- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപ്പറമ്പിൽ പഞ്ചാബ് നാഷണൽ ബാങ്കിലെ തട്ടിപ്പ്: അക്കൗണ്ട് ഉടമകളെ അറസ്റ്റു ചെയ്യും; മുക്കുപണ്ടങ്ങൾ കണ്ടെത്തിയത് 31 അക്കൗണ്ടുകളിൽ

കണ്ണൂർ: തളിപ്പറമ്പിലെ പൊതുമേഖലാ ബാങ്കിൽ നടന്ന സ്വർണ പണയ തട്ടിപ്പിൽ പൊലിസ് അന്വേഷണം ശക്തമാക്കി.തളിപ്പറമ്പിലെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിൽ നിന്നും മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിലെ പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുമെന്നാണ് സൂചന. മുക്കുപണ്ടങ്ങൾ കണ്ടെത്തിയ അക്കൗണ്ട് ഉടമകളെയാണ് കസ്റ്റഡിയിൽ എടുക്കുന്നത്. നേരത്തെ തന്നെ അക്കൗണ്ട് ഉടമകളെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി തളിപ്പറമ്പ് സിഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. തളിപ്പറമ്പ് എസ്‌ഐ പി.സി. സജ്ഞയ് കുമാറിനാണ് കേസ് അന്വേഷണ ചുമതല.
17 പേരുടെ 31 അക്കൗണ്ടുകളിലാണ് മുക്കുപണ്ടങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ലോക്കറിൽ നിന്നും കണ്ടെത്തിയ മുക്കുപണ്ടങ്ങൾ എസ്‌ഐയുടെ നേതൃത്വത്തിൽ നേരത്തെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. കസ്റ്റഡിയിൽ എടുത്ത മുക്കുപണ്ടങ്ങൾ തളിപ്പറമ്പ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിലെ അപ്രൈസറായിരുന്ന തൃച്ചംബരം സ്വദേശി രമേശനാണ് മുക്കുപണ്ട തട്ടിപ്പിന്റെ പിറകിലെന്നാണ് ആരോപണം.
രമേശൻ സുഹൃത്തുക്കളുടെ പേരിൽ മുക്കുപണ്ടങ്ങൾ പണയം വച്ച് പണം തട്ടുകയായിരുന്നു. രമേശൻ തന്നെ നിർമ്മിച്ച 916 മുദ്രയുള്ള മുക്കുപണ്ടങ്ങളാണ് പണയത്തിനായി നൽകിയത്. മുക്കുപണ്ട തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ രമേശനെ വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് ബാങ്ക് അധികൃതർ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്.
വഞ്ചന കുറ്റം, വ്യാജ രേഖ ചമയ്ക്കൽ, വ്യാജ സ്വർണം പണയം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരിക്കും കേസിലെ പ്രതികളെ കസ്റ്റഡിയിൽ എടുക്കുക. അക്കൗണ്ട് ഉടമകളും ആരോപണ വിധേയനായ മരണപ്പെട്ട പഞ്ചാബ് നാഷണൽ ബാങ്കിലെ അപ്രൈസറായിരുന്ന തൃച്ചംബരം സ്വദേശി രമേശനുമായുള്ള ബന്ധം തിരിച്ചറിഞ്ഞതിന് ശേഷമാണ് തുടർ നടപടികളിലേക്ക് പൊലീസ് നീങ്ങുക.


