ജലന്ധർ: പഞ്ചാബ് സ്വദേശിനിയായ  യുവതിയെ സൗദി അറേബ്യൻ കുടുംബത്തിന് 3.5 ലക്ഷം രൂപയ്ക്ക് അടിമയായി വിറ്റെന്നു പരാതി. സംഭവത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ച ട്രാവൽ ഏജന്റിനെതിരേ കേസ്.

ജലന്ധറിനു സമീപം ഗോർസിയൻ ഗ്രാമത്തിലെ പരംജിത് കൗർ (39) ആണ് ഏജന്റിന്റെ കബളിപ്പിക്കലിന് ഇരയായത്. കൗറിന്റെ ഭർത്താവ് മൽകിയത് റാമിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ട്രാവൽ ഏജന്റും ഇതേ ഗ്രാമവാസിയുമായ രേഷം ഭട്ടിക്കെതിരേയാണ് പൊലീസ് കേസെടുത്തത്.

കബളിപ്പിക്കൽ, അടിമഗണത്തിൽപ്പെടുത്തി വിൽക്കൽ, ക്രിമിനൽ ഗൂഢാലോചന, മനുഷ്യക്കടത്ത് നിയമത്തിലെ വിവിധ വകുപ്പുകൾ തുടങ്ങിയവ ഭട്ടിക്കെതിരേ ചുമത്തി. ദിവസ വേതനക്കാരനായ തന്റെ വരുമാനംകൊണ്ട് ദാരിദ്ര്യത്തിൽനിന്നു കരകയറാനാകില്ലെന്നു ബോധ്യമായതോടെ കൗറിനെ വിദേശജോലിക്കയയ്ക്കാമെന്ന ഭട്ടിയുടെ വാഗ്ദാനത്തിൽ വീഴുകയായിരുന്നെന്ന് മൽകിയത് റാം പരാതിയിൽ പറയുന്നു.

കുടുംബത്തിലെ ദാരിദ്ര്യവും, കഷ്ടപ്പാടും കൊണ്ട് ജീവിക്കാൻ കഴിയാതെ വന്നപ്പോഴാണ് ജോലിക്കായി വിദേശത്ത് പോകാൻ യുവതി തീരുമാനിച്ചത്. ഇവരുടെ ദാരിദ്ര്യം മുതലാക്കാൻ ശ്രമിച്ച ഏജന്റായ രേഷം ഭട്ടി വിദേശ ജോലിക്ക് അയക്കാമെന്നും നല്ല വേതനം നൽകുമെന്നും പറഞ്ഞു. കൗറും ഭർത്താവും ഭട്ടിയുടെ വാഗ്ദാനത്തിൽ വീഴുകയായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ജൂലൈ 23 ന് കൗർ ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് തിരിച്ചു.

സൗദിയിലെത്തിയശേഷം വേതനത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കുടുംബം വിലയ്ക്കെടുത്തതാണെന്നും വേതനം ലഭിക്കില്ലെന്നും മനസിലായത്. ഇക്കാര്യം കൗർ ഭർത്താവിനെ അറിയിച്ചു.ദിവസം മുഴുവൻ നടുവൊടിഞ്ഞു പണിയെടുത്താലും നേരാംവണ്ണം ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നു മാത്രമല്ല, പുറംലോകവുമായി ബന്ധപ്പെടാനുള്ള അവസരവും നൽകിയിരുന്നില്ല. കുടുംബാംഗങ്ങളുമായി നിയന്ത്രിത രീതിയിൽ ഫോണിൽ സംസാരിക്കാനുള്ള അനുവാദം മാത്രമാണുണ്ടായിരുന്നത്.

യുവതിയുടെ ദയനീയ അവസ്ഥയിൽ മനംനൊന്ത ഭർത്താവായ മൻകിയത് റാം പൊലീസിനു പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് സംഭവം പുറം ലോകം അറിഞ്ഞത്.

ഏജന്റിന് 3.5 ലക്ഷം രൂപ നൽകിയാണ് തന്നെ സ്വന്തമാക്കിയതെന്നും അത്രയും തുക നൽകിയാലേ മോചനം സാധ്യമാകൂവെന്നും സൗദി കുടുംബം പറഞ്ഞതായും കൗർ ഭർത്താവിനെ അറിയിച്ചു.