ബ്രിട്ടനിലെ വാറ്റ്‌ഫോർഡ് ജനറൽ ഹോസ്പിറ്റലിലെ ഇന്ത്യൻ വംശജയായ ഡോക്ടറായ കുമുദുവിന്റെ ഭർത്താവ് രോഹൻ രൂപസിങ് തന്റെ 33ാമത്തെ വയസിൽ ഹൃദയാഘാതം മൂലം മരിച്ചത് വാറ്റ്ഫോർഡ് എൻഎച്ച്എസിനെ കുരുക്കിലാക്കിയിരിക്കുകയാണ്.

ഇദ്ദേഹത്തിന്റെ രോഗം തിരിച്ചറിഞ്ഞ ചികിത്സിക്കുന്നതിൽ ട്രസ്റ്റ് പരാജയപ്പെട്ടതിനാലാണ് രോഹൻ അകാലത്തിൽ മരിച്ചിരിക്കുന്നതെന്നും അതിനാൽ കുടുംബത്തിന് മൂന്നലക്ഷം പൗണ്ട് നഷ്ടപരിഹാരം നൽകണമെന്നുമാണ് കോടതി വിധിച്ചിരിക്കുന്നത്. 2010ലായിരുന്നു അദ്ദേഹം വാറ്റ്ഫോർഡ് ജനറൽ ഹോസ്പിറ്റലിൽ വച്ച് ദാരുണമായി മരിച്ചത്. അതേ സമയം ഇദ്ദേഹത്തിന്റെ ഭാര്യയായ കുമുദ് അതേ ഹോസ്പിറ്റലിൽ എ ആൻഡ് ഇ ലോക്വം ആയി ജോലിചെയ്ത് വരുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. തങ്ങളുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് ഈ യുവാവ് മരിച്ചതെന്ന് പ്രസ്തുത ട്രസ്റ്റ് പിന്നീട് സമ്മതിക്കുകയും ചെയ്തിരുന്നു.

വളരെ സമർത്ഥനായ എൻജിനീയറായി തിളങ്ങി നിൽക്കവെയാണ് രോഹൻ അകാലത്തിൽ മരിച്ചതെന്ന് കോടതിയിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. എൻഎച്ച്എസ് ട്രസ്റ്റ് തങ്ങളുടെ കടമകൾ വേണ്ടവിധത്തിൽ സമയത്തിന് ചെയ്യാഞ്ഞതിനെ തുടർന്നാണ് രോഹൻ മരിച്ചതെന്ന് കുമുദിന് വേണ്ടി ഹാജരായ ക്യുസി ഗോർഡൻ ബെബ് കോടതിയിൽ വാദിച്ചിരുന്നു. രോഹന് കുടുംബപരമായി ഹൃദയാഘാതത്തിനുള്ള സാധ്യതകളുണ്ടെന്നും പരിശോധനയിൽ അത് സംബന്ധിച്ച ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടും ഡോക്ടർമാർ അതിനുള്ള മുൻകരുതലുകൾ ചെയ്യാഞ്ഞതിനെ തുടർന്നാണ് രോഹൻ മരിച്ചതെന്നും ബെബ് കോടതിയിൽ ബോധിപ്പിച്ചു.പരിശോധനയിലൂടെ രോഹന്റെ ഹൃദയം ക്രമരഹിതമാണെന്നും അതിനാൽ ഹൃദയാഘാതം ഉടൻ ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞിട്ടും ഡോക്ടർമാർ അതിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ അനുവർത്തിച്ചില്ലെന്നാണ് അഭിഭാഷകൻ വാദിച്ചത്.

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചപ്പോൾ രോഹന് ഐസിഡി എന്ന പേസ്മേക്കർ ഘടിപ്പിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നും ബെബ് വാദിച്ചിരുന്നു. അക്യൂട്ട് മെഡിസിനിൽ ഒരു കൺസൾട്ടന്റായി മാറുമായിരുന്ന കുമുദിന്റെ കരിയർ തന്റെ ഭർത്താവിന്റെ മരണത്തെ തുടർന്ന് ഇല്ലാതായെന്നും കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. ഭർത്താവിന്റെ മരണശേഷം തങ്ങളുടെ രണ്ട് ചെറിയ കുട്ടികളുടെ ഉത്തരവാദിത്വം പൂർണമായും ഏറ്റെടുക്കേണ്ടി വന്ന കുമുദിന് പിന്നീട് ഡോക്ടറായി വേണ്ട വിധം തിളങ്ങാനായില്ലെന്നും വെളിപ്പെട്ടിരുന്നു. തന്റെ 44ാം വയസിൽ 2019ൽ കുമുദ് ഉയർന്ന തസ്തികയിലെത്തി ആറക്ക് ശമ്പളംവാങ്ങുമായിരുന്നുവെന്നും എന്നാൽ ഭർത്താവിന്റെ മരണം അവരുടെ കരിയർ തകർത്തുവെന്നും ബെബ് വാദിച്ചു.

തങ്ങളുടെ മക്കളെ കുമുദും രോഹനും സംയുക്തമായാണ് പരിപാലിച്ചിരുന്നതെന്നും എന്നാൽ അദ്ദേഹത്തിന്റെ അകാലവിയോഗം കുമുദിന് മുകളിൽ ഭാരം വർധിപ്പിച്ച് തൊഴിലിൽ മുന്നോട്ടുള്ള പ്രയാണം തടസപ്പെട്ടുവെന്നുമാണ് അവരുടെ അഭിഭാഷകൻ ബോധിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ കുമുദിനുണ്ടായ ഭീമമായ നഷ്ടം നികത്താൻ ഇത്രയും തുക നഷ്ടപരിഹാരം നൽകാൻ തുടർന്ന് ജസ്റ്റിസ് ജേ വിധിക്കുകയായിരുന്നു.