പൂണൈ: ഇൻഫോസിസ് ഓഫീസിൽ കൊല്ലപെട്ട മലയാളി യുവതി ഒപി രസീലയുടെ ബന്ധുക്കൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരവും ഒരു ബന്ധുവിന് ജോലിയും നൽകാണെന്ന് ഇൻഫോസിസ്. രസീലയുടെ മരണ വിവരം അറിഞ്ഞെത്തിയ ബന്ധുക്കൾക്ക് മുമ്പാകെയാണ് കമ്പനി അധികൃതർ നഷ്ടപരിഹാര തുകയും ജോലിയും നൽകാമെന്ന് രേഖാമൂലം അറിയിച്ചത്. പോസ്റ്റ്‌മോർട്ടവും മറ്റ് നടപടികളും പൂർത്തിയാക്കിയ ശേഷം മൃതദേഹവുമായി ബന്ധുക്കൾ ചൊവ്വാഴ്ച രാവിലെ 8.30 ന് നാട്ടിലേക്ക് തിരിച്ചു.

തിങ്കളാഴ്‌ച്ച വൈകീട്ട് പൂണെയിലെത്തിയ രസീലയുടെ അച്ചനും മറ്റു ബന്ധുക്കളും കൊലപാതകം നടന്ന നടന്ന സഥലം സന്ദർശിച്ചു. കൊലപാതകം നടന്ന സ്ഥലം കാണാതെ മൃതദേഹം ഏറ്റു വാങ്ങില്ലെന്നറിയിച്ചതോടെയാണ് സംഭവം നടന്ന സ്ഥലം സന്ദർശിക്കാൻ ഇൻഫോസിസ് അധികൃതർ ഇവരെ അനുവദിച്ചത്.

രസീലയുടെ കൊലപാതകത്തിൽ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച ബന്ധുക്കൾ സംഭവത്തിൽ കമ്പനിക്കെതിരെ കേസ് നൽകുമെന്ന് അറിയിച്ചു. രസീലയുടെ മൊബൈൽ ഫോൺ നഷ്ടപെട്ടിട്ടുണ്ടെന്നും ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നിൽ ഒന്നിൽ കൂടുതൽ പേരുണ്ടെന്നും ആരോപിച്ചു.

കമ്പ്യൂട്ടറിന്റെ വയർ കഴുത്തിൽ ചുറ്റിയാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിട്ടുണ്ടെങ്കിലും കുട്ടിയുടെ മുഖം വികൃതമായ നിലയിലാണ്. മുഖത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്ന നിലയിലാണ് മൃതദേഹം കിടന്നത്. അതുകൊണ്ട് തന്നെ ഒരാൾക്ക് മാത്രമായി കൊലപാതകം നടത്താനാവില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും രസീലയുടെ അച്ഛൻ രാജു പൊലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായത്. ശേഷം രാവിലെ 8.30 നുള്ള ബോംബെകോഴിക്കോട് വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു. രണ്ട് സിം കാർഡ് ഉണ്ടായിരുന്ന പെൺകുട്ടിയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി രക്ഷിതാക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

കൊലപാതകവുമായി ബന്ധപെട്ട് സുരക്ഷാ ജീവനക്കാരൻ അസംസ്വദേശി ബബൻ സൈക്യയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൂണെയിലെ ഹിഞ്ചേവാഡി ടെക്‌നോളജി പാർക്കിലെ ഇൻഫോസിസ് കമ്പനി ഓഫീസിൽ ഞായറാഴ്ച വൈകീട്ടോടെയാണ് കോഴിക്കോട് സ്വദേശിയായ രസീലയെ കൊല്ലപട്ട നിലയിൽ കണ്ടെത്തിയത്.