ആലപ്പുഴ: എസ്.ഐയും സീനിയർ സിവിൽ പൊലീസ് ഓഫീസറും പ്രതികളായ പീഡനക്കേസ് സൂര്യനെല്ലി പീഡനത്തിന് സമാനം തന്നെ. കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുത്താണു പെൺകുട്ടിയെ അകന്ന ബന്ധുവായ പുന്നപ്ര സ്വദേശി ആതിര കൂടെക്കൂട്ടിയിരുന്നത്. ഇതിന് പൊലീസുകാരുടെ ഒത്താശയും കിട്ടി. മുതിർന്ന പൊലീസുകാർക്കെതിരെ ആരോപണം ഉണ്ടെങ്കിലും അന്വേഷണം അങ്ങോട്ട് എത്തില്ലെന്നാണ് സൂചന. ആതിരയാണ് മുഖ്യ ഇടനിലക്കാരി. ഇവരെ സഹായിക്കുകയായിരുന്നു പൊലീസ് ചെയ്തത്.

പെൺകുട്ടിയേയും ആതിരയുടെ പിഞ്ചുകുഞ്ഞിനെയും റിസോർട്ടുകളിലും ഹൗസ് ബോട്ടുകളിലും അനാശാസ്യത്തിനു മറയായി ഉപയോഗിക്കുകയായിരുന്നു. അറസ്റ്റിലായ പ്രബേഷണറി എസ്.ഐ: കെ.ജി. ലൈജുവും സീനിയർ സിവിൽ പൊലീസ് ഓഫീസർ നെൽസൺ തോമസും പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ ആതിരയുമായി ബന്ധം പുലർത്തിയിരുന്നവരാണ്. പെൺകുട്ടിയുടെ പിതാവിനു തട്ടുകട തുടങ്ങാൻ നെൽസൺ സാമ്പത്തികസഹായം നൽകിയിരുന്നു. ഇതിലൂടെയാണ് പെൺകുട്ടിയെ അനാശാസ്യത്തിന് കൂടെ നിർത്തിയത്. ഈ കുട്ടിയുടെ എതിർപ്പ് അവഗണിച്ചായിരുന്നു ഇത്.

മറ്റുള്ളവർക്കു സംശയം തോന്നാതിരിക്കാൻ മുറിയിൽ പെൺകുട്ടിയെ ആതിര കൂട്ടിരുത്തുമായിരുന്നു. ആതിരയുടെ കാമുകനും ഡ്രൈവറുമായ പ്രിൻസിന്റെ കാറിലായിരുന്നു യാത്രകൾ. ആതിരയേയും നെൽസണെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. നെൽസൺ മാരാരിക്കുളത്തെ റിസോർട്ടിൽ മദ്യം നൽകിയശേഷം ശാരീരികമായി ഉപദ്രവിച്ചെന്നാണു പെൺകുട്ടിയുടെ മൊഴി. ആലപ്പുഴയിലെ സ്വകാര്യസ്ഥാപനത്തിലാണു പെൺകുട്ടി പഠിക്കുന്നത്. അച്ഛൻ ഭിന്നശേഷിക്കാരനും അമ്മയും അനുജത്തിയും രോഗബാധിതരുമാണ്. നാട്ടുകാരുടെ ഇടപെടലാണ് ഇതിന് കാരണം.

അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റിലായ രണ്ടാംപ്രതിയായ പൊലീസുകാരൻ നെൽസൺ തോമസിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് അപേക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ 10-ന് ആലപ്പുഴ നഗരസഭാ കൗൺസിലർ ജോസ് ചെല്ലപ്പനും നാട്ടുകാരും ചേർന്നാണു പെൺകുട്ടിയെ ആതിര കൂട്ടിക്കൊണ്ടുപോകുന്നതു തടഞ്ഞത്. ഇതിനിടെ കൗൺസിലറെ ആതിര കടിച്ചു മുറിവേൽപ്പിച്ചു. ആരുവന്നാലും ഭയമില്ലെന്നും പൊലീസ് വരട്ടെയെന്നും കയർത്തു. പെൺകുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്കു വിധേയയാക്കുമെന്നു ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രൻ പറഞ്ഞു. ഏതെങ്കിലും ഡി.വൈ.എസ്‌പിക്കു പീഡനത്തിൽ പങ്കുള്ളതായി തെളിവു ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തേത്തുടർന്ന് ജില്ലയിലെ ചില പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റൊരു സ്ത്രീയുടെയും പേരുകൾ പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഓഡിയോ, വീഡിയോ തെളിവുകൾ ജില്ലാ കലക്ടർക്കു കൈമാറാൻ നാട്ടുകാർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ കേസ് അവരിലേക്ക് എത്താതിരിക്കാനാണ് പൊലീസിന്റെ കള്ളക്കളി. പീഡനം നടന്നതായി പറയപ്പെടുന്ന സ്ഥലങ്ങളിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പാരംഭിച്ചു. ആലപ്പുഴ ഡിവൈ.എസ്‌പി: പി.വി. ബേബിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ഒന്നാംപ്രതിയായ പുന്നപ്ര സ്വദേശി ആതിരയുമായി തെളിവെടുപ്പ് നടത്തി. പീഡനത്തിനിരയായ കുട്ടിയുടെ വീട്,മാരാരിക്കുളം, ചേർത്തല തുടങ്ങിയ അഞ്ചു സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. മാരാരിക്കുളം പ്രൊബേഷൻ എസ്.ഐ െലെജു, ജീന്മോൻ, യേശുദാസ് എന്നിവരെയും കൂടുതൽ ചോദ്യം ചെയ്യും. കേസിൽ പിടിയിലായവർക്കെതിരെ പോക്സോ പ്രകാരവും ജുവെനെൽ ജസ്റ്റിസ് ആക്ട്പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ആതിരയെ പോക്സോ കോടതി നാളെ വരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടുനൽകിയിരുന്നു. റിമാൻഡിലായ എസ്.ഐ െലെജുവിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.