കണ്ണുർ: പുന്നോൽ താഴെ വയലിൽ സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിൽ ഒരാൾ കൂടി ഇന്ന് പൊലിസ് പിടിയിലായി. പുന്നോൽ സ്വദേശി നിജിൽ ദാസാണ് ന്യൂ മാഹി പൊലിസിന്റെ പിടിയിലായത്. നേരത്തെ ഈ കേസിൽ തലശേരി നഗരസഭാ കൗൺസിലർ ലിജേഷ് ഉൾപ്പെടെയുള്ള നാലു ബിജെപി- ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഡിവൈഎസ്‌പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.

ഇതിനിടെ പൂന്നോലിലെ സിപിഎം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായത് ഗൂഢാലോചന നടത്തിയവർ മാത്രമാണെന്ന വിമർശനം വിവിധ കോണുകളിൽ നിന്നും പൊലിസിനെതിരെ ഉയർന്നിട്ടുണ്ട്. തലശേരി നഗരസഭാ കൗൺസിലർ ഉൾപ്പെടെയുള്ളവർ പരസ്പരം നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകളാണ് കേസിൽ ഗൂഢാലോചനയുടെ തെളിവായി പൊലിസ് ചൂണ്ടിക്കാണിക്കുന്നത്.

തലശേരി നഗരസഭാ കൗൺസിലർ ലിജേഷ് കേസിലെ മറ്റുപ്രതികളായ വിമിൻ. അമൽ മനോഹരൻ, സുമേഷ് എന്നിവരുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകളിൽ അക്രമം നടത്തുന്നതിനെ കുറിച്ചുള്ള ആശയ വിനിമയം നടത്തിയതിന്റെ തെളിവായാണ് പൊലിസ് ഇതു പരിഗണിക്കുന്നത്. എന്നാൽ കൊല നടത്തിയത് ഇവരെല്ലെന്നാണ് പൊലിസിന്റെ നിഗമനം കസ്റ്റഡിയിലുള്ള ഏഴു പേരിൽ നാലുപേരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയത്.

എന്നാൽ ഇതിൽ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവർ ഇല്ലെന്നാണ് പൊലിസ് നൽകുന്ന സൂചന. ഹരിദാസ് വധത്തിനു പിന്നിൽ പുറമേ നിന്നുള്ള പ്രൊഫഷനൽ സംഘമാണെന്ന തെളിവുകളാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. എന്നാൽ ഇവർക്ക് പ്രദേശവാസികളുടെ സഹായവും ലഭിച്ചിട്ടുണ്ട്. ഹരിദാസനെ നിരീക്ഷിക്കാനും വിവരം കൊലയാളി സംഘത്തിന് അപ്പപ്പോൾ വിവരം കൈമാറാനും ഇവരിൽ ചിലർ പ്രവർത്തിച്ചിട്ടുണ്ട്.

ഏറെക്കാലമായി ജോലിക്ക് പോകാതിരുന്ന ഹരിദാസ് വീണ്ടും മത്സ്യ ബന്ധനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിന്റെ കൃത്യമായ വിവരങ്ങൾ കൈമാറിയത് ഇപ്പോൾ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ സുനേ ഷാണെന്ന് പൊലിസിന് വ്യക്തമായിട്ടുണ്ട്. അന്നത്തെ ദിവസം മീൻ അധികം ലഭിച്ചിട്ടുണ്ടെന്നും വല കഴുകി വൃത്തിയാക്കി മാത്രമേ ഹരിദാസ് വരികയുള്ളുവെന്നും ഇയാൾ വീട്ടിൽ എത്താൻ വൈകുമെന്നും സുനേഷ്‌കരയിൽ കാത്തുനിൽക്കുന്നവർക്ക് വിവരങ്ങൾ നൽകുന്നതിന്റെ തെളിവുകൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. ഹരിദാസിന്റെ നീക്കങ്ങൾ സുനേഷ് അപ്പപ്പോൾ തന്നെ കരയിൽ കാത്തുനിൽക്കുന്നവർക്ക് കൈമാറിയിരുന്നു.പുന്നോൽ കടപ്പുറത്ത് പത്തു മണിയോടെ തന്നെ സംഘം എത്തിയതെന്നാണ് സൂചന.