- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചലോ ഡൽഹി' മാർച്ചുമായി കർഷകർ നടത്തിയ പ്രതിഷേധത്തെ തടയാൻ ഹരിയാന അതിർത്തിയിൽ വൻ സന്നാഹങ്ങൾ; അടച്ചത്. ബാരിക്കേഡുകളും ജലപീരങ്കികളും ഉപയോഗിച്ച് വിപുലമായ സുരക്ഷ; അതിർത്തിയിൽ തമ്പടിച്ച് കർഷകരും പരിസ്ഥിതി പ്രവർത്തകരും; കർഷകറാലിയിൽ ഉത്തരേന്ത്യയിൽ ആളിപ്പടരുന്നു
ചണ്ഡീഗഡ്: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധം നടത്താനായി പഞ്ചാബിൽനിന്നുള്ള ആയിരക്കണക്കിനു കർഷകർ രാവിലെ ഹരിയാന അതിർത്തിയിൽ ഒത്തുകൂടി. എന്നാൽ ഹരിയാന സർക്കാർ അതിർത്തി അടച്ചിരിക്കുകയാണ്. കർഷകർ കുത്തിയിരിപ്പ് സമരം നടത്തുന്നു.
ചലോ ഡൽഹി' എന്നു പേരിട്ടിരിക്കുന്ന മാർച്ച് അഞ്ച് ദേശീയപാതകളിലൂടെ വ്യാഴാഴ്ച ഡൽഹിയിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ ഉത്തരവിനെത്തുടർന്നാണ് രണ്ടുദിവസത്തേക്ക് പഞ്ചാബുമായുള്ള അതിർത്തികൾ അടച്ചത്. ബാരിക്കേഡുകളും ജലപീരങ്കികളും ഉപയോഗിച്ച് വിപുലമായ സുരക്ഷ ഏർപ്പെടുത്തി.
വലിയ സമ്മേളനങ്ങൾ നിരോധിക്കുന്ന ഉത്തരവും പുറപ്പെടുവിച്ചു. രണ്ടു ദിവസത്തേക്ക് ഹരിയാനയിൽനിന്ന് പഞ്ചാബിലേക്കും തിരിച്ചുമുള്ള ബസ് സർവീസ് നിർത്തി. അടച്ചിട്ട റോഡുകളിൽനിന്ന് എല്ലാ വാഹനങ്ങളെയും വഴിതിരിച്ചു വിട്ടു. കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ഡൽഹി സർക്കാർ നഗരത്തിൽ റാലി നടത്താൻ വിസമ്മതിച്ചിരുന്നു. ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിൽ വൻ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി.
അതിർത്തികളിൽ സേനയെ വിന്യസിക്കുകയും മുൻകരുതൽ നടപടിയായി മെട്രോ സർവീസുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു. വിവിധ കർഷക സംഘടനകളിൽനിന്ന് ലഭിച്ച എല്ലാ അഭ്യർത്ഥനകളും നിരസിച്ചതായി സംഘാടകരെ അറിയിച്ചുവെന്നും ഡൽഹി പൊലീസ് ട്വീറ്റ് ചെയ്തു.
ആക്ടിവിസ്റ്റ് മേധ പട്കറുടെ നേതൃത്വത്തിൽ മധ്യപ്രദേശിൽനിന്നു ഡൽഹിയിലേക്ക് യാത്ര തിരിച്ച പ്രതിഷേധക്കാരെ ഉത്തർപ്രദേശ് സർക്കാർ ആഗ്രയിൽ തടഞ്ഞു. മേധാ പട്കറെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ഇന്നുംനാളെയും ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നത്.
സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം കർഷക സംഘടനകളാണ് മാർച്ചിൽ പങ്കെടുക്കുന്നത്. കർഷകരുമായി ചർച്ചകൾക്കായി ഡിസംബർ 3ന് രണ്ടാംഘട്ട യോഗം കേന്ദ്ര സർക്കാർ വിളിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന ആദ്യഘട്ട ചർച്ച പരാജയപ്പെട്ടിരുന്നു.
മറുനാടന് ഡെസ്ക്