ആലപ്പുഴ: കൊല്ലപ്പെട്ടതുകൊടുക്രിമിനൽ. കുട്ടനാടൻ മാർപ്പാപ്പ എന്ന സിനിമാ സെറ്റിൽ കയറി പ്രശ്‌നമുണ്ടാക്കിയ ഗുണ്ടാനേതാവ് പുന്നമട അഭിലാഷാണ് (42) ഇന്ന് അടിയേറ്റു കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ 12.15നു കൈനകരി തേവർകാട് വെള്ളാമത്ര റോഡിന് സമീപം ഭാര്യവീടായ കുന്നുതറയിൽ വച്ചാണ് ആക്രമിക്കപ്പെട്ടത്.

രണ്ടു കൊലപാതകം ഉൾപ്പെടെ 25ൽ ഏറെ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട പുന്നമട അഭിലാഷ്. കുട്ടനാട്ടിൽ മാത്രം 15 കേസുണ്ട്. ലഹരി കേസുകളിലും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിലും കിടന്നു. അഭിലാഷിന്റെ സംഘത്തിലെ മുൻ അംഗവും ഒട്ടേറെ കേസുകളിൽ പ്രതിയുമായ കൈനകരി സ്വദേശി മജു എന്നയാൾ വീടു കയറി ആക്രമിക്കുകയായിരുന്നു. ഗുണ്ടാ സംഘങ്ങൾക്കിടയിലെ പകയാണ് ആക്രമത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.

ഗുരുതര പരുക്കേറ്റ അഭിലാഷിനെ ഭാര്യ ദീപ്തിയാണ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അപ്പോൾ ജീവൻ ഉണ്ടായിരുന്നെങ്കിലും ഏതാനും സമയത്തിനകം മരിച്ചു. നെടുമുടി, ആലപ്പുഴ നോർത്ത് സ്റ്റേഷനുകളിൽ 2 കൊലപാതകക്കേസുകളിൽ പ്രതിയാണ് അഭിലാഷ്. പുളിങ്കുന്ന്, നെടുമുടി, ആലപ്പുഴ സൗത്ത്, നോർത്ത് സ്റ്റേഷനുകളിലായി ഇരുപത്തഞ്ചോളം കേസുകളുണ്ട്. കൈനകരിയിൽ, അനിയൻ എന്നയാളെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കഴിഞ്ഞു നിൽക്കുകയായിരുന്നു.

കൈനകരി ബോട്ട് ജെട്ടിയിൽ തൊഴിലാളികളെ ആക്രമിച്ച കേസിൽ ഈയിടെ പൊലീസ് അഭിലാഷിനെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടനാട്ടിൽ കുഞ്ചാക്കോ ബോബന്റെ സിനിമയായ കുട്ടനാടൻ മാർപാപ്പയുടെ സെറ്റിൽ ആക്രമണം നടത്തിയ കേസിൽ അഭിലാഷ് അറസ്റ്റിലായിരുന്നു. അന്ന് ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ചർച്ചയായിരുന്നുു. ഭിത്തിയിൽ തലയിടിച്ചായിരുന്നു ആത്മഹത്യ ശ്രമം. തുടർന്ന് അഭിലാഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ തലയ്ക്കു സാരമായ പരുക്ക് ഏറ്റിരുന്നു. ആലപ്പുഴ കൈനകരിയിലെ ലൊക്കേഷനിലാണ് അജ്ഞാതരായ അഞ്ചംഗ സംഘത്തിന്റെ നേതൃത്വത്തിൽ ആക്രമണം നടന്നത്. സംഭവത്തിൽ രണ്ട് പ്രൊഡക്ഷൻ മാനേജർമാർക്ക് പരിക്കേറ്റിരുന്നു.

ആക്രമണം നടക്കുന്ന സമയത്ത് നടന്മാരായ കുഞ്ചാക്കോ ബോബൻ, സലീം കുമാർ തുടങ്ങി നൂറോളം പേർ സ്ഥലത്തുണ്ടായിരുന്നു. മദ്യപിച്ചെത്തിയ പുന്നമട സ്വദേശി അഭിലാഷ്, നെടുമുടി സ്വദേശി പ്രിൻസ് എന്നിവർ താരങ്ങൾക്കൊപ്പം ഫോട്ടോയെടുക്കണമെന്നാവശ്യപ്പെട്ടു. സിനിമയുടെ അണിയറ പ്രവർത്തകർ ഇത് തടഞ്ഞതോടെ ഇവർ ഷൂട്ടിങ് സ്ഥലത്ത് ബഹളമുണ്ടാക്കുക ആയിരുന്നു. തുടർന്ന് ലൊക്കേഷൻ സ്ഥലത്ത് നിന്ന് പോയശേഷം തിരികെ വിണ്ടും ലൊക്കേഷനിൽ എത്തി അണിയറ പ്രവർത്തകരെ ടോർച്ച് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

പുന്നമട അഭിലാഷിനെ മയക്കുമരുന്ന് കേസിലും പിടികൂടിയിട്ടുണ്ട്. 2018ൽ വീയപുരം ഹരിപ്പാട് റോഡിൽ കോമളത്തുകുളങ്ങര ഭാഗത്തുവച്ചാണ് മയക്കുമരുന്നുമായി പിടിയിലായത്. ഹരിപ്പാടും പരിസരങ്ങളിലുമുള്ള സ്‌കൂൾ- കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവരുമ്പോഴായിരുന്നു അറസ്റ്റ്. 2019ൽ കാപ്പാ നിയമപ്രകാരവും ഇയാൾ അറസ്റ്റിലായിട്ടുണ്ട്.