- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്ത് മന്ത്രിമാരെ തീരുമാനിച്ചു; ആദ്യ പട്ടികയിൽ മൂന്ന് വനിതകൾ; പഞ്ചാബിൽ ബുധനാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യുക ഭഗവന്ത് മൻ മാത്രം; സുവർണക്ഷേത്രം സന്ദർശിച്ച് മന്നും കെജ്രിവാളും
അമൃത്സർ: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ 92 സീറ്റുമായി അധികാരം ഉറപ്പിച്ചതിന് പിന്നാലെ സർക്കാർ രൂപീകരണത്തിനൊരുങ്ങി ആം ആദ്മി പാർട്ടി. മുഖ്യമന്ത്രി ഭഗവന്ത് മൻ ഉൾപ്പെടെ പതിനേഴംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. ഇതിൽ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുക ഭഗവന്ത് മൻ മാത്രംമാകും. സ്വാതന്ത്ര്യസമര പോരാളി ഭഗത് സിങ്ങിന്റെ ജന്മസ്ഥലമായ ഖത്കർ കലനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
പതിനാറ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. പഞ്ചാബ് മന്ത്രിസഭയിലെ പത്ത് മന്ത്രിമാരുടെ പേരുകളിൽ തീരുമാനമായിട്ടുണ്ട്. ഹർപാൽ സിങ് ചീമ, അമൻ അറോറ, മേത്ത് ഹയർ, ജീവൻ ജ്യോത് കൗർ, കുൽതാർ സന്ദ്വാൻ, ഛരൺജിത്ത്, കുൽവന്ദ് സിങ്ങ്, അന്മോൾ ഗഗൻ മാൻ, സർവ്ജിത്ത് കൗർ, ബാൽജിന്ദർ കൗർ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. മൂന്ന് വനിതകൾ ആദ്യ പട്ടികയിലുണ്ട്. പഞ്ചാബ് തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയതിന്റെ ഭാഗമായുള്ള എ എ പി യുടെ വിജയറാലി അമൃത്സറിൽ നടക്കുകയാണ്. ആഘോഷ പരിപാടികൾക്കായി പഞ്ചാബിലെത്തിയ അരവിന്ദ് കെജ്രിവൾ ഭഗവന്ത് മന്നിനൊപ്പം റാലിയിൽ പങ്കെടുക്കുന്നുണ്ട്.
സമൂഹത്തിലെ സമസ്ത മേഖലകളിൽപ്പെട്ടവരുടെ പ്രാതിനിധ്യം കൊണ്ട് സമ്പന്നമാണ് പഞ്ചാബിലെ ആംആദ്മി പാർട്ടിയുടെ എംഎൽഎ സംഘം. പഞ്ചാബിലെ ആപ്പ് തരംഗത്തിൽ ജയിച്ച് കയറിയത് 92 പേരാണ്. ഇതിൽ 82 പേർ പുതുമുഖങ്ങൾ, 11 വനിതകൾ. എംഎൽമാരിൽ 25 പേരിലധികം കർഷകരാണ്, 12 പേർ ഡോക്ടർമാർ, രണ്ട് ഗായകർ, 5 അഭിഭാഷകർ, വിവരാവകാശ പ്രവർത്തകർ മുൻ പൊലീസ് ഉദ്യോഗസ്ഥർ ഇങ്ങനെ നീളുന്നു പട്ടിക.
ഡോക്ടർമാരിൽ മിന്നും വിജയം നേടിയത് മോഗയിൽ നിന്ന് ജയിച്ചു കയറിയ അമൻദീപ് കൗറാണ്. നടൻ സോനു സൂദിന്റെ സഹോദരി മാളവിക സൂദിനെയാണ് കൗർ പരാജയപ്പെടുത്തിയത്. വാഗ്ദാനങ്ങൾ പാലിക്കുമെന്ന് അമൻദീപ് കൗർ പറഞ്ഞു. രാജ്യത്തെ നിയമസഭയിൽ തന്നെ കൂടുതൽ ഡോക്ടർമാരുള്ളത് ഇപ്പോൾ പഞ്ചാബ് നിയമസഭയിലാണ്. കൂട്ടത്തിൽ ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരാണ് അമാൻദീപ് കൗറിന്റേത്. ഈ വൈവിധ്യം മന്ത്രിസഭയിലുമെത്തുമ്പോൾ ഭരണ നൈപുണ്യത്തിന്റെ പുതു ചരിത്രമാകും പഞ്ചാബിൽ ആംആദ്മി രചിക്കുക.
