ചണ്ഡിഗഡ് : കോൺഗ്രസ് അധ്യക്ഷനായി അധികാരമേറ്റ രാഹുൽ ഗാന്ധിക്ക് പഞ്ചാബിൽ നിന്നുള്ള തെരഞ്ഞെടുപ്പ് ഫലം ആശ്വാസമാകുന്നു. പഞ്ചാബിൽ മൂന്നു മുനിസിപ്പൽ കോർപറേഷനുകളിലേക്കും 29 മുനിസിപ്പൽ കൗൺസിലുകളിലേക്കും നഗരപഞ്ചായത്തുകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വന്മുന്നേറ്റം. ആംആദ്മി പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടായി. ലക്ഷദ്വീപിലെ ജില്ലാ പഞ്ചായത്തിലും കോൺഗ്രസിന് മുന്നേറാനായി. ഇവിടെ കോൺഗ്രസ് അധികാരം പിടിച്ചെടുത്തു. ഗുജറാത്തിലെ വോട്ടെടുപ്പിന് മുമ്പ് രാഹുലിന് വലിയ പ്രതീക്ഷയാണ് ഈ ഫലം

അമൃത്സർ മുനിസിപ്പൽ കോർപറേഷനിൽ 85 വാർഡുകളിൽ 69 എണ്ണം കോൺഗ്രസ് നേടി. ജലന്തറിൽ 80ൽ 66, പട്യാലയിൽ 60ൽ 56 എന്നിങ്ങനെയും കോൺഗ്രസ് സ്വന്തമാക്കി. ശിരോമണി അകാലിദൾ ബിജെപി സഖ്യവും എഎപിയുമായിരുന്നു മുഖ്യ എതിരാളികൾ. എന്നാൽ എഎപിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാനായില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തി ഒൻപതുമാസത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിലും മികച്ച ജയം സമ്മാനിച്ച ജനങ്ങൾക്കു മുഖ്യമന്ത്രി അമരീന്ദർ സിങ് നന്ദി അറിയിച്ചു. കോൺഗ്രസിന്റെ പുതിയ അധ്യക്ഷനുള്ള പഞ്ചാബിന്റെ സമ്മാനമാണു ജയമെന്നു മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദു പറഞ്ഞു.

ലക്ഷദ്വീപിൽ ജില്ലാ പഞ്ചായത്ത് ഭരണം എൻസിപിയിൽനിന്നു കോൺഗ്രസ് തിരിച്ചുപിടിക്കുകയായിരുന്നു. 10 ദ്വീപുകളിലെ 88 വില്ലേജ് ദ്വീപ് പഞ്ചായത്തുകളിലേക്കു (വിഡിപി) നടന്ന തിരഞ്ഞെടുപ്പിൽ ആറു ദ്വീപുകൾ കോൺഗ്രസിനു ലഭിച്ചു. മൂന്നിടത്ത് എൻസിപി. കവരത്തിയിൽ ആറു സീറ്റ് വീതം നേടി ഇരുവരും തുല്യരായി. വോട്ടർമാരുള്ള 10 ദ്വീപുകളാണു ലക്ഷദ്വീപിലുള്ളത്. 26 വാർഡ് പ്രതിനിധികളും 10 ദ്വീപ് അധ്യക്ഷരും ഉൾപ്പെടെ 36 സീറ്റാണു ജില്ലാ പഞ്ചായത്തിലുള്ളത്. ജില്ലാ പഞ്ചായത്തിലെ 26 വാർഡുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 14 വാർഡുകൾ കോൺഗ്രസ് സ്വന്തമാക്കി. എൻസിപിക്കു 10 വാർഡ് ലഭിച്ചു. വില്ലേജ് ദ്വീപ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആറു ദ്വീപുകളിൽ വിജയിച്ചതോടെ ദ്വീപുകളിലെ പഞ്ചായത്ത് അധ്യക്ഷ സ്ഥാനങ്ങളിൽ ആറെണ്ണവും കോൺഗ്രസിനു ലഭിച്ചു. കവരത്തിയിൽ കോൺഗ്രസും എൻസിപിയും തുല്യരായതിനാൽ ഇവിടത്തെ അധ്യക്ഷനെ നറുക്കെടുപ്പിലൂടെ ഇന്നു തീരുമാനിക്കും.

കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വിജയം കോൺഗ്രസിനായിരുന്നെങ്കിലും രണ്ടു കോൺഗ്രസ് പ്രതിനിധികൾ മറുകണ്ടം ചാടിയതോടെ അവിശ്വാസ പ്രമേയത്തിലൂടെ എട്ടു മാസം മുൻപ് എൻസിപി ഭരണം പിടിച്ചിരുന്നു. നിലവിലെ ചീഫ് കൗൺസിലർ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) എൻസിപിയുടെ എ. കുഞ്ഞിക്കോയ തങ്ങൾ കവരത്തിയിലെ നാലാം വാർഡിൽനിന്നു മൽസരിച്ചു പരാജയപ്പെട്ടു. രണ്ടു വൈസ് ചീഫ് കൗൺസിലർമാർ ഇക്കുറി മൽസരത്തിനിറങ്ങിയിരുന്നില്ല. ബിജെപി, സിപിഎം, സിപിഐ, ജെഡിയു എന്നീ പാർട്ടികളും മൽസരരംഗത്തുണ്ടായിരുന്നെങ്കിലും എവിടെയും നിർണായകമായില്ല. കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിൽ അഡ്‌മിനിസ്‌ട്രേറ്റർ ഭരണമാണെങ്കിലും ഫിഷറീസ്, മൃഗസംരക്ഷണം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ പ്രധാന വകുപ്പുകൾ ജില്ലാ പഞ്ചായത്താണു കൈകാര്യം ചെയ്യുന്നത്.

ലക്ഷദ്വീപുകളിലെ കക്ഷിനില (ജില്ലാ പഞ്ചായത്ത് വാർഡ്):

ബിത്ര: കോൺഗ്രസ്- ഒന്ന്, എൻസിപി- പൂജ്യം
ചെത്ലക്: കോൺഗ്രസ്- ഒന്ന്, എൻസിപി- പൂജ്യം
അമേനി: കോൺഗ്രസ്- ഒന്ന്, എൻസിപി- രണ്ട്
ആന്ത്രോത്ത്: കോൺഗ്രസ്- മൂന്ന്, എൻസിപി- ഒന്ന്
അഗത്തി: കോൺഗ്രസ്- മൂന്ന്, എൻസിപി- പൂജ്യം
കട്മത്ത്: കോൺഗ്രസ്- ഒന്ന്, എൻസിപി- ഒന്ന്
കൽപേനി: കോൺഗ്രസ്- പൂജ്യം, എൻസിപി- രണ്ട്
മിനിക്കോയ്: കോൺഗ്രസ്- രണ്ട്, എൻസിപി- രണ്ട്
കിൽത്താൻ: കോൺഗ്രസ്- പൂജ്യം, എൻസിപി- രണ്ട്
കവരത്തി: കോൺഗ്രസ്- രണ്ട്, എൻസിപി- രണ്ട്

ദ്വീപുകളിലെ കക്ഷിനില (വില്ലേജ് ദ്വീപ് പഞ്ചായത്ത് വാർഡ്):

ബിത്ര: കോൺഗ്രസ്- മൂന്ന്, എൻസിപി- പൂജ്യം
ചെത്ലക്: കോൺഗ്രസ്- നാല്, എൻസിപി- രണ്ട്
അമേനി: കോൺഗ്രസ്- നാല്, എൻസിപി- ആറ്
ആന്ത്രോത്ത്: കോൺഗ്രസ്- 10, എൻസിപി- രണ്ട്
അഗത്തി: കോൺഗ്രസ്- ഏഴ്, എൻസിപി- മൂന്ന്
കട്മത്ത്: കോൺഗ്രസ്- അഞ്ച്, എൻസിപി- മൂന്ന്
കൽപേനി: കോൺഗ്രസ്- പൂജ്യം, എൻസിപി- എട്ട്
മിനിക്കോയ്: കോൺഗ്രസ്- ആറ്, എൻസിപി- മൂന്ന്, മറ്റുള്ളവർ- രണ്ട്
കിൽത്താൻ: കോൺഗ്രസ്- മൂന്ന്, എൻസിപി- അഞ്ച്
കവരത്തി: കോൺഗ്രസ്- ആറ്, എൻസിപി- ആറ്‌