- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിക്കറ്റിലും രാഷ്ട്രീയത്തിലും യുടേണുകളുടെ മാസ്റ്റർ; ക്യാപ്റ്റനെ ഒതുക്കാൻ പഞ്ചാബിലേക്ക് അയച്ചപ്പോൾ കോൺഗ്രസ് റൺ ഒട്ടായി; സൂപ്പർ മുഖ്യമന്ത്രി ആകാനുള്ള ശ്രമം പാളിയതോടെ ഛന്നിയോടും പൊരിഞ്ഞ പോര്; ഉൾപാർട്ടി പോരും നേതാക്കളുടെ ഊതി വീർപ്പിച്ച ഈഗോയും പാരയായപ്പോൾ പഞ്ചാബികൾ തീരുമാനിച്ചു മതി അഹങ്കാരം
ന്യൂഡൽഹി: 117 അംഗ പഞ്ചാബ് നിയമസഭയിൽ വെറും 17 സീറ്റുമായി കോൺഗ്രസ് ബഹുദൂരം പിന്നിൽ. ആം ആദ്മി പാർട്ടിയെ അഭിനന്ദിക്കാൻ ഏതായാലും നവ് ജ്യോത് സിങ്
സിദ്ദു എന്ന ക്രിക്കറ്റർ ടേൺഡ് പൊളിറ്റീഷ്യൻ മറന്നില്ല. ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്. പഞ്ചാബി ജനവിധി അംഗീകരിക്കുന്നു, ഇതാണ് സിദ്ദുവിന്റെ ട്വീറ്റ്.
മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ചരൺജിത്ത് സിങ് ഛന്നി മത്സരിച്ച രണ്ടുസീറ്റിലും തോറ്റു. അമൃത്സർ ഈസ്റ്റിൽ സിദ്ദുവും പിന്നിലാണ്. ആംആദ്മി പഞ്ചാബ് തൂത്തുവാരിയതാണ്, ഒരുപക്ഷേ അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിഗ് സ്റ്റോറി. കോൺഗ്രസിനാകട്ടെ കൈയിലുള്ള ഒരുസംസ്ഥാനം തമ്മിലടി മൂലം നഷ്ടപ്പെട്ടത് ഓർത്ത് ദു;ഖിക്കാൻ ഉള്ള സമയവും. അത് ഉൾപാർട്ടി പോരും, ബലൂൺ പോലെ വീർപ്പിച്ച ഈഗോയും എല്ലാം ചേർന്ന് പണി പറ്റിച്ചു. ഹൈക്കമാൻഡിനും, സിദ്ദുവിനും എല്ലാം മാറി മാറി ഈ പാപഭാരം ഏറ്റെടുക്കാം.
സിദ്ദുവിന്റെ മുഖ്യമന്ത്രി മോഹം
കോൺഗ്രസിൽ നേരത്തെ ഉയർന്ന അടക്കം പറച്ചിലുകൾ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം. സിദ്ദുവിന്റെ മുഖ്യമന്ത്രി മോഹമാണ് എല്ലാറ്റിനും കാരണമെന്ന് ചില നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും പറയുന്നു. ആദ്യം ക്യാപ്റ്റനെ, അമരീന്ദർ സിങ്ങിനെ ഹൈക്കമാൻഡ് പിന്തുണയോടെ പുകച്ചുപുറത്തുചാടിച്ചു. പിന്നീട് ഛന്നിക്ക് എതിരെയായി പട. അമരീന്ദർ പോയതോടെ, തന്റെ ഭാഗ്യം തെളിഞ്ഞുവെന്ന് കരുതിയ സിദ്ദുവിനെ ഹൈക്കമാൻഡ് ഞെട്ടിച്ചു. ദളിത് വോട്ടുകൾ ലാക്കാക്കി, ചരൺജിത്ത് സിങ് ഛന്നിയെ മുഖ്യമന്ത്രിയാക്കി.