ചരൺജിത് സിങ് ചന്നി, നവ്ജ്യോത് സിങ് സിദ്ദു തുടങ്ങി പ്രമുഖ നേതാക്കളെ പരാജയപ്പെടുത്തിയവരെല്ലാം മന്ത്രിസഭയിൽ ഇടം പിടിച്ചേക്കും. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ഭവന്ത് മന്നും അരവിന്ദ് കേജ്രിവാളും സുവർണ ക്ഷേത്രം സന്ദർശിച്ചു. വോട്ടർമാർക്ക് നന്ദി അറിയിച്ച് അമൃത്സറിൽ റോഡ് ഷോയും നടത്തി.
ദേശീയ പാർട്ടിയായി ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന എഎപി ഡൽഹിക്ക് പുറമേ അധികാരം പിടിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്. കോൺഗ്രസിനെ തകർത്തെറിഞ്ഞ് 117 അംഗ നിയമസഭയിൽ 92 സീറ്റും നേടി മിന്നും ജയത്തോടെയാണ് എഎപി അധികാരത്തിലേറുന്നത്. വൻ വിജയത്തിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്ച ഭഗവന്ത് മൻ ഡൽഹിയിലെ വസതിയിലെത്തി അരവിന്ദ് കെജ്രിവാളിനെ കണ്ടിരുന്നു.
ഇന്നലെ വൈകിട്ട് ചണ്ഡീഗഢിൽ ചേർന്ന ആംആദ്മി പാർട്ടി നിയമസഭാ കക്ഷിയോഗം ഭഗവന്ത് സിങ് മാനെ നേതാവായി തിരഞ്ഞെടുത്തു.മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി ഇന്നലെ ഗവർണറെ കണ്ട് രാജി സമർപ്പിച്ചു. ജനവിധി മാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ജനങ്ങൾ മാറ്റത്തിനായി വോട്ടു ചെയ്തുവെന്ന് പി.സി.സി അദ്ധ്യക്ഷൻ നവ്ജോത് സിങ് സിദ്ദുവും പറഞ്ഞു.
അതേസമയം ബിജെപി ജയിച്ച ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിൽ പുതിയ സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ബിജെപി കേന്ദ്ര നേതൃത്വം കൈക്കൊള്ളും. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
തുടർന്നാകും സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിക്കുക.ഗോവയിൽ 20 സീറ്റ് നേടിയ ബിജെപിക്ക് രണ്ട് അംഗങ്ങളുള്ള മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടിയും മൂന്ന് സ്വതന്ത്രരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് 21 സീറ്റാണ് വേണ്ടത്. സത്യപ്രതിജ്ഞാ തിയതി കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. പഴയ മന്ത്രിസഭയുടെ അവസാന യോഗം ഇന്നലെ ചേർന്നിരുന്നു.
മണിപ്പൂരിൽ മുഖ്യമന്ത്രി എൻ. ബിരേൻസിങ് തന്നെ പുതിയ സർക്കാരിനെയും നയിക്കും. മാർച്ച് 19നാണ് നിലവിലുള്ള അസംബ്‌ളിയുടെ കാലാവധി അവസാനിക്കുന്നത്. അതിനുള്ളിൽ സത്യപ്രതിജ്ഞ നടന്നേക്കും.32 സീറ്റിൽ ജയിച്ചതിനാൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ബിജെപി. എൻ.പി.എഫിനെയും ചില സ്വതന്ത്രരെയും മന്ത്രിസഭയിലെടുത്തേക്കുമെന്ന് ബിരേൻസിങ് സൂചിപ്പിച്ചു. എന്നാൽ പഴയ പങ്കാളി എൻ.പി.പിയെ ഇക്കുറി പരിഗണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഗവർണറെ കണ്ട് ബിരേൻസിങ് രാജി സമർപ്പിച്ചിരുന്നു. പുതിയ സർക്കാർ വരുന്നതുവരെ പദവിയിൽ തുടരാൻ ഗവർണർ അഭ്യർത്ഥിച്ചു.ഉത്തരാഖണ്ഡിൽ കേവല ഭൂരിപക്ഷം നേടി ജയിച്ചെങ്കിലും മുഖ്യമന്ത്രി പുഷ്‌കർധാമിയുടെ തോൽവി ബിജെപിക്ക് ക്ഷീണമായിട്ടുണ്ട്. ധാമി തന്നെ പുതിയ സർക്കാരിനെ നയിക്കുമോ എന്നത് ഉടനറിയാം. അതുകഴിഞ്ഞാകും സത്യപ്രതിജ്ഞാ തിയതി പ്രഖ്യാപിക്കുക.




