ജമ്മു: പാക്കിസ്ഥാന്റെ അഹങ്കാരം ശമിപ്പിക്കാൻ സർജിക്കൽ സ്ട്രൈക്ക് നടത്തിയ ഇന്ത്യൻ സേന ക്ഷമയുടെ നെല്ലിപ്പലക വീണ്ടും കണ്ടപ്പോൾ ശക്തമായ മറുപടിയുമായി രംഗത്തെത്തി. നൗഷേരയിൽ ഭീകരാക്രമണം നടത്തിയും ഇന്ത്യൻ സൈനികരുടെ മൃതദേഹം വികൃതമാക്കുകയും ചെയ്ത പാക്കിസ്ഥാൻ നടപടിക്ക് ശക്തമായ തിരിച്ചടി നൽകി ഇന്ത്യയുടെ ആക്രമണം.

നൗഷേരയിലെ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാന് കനത്ത നാശനഷ്ടം ഇന്ത്യൻസേന വരുത്തി എന്നാണ് റിപ്പോർട്ട്. രജൗറി ജില്ലയിലെ നൗഷേര സെക് ടറിലെ പാക് സൈനിക പോസ്റ്റുകൾ ബോംബിട്ട് തകർത്തു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും കരസേന പുറത്തുവിട്ടു. ശക്തമായ നാശം പാക് പോസ്റ്റുകൾക്ക് സംഭവിച്ചുവെന്ന് മേജർ ജനറൽ അശോക് നെറൂല മാധ്യമപ്രവർത്തകരെ അറിയിച്ചു. എപ്പോഴാണ് ആക്രമണം നടത്തിയത് എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഇനി ഇത്തരം ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സൈന്യം സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും പാക്കിസ്ഥാൻ നുഴഞ്ഞ് കയറ്റക്കാരെ സഹായിക്കുന്നത് തുടരുകയാണെന്ന് അശോക് നെറൂല പറഞ്ഞു. ഇന്ത്യൻ അക്രമണത്തിൽ എത്ര പാക്കിസ്ഥാൻ പോസ്റ്റുകൾ തകർന്നെന്നോ എത്ര ആളപായമുണ്ടെന്നോ വ്യക്തമായിട്ടില്ലെങ്കിലും വലിയ തോതിലുള്ള നാശ നഷ്ടം പാക്കിസ്ഥാന് ഉണ്ടായിട്ടുണ്ടാവാമെന്നാണ് കണക്കാക്കുന്നത്.

സായുധധാരികളായ നുഴഞ്ഞുകയറ്റക്കാർക്ക് എല്ലാസഹായവും നൽകുകയാണ് പാക്ക് പട്ടാളം. നിയന്ത്രണരേഖയോടു ചേർന്ന പാക്ക് പോസ്റ്റുകൾ നുഴഞ്ഞുകയറ്റക്കാരുടെ കേന്ദ്രമാണ്. തിരിച്ചടിക്കു സാധിക്കാത്തവിധം ഗ്രാമീണരെ മറയാക്കിയാണ് നുഴഞ്ഞുകയറ്റക്കാർ ഇന്ത്യയിലേക്കു കടക്കുന്നത്. എന്നാൽ ഇന്ത്യൻ സേന ഇപ്പോൾ നിയന്ത്രണരേഖയിൽ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണെന്നു മേജർ ജനറൽ അശോക് നാരുല പറഞ്ഞു. ഭീകരവാദികളായ നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തിയാണ് ഇന്ത്യ ആക്രമിച്ചത്. കശ്മീരിലെ യുവാക്കളെ ഭീകരരുടെ സ്വാധീനത്തിൽനിന്നു മോചിപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഇന്ത്യൻ സൈന്യം വിശദമാക്കി.

പതിവ് വെടിവയ്‌പോ ഷെല്ലാക്രമണമോ അല്ല കടുത്ത ശിക്ഷയാണ് പാക്കിസ്ഥാന് നൽകിയതെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകളും ചെറിയ തമ്പുകളും കൃത്യമായി ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയിരിക്കുന്നത്. ബങ്കറുകൾ തകർക്കാനുള്ള തോക്കുകയും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ചാണ് ആക്രമണം. ഈ നീക്കം തകർക്കുന്നതിന് വേണ്ടിയാണ് പാക് സൈനിക പോസ്റ്റുകൾ തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തത്.

മെയ്‌ 21ന് നൗഗാം സെക്ടറിലെ നുഴഞ്ഞുകയറ്റശ്രമം ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. നാലു തീവ്രവാദികളെ വധിക്കുകയും ചെയ്തു. പോരാട്ടത്തിൽ രണ്ടു ജവാന്മാർ വീരമൃത്യു വരിച്ചു. കുറച്ചു ദിവസങ്ങളായി അതിർത്തിയിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. പാക്ക് സൈന്യം കഴിഞ്ഞദിവസം ഇന്ത്യയിലെ അതിർത്തി ഗ്രാമങ്ങൾക്കുനേരെ ശക്തമായ വെടിവയ്പ് നടത്തിയിരുന്നു.

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം രൂക്ഷമായപ്പോൾ കഴിഞ്ഞ വർഷം സെപ്തംപറിൽ പാക്കിസ്ഥാൻ അതിർത്തി കടന്ന് ഇന്ത്യൻ സേന നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന് ശേഷം ആദ്യമായാണ് ഇത്തരമൊരു തിരിച്ചടി നൽകുന്നത്. അന്ന് നിയന്ത്രണ രേഖ കടന്ന ഇന്ത്യൻ സേന പാക്കിസ്ഥാൻ ബങ്കറുകളും ഭീകര താവളങ്ങളും തകർക്കുകയും സുരക്ഷിതരായി തിരിച്ചെത്തുകയും ചെയ്തിരുന്നു.