സിദ്ധു പാർട്ടിയേക്കാൾ മിടുക്കനാകാൻ നോക്കുന്നുവെന്ന സൂചന കിട്ടിയതോടെയാണ് രാഹുൽ തന്നെ മുന്നിട്ടിറങ്ങി ഛന്നിയെ ഇറക്കിയത്. 32 ശതമാനം ദളിത് വോട്ടുകൾ നേടാനുള്ള നീക്കം അമ്പേ പാളിയിരിക്കുകയാണ്. അമരീന്ദർ പോയിട്ടും സിദ്ദു അടങ്ങിയിരുന്നില്ല. അഡ്വക്കറ്റ് ജനറൽ എ.പി.എസ്. ഡിയോളിന്റെ രാജി വിഷയത്തിൽ ഛന്നിയും സിദ്ദുവും ഉഗ്രൻ പോരായി. ഇതോടെ കാര്യങ്ങൾ വഷളായെന്ന് ഹൈക്കമാൻഡിന് ബോധ്യമായി. അമൃത്സർ ഈസ്റ്റിൽ മത്സരത്തിനിറങ്ങിയ സിദ്ദു, തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന് മോഹിച്ചെങ്കിലും ഹൈക്കമാൻഡ് അതിനും തടയിട്ടു. രാഹുൽ നേരിട്ടെത്തിയാണ് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. രണ്ടു മണ്ഡലങ്ങളിൽ ഛന്നി ജനവിധി തേടിയതും ശ്രദ്ധേയമായി. ഹൈക്കമാൻഡ് തീരുമാനം സിദ്ദു അംഗീകരിച്ചതോടെ പ്രശ്‌നങ്ങൾ അവസാനിക്കുമെന്നു എല്ലാവരും കരുതി. എന്നാൽ, ഒരുമയവുമില്ലാതെ, ഛന്നിക്കെതിരെ സിദ്ദു ആരോപണ ശരങ്ങൾ എയ്തു. അമരീന്ദർ പാർട്ടി ഉണ്ടാക്കി ബിജെപിക്ക് ഒപ്പം കൂടിയതോടെ, ജാട്ട്-സിഖ് വോട്ടുകളും വഴിമാറി.
സൂപ്പർ മുഖ്യമന്ത്രി ആകാനുള്ള ശ്രമവും പാളി
ചരൺജിത് സിങ് ചന്നിയുടെ നേതൃത്വത്തിൽ അധികാരമേറ്റ മന്ത്രിസഭയിലെ അംഗങ്ങൾക്ക് വകുപ്പുകൾ അനുവദിച്ചതിന് പിന്നാലെയാണ് ഹൈക്കമാൻഡിനെപ്പോലും അമ്പരപ്പിച്ചുകൊണ്ട് സിദ്ദു പാർട്ടി അധ്യക്ഷസ്ഥാനം രാജിവച്ചത്. സിദ്ദുവിനു പിന്നാലെ മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രി റസിയ സുൽത്താനയും രാജിവെച്ചിരുന്നു.
അമരിന്ദർ സിങ്ങിനെ മാറ്റി ചരൺജിത് സിങ് ഛന്നിയെ മുഖ്യമന്ത്രിയാക്കിയപ്പോൾ, പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു 'സൂപ്പർ മുഖ്യമന്ത്രി'യാകാൻ ശ്രമിക്കുമെന്നും അതനുവദിക്കരുതെന്നും പലരും നേതൃത്വത്തിനു മുന്നറിയിപ്പു നൽകിയിരുന്നു. ഛന്നിയെ മുഖ്യമന്ത്രിയാക്കിയതുതന്നെ സിദ്ദു പൂർണമനസ്സോടെയല്ല സ്വീകരിച്ചത്. ഛന്നി ഇരിപ്പുറപ്പിച്ചാൽ തിരഞ്ഞെടുപ്പിൽ താൻ അവഗണിക്കപ്പെടാമെന്ന ആശങ്ക സിദ്ദുവിനുണ്ടായിരുന്നു. മന്ത്രിസഭയിൽ തന്റെ പക്ഷത്തുനിന്നു കാര്യമായ പ്രാതിനിധ്യം ലഭിക്കാത്തതിൽ അതൃപ്തി വ്യക്തമാക്കി. സുഖ്ജീന്ദർ സിങ് രൺധാവയ്ക്ക് ആഭ്യന്തര വകുപ്പു നൽകുന്നതിനെ എതിർത്തു; എതിർപ്പ് അവഗണിക്കപ്പെട്ടു.സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ഛന്നിയാണെങ്കിലും തീരുമാനങ്ങളെടുക്കുക താനായിരിക്കുമെന്ന സിദ്ദുവിന്റെ പ്രതീക്ഷ തുടക്കത്തിലേ തെറ്റി.
