പുണെ: എവറസ്റ്റ് കീഴടക്കിയെന്ന് സോഷ്യൽ മീഡിയയിൽ വീമ്പടിച്ച പൊലീസ് ദമ്പതികളുടെ ജോലി പോയി. 'ഫോട്ടോഷോപ്പ്' ഉപയോഗിച്ച് വ്യാജമായി തയ്യാറാക്കിയ എവറസ്റ്റിനു മുകളിൽ നിൽക്കുന്ന ചിത്രമാണ് പുണെയിലെ പൊലീസ് കോൺസ്റ്റബിൾമാരായ ദിനേഷ് റാത്തോഡിനും ഭാര്യ താരകേശ്വരിക്കും വിനയായത്. ഇവരെ നേരത്തെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ ദമ്പതികളാണ് തങ്ങളെന്നായിരുന്നു ഇവരുടെ വാദം. എവറസ്റ്റിന്റെ ഏറ്റവും മുകളിൽ നിൽക്കുന്ന ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച് നേപ്പാൾ ടൂറിസം മന്ത്രാലയത്തിൽ നിന്നും ഇവർ സർട്ടിഫിക്കറ്റും വാങ്ങിയെടുത്തിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് ദമ്പതികൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിപ്പിച്ചത്.

എന്നാൽ ഇത് വ്യാജമാണെന്ന ആരോപണം ഉയർന്നതോടെ ഇവർക്കെതിരെ നേപ്പാൾ ടൂറിസം മന്ത്രാലയവും പൂണെ പൊലീസും അന്വേഷണം പ്രഖ്യാപിച്ചു. തട്ടിപ്പുകാണിച്ച് മഹാരാഷ്ട്ര പൊലീസിനെ അപകീർത്തിപ്പെടുത്താനാണ് ഇവർ ശ്രമിച്ചത്. അന്വേഷണത്തിൽ ഇവരുടെ വാദം വ്യാജമാണെന്ന് വ്യക്തമായതിനാൽ സർവ്വീസിൽ നിന്നും പിരിച്ചു വിടുന്നതായി അഡീഷണൽ പൊലീസ് കമ്മീഷണർ അറിയിച്ചു.

എവറസ്റ്റ് കീഴടക്കിയെന്ന വാദത്തെ തള്ളി മറ്റ് പർവ്വതാരോഹകർ തന്നെയാണ് രംഗത്തെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഇവരുടെ വാദം വ്യാജമാണെന്ന് തെളിഞ്ഞത്. എവറസ്റ്റ് കീഴടക്കിയതിനെ കുറിച്ച് ഇവർ പറഞ്ഞ കാര്യങ്ങൾ പരസ്പര വിരുദ്ധമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ഇതോടെ രാജ്യത്തിനകത്തേക്ക് പ്രവേശിക്കുന്നതിൽ പത്ത് വർഷത്തേക്ക് നേപ്പാൾ സർക്കാർ ഇവരെ വിലക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ പൂണെ പൊലീസും നേപ്പാൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.