പൂണെ: ഒന്നര കോടിയുടെ സ്വർണ്ണ ഷർട്ടണിഞ്ഞ് വാർത്തകളിൽ നിറഞ്ഞ പൂണെ ബിസിസനസുകാരൻ ദത്ത ഫൂജയുടെ കൊലപാതകത്തിന് പിന്നിലെ ചുരുളഴിഞ്ഞു. ഫൂജയെ കൊലപ്പെടുത്തിയത് മകന്റെ സുഹൃത്തുക്കളാണെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഫൂജയ്ക്കും മകനും നൽകിയ ഒന്നരലക്ഷം രൂപ തിരികെ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.

വീട്ടിൽ നിന്നും വിളിച്ചിറക്കിയാണ് ഫൂജെയെ കൊലപ്പെടുത്തിയത്. വ്യാഴാഴ്‌ച്ച വൈകീട്ടാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഫൂജെയുടെ മകൻ ശുഭം ഫൂജെയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് പേർ ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. മൂർച്ചയേറിയ ആയുധങ്ങളും കല്ലുകളും ഉപയോഗിച്ചായിരുന്നു പ്രതികൾ ഫൂജെയെ കൊലപ്പെടുത്തിയത്. ഡൽഹിയിലെ തുറസ്സായ ഗ്രൗണ്ടിൽ വച്ചായിരുന്നു സംഭവം.

അക്രമികളിലൊരാളായ അതുൽ മോത്തിയുടെ ക്ഷണപ്രകാരം പിറന്നാൾ ആഘോഷിക്കാൻ അച്ഛൻ ദത്തയേയും കൂടി എത്തിയതായിരുന്നു മകൻ ശുഭം. അതുലിന്റെ നിർദേശപ്രകാരം വാങ്ങിച്ച ബിരിയാണി പാക്കറ്റുകൾ കാറിൽ നിന്നും എടുക്കാൻ മറ്റൊരു സുഹൃത്തിനൊപ്പം ശുഭം പോയ സമയത്താണ് ദത്ത ആക്രമണത്തിന് ഇരയായത്. ബിരിയാണി എടുത്ത് തിരിച്ചെത്തിയപ്പോൾ അതുലിന്റേയും മറ്റ് സുഹൃത്തുക്കളുടേയും ആക്രമണത്തിൽ ചോരയിൽ കുളിച്ചു കിടക്കുന്ന അച്ഛനെയാണ് ശുഭം കണ്ടത്. സഹായത്തിനായി ഉറക്കെ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് രക്തം വാർന്ന ദത്ത് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പൊലീസ് എത്തുമ്പോഴേക്കും അതുലും സുഹൃത്തുക്കളും ഓടി രക്ഷപ്പെട്ടിരുന്നു.

ചിട്ടി ഫണ്ട് ബിസിനസ്സുക്കാരനായ ഫൂജെ, 3.5 കിലോഗ്രാം വരുന്ന 1.27 കോടിയുടെ സ്വർണ ഷർട്ട് ധരിച്ച് 2012ലാണ് വാർത്തകൾ ഇടംപിടിച്ചിരുന്നത്. ബംഗാളിൽ നിന്നുള്ള 15 സ്വർണ്ണ പണിക്കാർ രണ്ടാഴ്‌ച്ചക്കാലം പ്രതിദിനം 16 മണിക്കൂറോളം സമയം ചെലവിട്ടാണ് വ്യത്യസ്ത ഷർട്ട് നിർമ്മിച്ചിരുന്നത്.