അമരീന്ദറിനെ പുകച്ചുപുറത്ത് ചാടിച്ചു
മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ രാജിയിലേക്ക് നയിച്ചത് സിദ്ദുവിന്റെ നീക്കങ്ങളാണ്. തുടർന്നാണ് ചന്നി മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് നാലുമാസം മാത്രം ബാക്കിനിൽക്കെ ആയിരുന്നു മാറ്റങ്ങൾ. അതിനിടെ, സ്ഥിരതയില്ലാത്ത ആളാണ് സിദ്ദുവെന്നും അതിർത്തിസംസ്ഥാനമായ പഞ്ചാബിന് അദ്ദേഹം തീരെ യോജിച്ചയാളല്ലെന്നും അമരീന്ദർസിങ് പ്രതികരിച്ചിരുന്നു. അമരീന്ദർ രാജി വെച്ചതിനുശേഷം ഡൽഹിയിലെത്തിയ ദിവസം തന്നെയാണ് സിദ്ദു രാജിക്കത്ത് കൈമാറിയത്. അമരീന്ദറിന്റെ എതിർപ്പ് അവഗണിച്ചുകൊണ്ടായിരുന്നു സിദ്ദുവിന്റെ നിയമനം.
തന്റെ പിൻഗാമിയായി സിദ്ധുവിനെ അംഗീകരിക്കില്ലെന്ന് അമരീന്ദർ നേരത്തെ വ്യക്തമാക്കിയിരുന്നു. 'രാജ്യത്തിന് വേണ്ടി ഞാൻ സിദ്ദുവിന്റെ പേരിനെ എതിർക്കും, ഇത് ദേശീയ സുരക്ഷയുടെ പ്രശ്നമാണ്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് അയാളുടെ സുഹൃത്ത്. പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ് വയുമായും അദ്ദേഹത്തിന് ബന്ധമുണ്ട്. സിദ്ദു കഴിവ്കെട്ട ആളാണ്. എന്റെ സർക്കാരിൽ പൂർണ പരാജയമായിരുന്നു. ഒരുവകുപ്പ് കൊടുത്തിട്ട് പോലും അത് കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല. ഏഴ് മാസത്തേക്ക് ഫയലുകൾ നോക്കിയില്ല', ക്യാപ്റ്റൻ കുറ്റപ്പെടുത്തിയിരുന്നു.
അമരിന്ദർ മന്ത്രിസഭയിൽ അംഗമായിരുന്ന സിദ്ദു, 2019 ജൂലൈയിലാണ് രാജിവച്ചത്. ജൂണിലെ മന്ത്രിസഭാ അഴിച്ചുപണിയിൽ സിദ്ദുവിൽ നിന്ന് പ്രധാനപ്പെട്ട തദ്ദേശ ഭരണ വകുപ്പ് എടുത്തുമാറ്റി പകരം വൈദ്യുതി, പാരമ്പര്യേതര ഊർജ വകുപ്പ് നൽകിയിരുന്നു. ഇതോടെ പുതിയ വകുപ്പുകൾ ഏറ്റെടുക്കാതെ സിദ്ദു രാജി സമർപ്പിക്കുകയായിരുന്നു. ഇതിനുശേഷമാണ് അമരിന്ദർ-സിദ്ദു 'ശീതയുദ്ധം' സജീവമായതും. പാർട്ടി വിടുമെന്ന സൂചന നൽകിയ സിദ്ദുവിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകി അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് നീക്കം നടത്തിയിരുന്നു. എന്നാൽ സിദ്ദു അതു നിരസിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് പിസിസി പ്രസിഡന്റ് സ്ഥാനം നൽകാൻ തീരുമാനിച്ചത്. ഇതിനെതിരെ അമരിന്ദർ ശക്തമായി രംഗത്തുവന്നു. ഹൈക്കമാൻഡ് നീക്കം സംസ്ഥാനത്ത് പാർട്ടിയുടെ പിളർപ്പിനു വഴിവയ്ക്കുമെന്ന മുന്നറിയിപ്പോടെ അമരിന്ദർ സോണിയയ്ക്ക് കത്തയക്കുകയും ചെയ്തു.
മുറിവേറ്റ് ക്യാപ്റ്റന്റെ പടിയിറക്കം
പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദർ സിങ് പടിയിറങ്ങിയത് തികച്ചും അപമാനിതനായാണ്. തന്റെ രോഷവും സങ്കടവും മടുപ്പും ക്യാപ്റ്റൻ വാർത്താസമ്മേളനത്തിൽ മറച്ചുവച്ചതുമില്ല. 'ഇത്തരത്തിലുള്ള അപമാനം ഇനി സഹിക്കാൻ വയ്യെന്ന് ഞാൻ സോണിയ ഗാന്ധിയോട് പറഞ്ഞു. ഇത്തരത്തിലുള്ള അപമാനം സഹിച്ച് പാർട്ടിയിൽ തുടരാൻ വയ്യ', അദ്ദേഹം തുറന്നടിച്ചു.
ഭൂരിപക്ഷം എംഎൽഎമാരും മാറ്റം ആവശ്യപ്പെട്ടതോടെ മാസങ്ങളായി തുടരുന്ന പ്രതിസന്ധി പൊട്ടിത്തെറിയിലേക്ക് എത്തി. ഇതോടെ, 79 കാരനായ അമരീന്ദർ പദവി ഒഴിയാൻ തീരുമാനിക്കുകയായിരുന്നു.
