത്തെ കർഷക കുടുംബങ്ങളിൽപ്പെട്ടവരും അകന്ന ബന്ധുക്കളുമാണ്.

കഴിഞ്ഞദിവസം പരീക്ഷ പൂർത്തിയാക്കി ഹോസ്റ്റലിൽ നിന്ന് യുവാവ് വീട്ടിലെത്തിയ വിവരം അറിഞ്ഞാണ് പെൺകുട്ടിയുടെ അച്ഛൻ മൂർച്ചയുള്ള ആയുധവുമായി മകളോടൊപ്പം അവിടെ എത്തിയത്. തടയാനെത്തിയ പ്രതിയുടെ അച്ഛന്റെ മുഖത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ റോഡിൽ പിന്തുടർന്നാണ് ആക്രമണം നടത്തിയത്. സംഭവസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.