- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർക്കശമാക്കി പഞ്ചാബ്; നൈറ്റ് കർഫ്യൂ ഏർപ്പെടുത്തി; രാഷ്ട്രീയ യോഗങ്ങൾക്ക് നിരോധനം; വിവാഹത്തിന് 50ലധികം പേർ പങ്കെടുക്കരുത്
ചണ്ഡീഗഡ്: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർക്കശമായി പഞ്ചാബ് സർക്കാറും. ഡൽഹിക്കും മഹാരാഷ്ട്രയ്ക്കും പിന്നാലെ പഞ്ചാബിലും നൈറ്റ് കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 9 മണി മുതൽ രാവിലെ അഞ്ചുമണി വരെയാണ് നൈറ്റ് കർഫ്യൂ. ഏപ്രിൽ 30 വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചത്.
മഹാരാഷ്ട്ര, ഡൽഹി എന്നി സംസ്ഥാനങ്ങൾക്ക് പുറമേ പഞ്ചാബും രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലാണ്. അടുത്തിടെ പഞ്ചാബിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ ഭൂരിഭാഗവും ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബാധിതരാണ് എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
നൈറ്റ് കർഫ്യൂവിന് പുറമേ മറ്റു ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആൾക്കൂട്ടം ഒഴിവാക്കുന്നതിനാണ് ക്രമീകരണം. ആൾക്കൂട്ടത്തിന് ഇടയാക്കുന്ന രാഷ്ട്രീയ യോഗങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയ്ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചു. ഇൻഡോർ പരിപാടികൾക്ക് 50ൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല. തുറസായ സ്ഥലത്ത് നടക്കുന്ന പരിപാടികളിൽ നൂറ് പേർക്ക് വരെ പങ്കെടുക്കാം.
മാസ്ക് പരിശോധന കൂടുതൽ കാര്യക്ഷമമാക്കും. സർക്കാർ ഓഫീസുകളിൽ എത്തുന്ന എല്ലാ ജീവനക്കാരും മാസ്ക് നിർബന്ധമായി ധരിക്കണം. സംസ്ഥാനത്തെ 12 ജില്ലകളിൽ നൈറ്റ് കർഫ്യു ഏർപ്പെടുത്തിയിരുന്നു. ഇതാണ് സംസ്ഥാനമൊട്ടാകെ നീട്ടിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരുന്നു. ഇത്തരം നിയന്ത്രണങ്ങളും ഏപ്രിൽ 30 വരെ തുടരുമെന്ന് ഉത്തരവിൽ പറയുന്നു.