സിദ്ദുവിന്റെ വരവും പോക്കും
2004ലാണ് ബിജെപിയിലൂടെ സിദ്ദു രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം നടത്തുന്നത്. അമൃത്സറിൽ നിന്ന് മത്സരിച്ച് ജയിച്ച സിദ്ദു ഒരു കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ചു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലും 2009-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിലും അദ്ദേഹം അമൃത്സറിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014-ലും അമൃത്സറിൽ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന സിദ്ദുവിനെ അരുൺ ജെയ്റ്റ്ലിക്കായി ബിജെപി തഴഞ്ഞു. അമൃത്സറിൽ നിന്നല്ലാതെ ഒരിടത്തും മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച സിദ്ദു ബിജെപിയുടെ മറ്റു സീറ്റ് വാഗ്ദാനങ്ങൾ നിരസിച്ചു. സിദ്ദു പാർട്ടി വിട്ടേക്കുമെന്ന സൂചനകൾക്കിടെ 2016-ൽ ബിജെപി അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത് എംപിയാക്കി. കേന്ദ്ര മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സിദ്ദു മൂന്നു മാസങ്ങൾക്കുള്ളിൽ രാജിവെച്ചു.
തുടർന്ന് പുതിയ പാർട്ടി രൂപീകരിച്ച സിദ്ദു അധികം വൈകാതെ കോൺഗ്രസിൽ ചേർന്നു. 2017-ൽ പഞ്ചാബ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ അമൃത്സർ ഈസ്റ്റിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചു. ആ തിരഞ്ഞെടുപ്പിൽ പത്ത് വർഷത്തെ ഇടവേളക്ക് ശേഷം കോൺഗ്രസ് പഞ്ചാബിൽ അധികാരത്തിലെത്തി. ക്യാപ്റ്റൻ അമരീന്ദർ സിങിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചു. അമരീന്ദർ മന്ത്രിസഭയിൽ സിദ്ദുവിനേയും ഉൾപ്പെടുത്തി. ഉപമുഖ്യമന്ത്രിയാക്കുമെന്നായിരുന്നു സിദ്ദു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തനിക്ക് ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ അമരീന്ദർ സിദ്ദുവിനെ ഉപമുഖ്യമന്ത്രിയാക്കാൻ തയ്യാറായില്ല. തനിക്ക് നൽകിയ വകുപ്പിലും സിദ്ദുവിന് അതൃപ്തിയുണ്ടായിരുന്നു. സർക്കാർ രൂപീകരണം മുതൽ ആരംഭിച്ച സിദ്ദുവും അമരീന്ദറും തമ്മിലുള്ള വടംവലി രൂക്ഷമായി തന്നെ തുടർന്നു.
സിദ്ദുവിന്റെ പോക്കും കെജ്രിവാളിന്റെ വരവും
നവ്ജോത് സിങ് സിദ്ദു പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവച്ചതിന് തൊട്ടുടനെ ആയിരുന്നു കെജ്രിവാളിന്റെ പഞ്ചാബ് സന്ദർശനം. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ പരമാവധി മുതലെടുക്കാനായിരുന്നു ആം ആദ്മിയുടെ തീരുമാനം. 2017 നിയമസഭാ തെരഞ്ഞെടുപ്പിൽ 17 സീറ്റുകൾ നേടിയ ആം ആദ്മി പഞ്ചാബിലെ മുഖ്യപ്രതിപക്ഷവുമായിരുന്നു.
എഎപി ഫോൺ ഇൻ സർവേ വഴിയാണ് ഭഗവന്ത് സിങ് മാനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. അതിർത്തി സംസ്ഥാനമായ പഞ്ചാബിൽ, കെജ്‌രിവാൾ തീവ്രവാദികൾക്ക് ഒപ്പമാണെന്നും ഖലിസ്ഥാന് വേണ്ടി വാദിക്കുന്ന ആളാണെന്നും ഒക്കെ എതിരാളികൾ പ്രചരിപ്പിച്ചു. എഎപി അധികാരത്തിൽ വന്നാൽ, സംസ്ഥാനത്തിന്റെ സുരക്ഷ അപകടത്തിൽ ആകുമെന്നും പ്രചാരണം ഉണ്ടായി. എന്നാൽ, അതൊന്നും വോട്ടർമാർക്കിടയിൽ ഏശിയില്ല എന്നുവേണം കരുതാൻ.
മറുനാടന് മലയാളി ബ്യൂറോ