പഞ്ചാബ്: തദ്ദേശഭരണതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻവിജയം. ജില്ലാ പരിഷദ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കുതിച്ചപ്പോൾ ബിജെപി കിതയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. ഒടുവിലത്തെ ഫലം പുറത്തുവരുമ്പോൾ 354 സീറ്റിൽ 331ഉം കോൺഗ്രസിനാണ്. ശിരോമണി അകാലിദൾ 18 സീറ്റുകൾ നേടി നില മെച്ചപ്പെടുത്തിയപ്പോൾ ബിജെപിക്ക് രണ്ടു സീറ്റിൽ ഒതുങ്ങേണ്ടിവന്നു. ആംആദ്മിക്ക് ഒരു സീറ്റും കിട്ടിയുമില്ല. ഇതോടെ ബിജെപിയുടെയും ആം ആദ്മിയുടെയും നില പരുങ്ങലിലായി.

150 പഞ്ചായത്ത് സമിതികളിൽ 147 ലും കോൺഗ്രസിനാണ് ഭൂരിപക്ഷം. 2,899 സോണുകളിൽ, കോൺഗ്രസിന്റെ 2,351 സ്ഥാനാർത്ഥികൾ ജയിച്ചുകയറി. ശിരോമണി അകാലിദൾ-353, ബിജെപി-63, എഎപി-20, സിപിഐ-1, ശിരോമണി അകാലിദൾ-2, സിപിഎം-2 മറ്റുള്ളവർ-107

മുഖ്യമന്ത്രി അമരീന്ദർ സിങ് കോൺഗ്രസിന്റെ വൻ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു. ജനങ്ങൾ കോൺഗ്രസിൽ വിശ്വാസമർപ്പിച്ചികിക്കുകയാണെന്നും അവരുടെ പൂർണപിന്തുണ പാർട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്‌തെന്ന പ്രതിപക്ഷ ആരോപണം അദ്ദേഹം തള്ളി. തോൽക്കുമ്പോൾ ഇതല്ലാതെ മറ്റെന്താണ് അവർ പറയുക. അവരുടെ ജനപ്രീതി നഷ്ടമായെന്ന് അവർക്ക് പറയാനാവില്ലല്ലോ..അമരീന്ദർ സിങ് പരിഹസിച്ചു.

സർക്കാരിന്റെ വികസനാധിഷ്ഠിത നയങ്ങൾക്കുള്ള ജനസമ്മതിയാണ് തിരഞ്ഞെടുപ്പ് ജയമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.ശിരോമണി അകാലിദളിന്റെയും മറ്റുപ്രതിപക്ഷ പാർട്ടികളുടെയും വിഭാഗീയ രാഷ്ട്രീയം ജനം തള്ളിക്കളഞ്ഞുവെന്നാണ് അവരുടെ വൻപരാജയം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

10 വർഷത്തിന് ശേഷമാണ് ശിരോമണി അകാലിദൾ-ബിജെപി സഖ്യം ഇത്രയും വലിയ പരാജയം ഏറ്റുവാങ്ങുന്നത്. സെപ്റ്റംബർ 19 നാണ് തിരഞ്ഞെടുപ്പ് നടന്നത്. അതേസമയം ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തും എതിരാളികളെ ഭീഷണിപ്പെടുത്തിയുമാണ് കോൺഗ്രസ് ജയിച്ചുകയറിയതെന്ന് ശിരോമണി അകാലിദളും, എഎപിയും ആരോപിച്ചു. ഇതു പ്രതിപക്ഷത്തിന്റെ പരാജയമല്ല, മറിച്ച് ജനാധിപത്യത്തിന്റെ തോൽവിയാണെന്നാണ് എഎപി നേതാക്കൾ പ്രതികരിച്ചത്.