ചണ്ഡിഗഡ്/പനജി: പഞ്ചാബും ഗോവയും ഇന്നു പോളിങ് ബൂത്തിലേക്ക്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ തുടക്കമായാണ് ഇന്നു രണ്ടു സംസ്ഥാനങ്ങളിൽ വോട്ടിങ് നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും ശക്തമായ പോരാട്ടമാണു നടക്കുന്നത്. പഞ്ചാബിലും ഗോവിയിലും ആം ആദ്മി പാർട്ടി പോരാട്ടം കടുപ്പിച്ചപ്പോൾ ത്രികോണ മൽസരച്ചൂടിലായി സംസ്ഥാനം.

പഞ്ചാബിൽ 117 അംഗ നിയമസഭയിലേക്ക് 1145 സ്ഥാനാർത്ഥികൾ മൽസരരംഗത്തുണ്ട്. 1.98 കോടി വോട്ടർമാരും. ചെറിയ സംസ്ഥാനമായ ഗോവയിൽ 40 അംഗ നിയമസഭയിലേക്ക് 250 സ്ഥാനാർത്ഥികൾ മൽസരിക്കുന്നു. 11 ലക്ഷം മാത്രം വോട്ടർമാർ. പഞ്ചാബിൽ ബിജെപി-അകാലിദൾ സഖ്യവും ഗോവയിൽ ബിജെപിയുമാണ് അധികാരത്തിൽ. ഈ രണ്ടിടത്തും പൊരിഞ്ഞ പോരാട്ടമായതിനാൽ പ്രവചനം പോലും അസാധ്യമാകുന്നു. പഞ്ചാബിൽ കോൺഗ്രസിന് നേരിയ മുൻതൂക്കമുണ്ട്. ബിജെപി സംഖ്യത്തെ പിന്തള്ളി ആംആദ്മി രണ്ടാമതെത്തുമെന്നും സൂചനയുണ്ട്. ഗോവയിൽ കോൺഗ്രസും ബിജെപിയും ഒരുപോലെ പ്രതീക്ഷയിലാണ്.

നോട്ട് അസാധുവാക്കലിനുശേഷം വരുന്ന തിരഞ്ഞെടുപ്പായതിനാൽ കേന്ദ്രസർക്കാരിന്റെ നടപടികൾ ജനങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന വിലയിരുത്തൽ കൂടിയാണിത്. അതിനാൽ പ്രധാനമന്ത്രി മോദിക്കും ഫലം നിർണ്ണായകമാണ്. പഞ്ചാബിൽ ജനവിധി തേടുന്നവരിൽ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർ സിങ്, മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ, ഉപമുഖ്യമന്ത്രിയും ബാദലിന്റെ മകനുമായ സുഖ്ബീർ ബാദൽ എന്നീ പ്രമുഖരുണ്ട്. സ്വന്തം തട്ടകമായ പട്യാലയ്‌ക്കൊപ്പം അകാലികളുടെ കോട്ടയായ ലാംബിയിൽ പ്രകാശ് സിങ് ബാദലിനെതിരെയും അമരീന്ദർ മൽസരിക്കുന്നുണ്ട്. അമൃത്‌സർ ഈസ്റ്റിൽ ബിജെപി വിട്ടെത്തിയ ക്രിക്കറ്റർ നവജ്യോത് സിങ് സിദ്ദു മത്സരിക്കുന്നു.

പഞ്ചാബിൽ പണവും മദ്യവും ഒഴുകുന്നതു തടയാൻ പതിനയ്യായിരത്തോളം പ്രവർത്തകർ ബട്ടൺസിൽ രഹസ്യ ക്യാമറയുമായി ബൂത്ത് പരിസരത്തുണ്ടാകുമെന്ന് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബിനെ ശ്രദ്ധേയമാക്കുന്നത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലെ ആംആദ്മി ഇടപെടൽ തന്നെയാണ്. ഡൽഹിക്ക് പിന്നാലെ പഞ്ചാബിലും കെജ്രിവാൾ ശക്തികാട്ടിയാൽ അത് ദേശീയ രാഷ്ട്രീയത്തിലും നിർണ്ണായകമാകും.

ഗോവയിൽ അഞ്ചു മുൻ മുഖ്യമന്ത്രിമാരാണു മൽസരരംഗത്തുള്ളത്. ഇപ്പോഴത്തെ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ, രവിനായിക്, ദിഗംബർ കാമത്ത്, പ്രതാപ് സിങ് റാണെ, ലൂസിഞ്ഞോ ഫെലേറിയോ എന്നിവരാണു മുൻ മുഖ്യന്മാർ. ചർച്ചിൽ അലിമാവോ ക്ലബ് ഉടമയും കോൺഗ്രസ് നേതാവുമായിരുന്ന ചർച്ചിൽ അലിമാവോ എൻസിപി ടിക്കറ്റിലാണ് ഇക്കുറി മൽസരിക്കുന്നത്. മുൻ ആർഎസ്എസ് നേതാവ് സുഭാഷ് വെലിങ്കാക്കറുടെ നേതൃത്വത്തിൽ ബിജെപി വിമതരും ശിവസേനയും ബിജെപിയുടെ പഴയ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയും ഒന്നിക്കുന്നത് ബിജെപിക്ക് തലവേദനയാണ്.