- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച് പാക് ഭീകരർ; ബിഎസ്എഫ് നടത്തിയ വെടിവെയ്പ്പിൽ അഞ്ച് ഭീകരരും കൊല്ലപ്പെട്ടു; പഞ്ചാബിൽ ഖേംകാരൻ സെക്ടറിലെ നുഴഞ്ഞു കയറ്റശ്രമത്തിന് തക്ക മറുപടി നൽകിയത് ഡൽഹിയിൽ ഐഎസ് ഭീകരൻ പിടിയിലായതിന് പിന്നാലെ
ന്യൂഡൽഹി: പഞ്ചാബ് അതിർത്തിയിൽ അഞ്ച് ഭീകരരെ സുരക്ഷാസേന കൊലപ്പെടുത്തി. ഇന്ന് പുലർച്ചെ അതിർത്തിവഴി ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച അഞ്ച് പാക് ഭീകരരെ ബിഎസ്എഫാണ് വധിച്ചത്. നിയന്ത്രണരേഖയിലെ ഖേംകാരൻ സെക്ടറിലാണ് സംഭവം.ശനിയാഴ്ച പുലർച്ചെയാണ് ഭീകരർ ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്നത് ബിഎസ്എഫിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സേന നടത്തിയ വെടിവെപ്പിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
അതേസമയം, ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നയാൾ ശനിയാഴ്ച വൈകിട്ട് ഡൽഹിയിൽ പിടിയിലായി. അബ്ദുൾ യൂസഫ് ഖാൻ എന്നയാളെയാണ് പിടികൂടിയത്. അതിരൂക്ഷമായ വെടിവെപ്പിന് ഒടുവിലാണ് ഡൽഹി ദൗലാ ഖാൻ ഏരിയയിൽ നിന്നും ഭീകരനെ പൊലീസ് പിടികൂടിയത്. ഉത്തർപ്രദേശ് സ്വദേശിയായ ഇയാൾ രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടാണ് എത്തിയത്. ഡൽഹി പോലീസിന്റെ സ്പെഷൽ സെല്ലാണ് ഇയാളെ പിടികൂടിയത്.
ഇയാളിൽ നിന്നും നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഇയാൾ യുപി സ്വദേശിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്.പൊലീസിന്റെ സാന്നിധ്യം മനസ്സിലായതോടെ ഇയാൾ വെടിയുതിർത്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ കീഴ്പ്പെടുത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പ്രമോദ് കുശ്വാഹ അറിയിച്ചു.
രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണം നടത്തുക, വിഐപികളെ വധിക്കുക തുടങ്ങിയ പദ്ധതികളുമായാണ് ഡൽഹിയിലെത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. ഐഎസ് ഭീകരനെ പിടികൂടിയ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. റിഡ്ജ് റോഡിൽ ദൗള ക്വാനും കരോൾ ബാഗിനും ഇടയിലുണ്ടായ വെടിവെയ്പ്പുമായി ബന്ധപ്പെട്ടാണ് ഇയാൾ അറസ്റ്റിലായതെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഐസിസ് ഭീകരനെ അറസ്റ്റ് ചെയ്ത റിഡ്ജ് റോഡ് പ്രദേശത്തെ ബുദ്ധ ജയന്തി പാർക്കിന് സമീപം സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. അവർ ഇപ്പോൾ ബോംബ് നിർവീര്യമാക്കുകയാണ്. ഭീകരനെ ഇപ്പോൾ ലോധി കോളനിയിലെ പൊലീസ് സ്പെഷ്യൽ സെൽ ഓഫീസിലേക്ക് കൊണ്ടുവന്നു. ഏറ്റുമുട്ടൽ നടന്ന പ്രദേശം മുഴുവൻദേശീയ സുരക്ഷാ ഗാർഡിൽ നിന്നുള്ള കമാൻഡോകളും സ്നിഫർ നായ്ക്കളും പരിശോധന നടത്തുകയാണ്.
ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ബംഗളൂരുവിൽ ഒരു ഡോക്ടർ അറസ്റ്റിലായിരുന്നു. എംഎസ് രാമയ്യ മെഡിക്കൽ കോളജിലെ നേത്രരോഗ വിദഗ്ദൻ റഹ്മാൻ ആണ് പിടിയിലായത്. എൻഐഎ ആണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
മറുനാടന് ഡെസ്ക്