തൃശ്ശൂർ: നഷ്ടപ്പെട്ടുപോയ ഒരു പേഴ്‌സിനെക്കുറിച്ച് ഒരിക്കലും അന്വേഷിക്കാതിരിക്കരുത്.നിങ്ങൾ അതിൽ മറന്നുവച്ചത് എന്തെന്ന് ചിലപ്പോൾ നിങ്ങൾക്ക് തന്നെ ഓർമ്മയുണ്ടാവില്ല.കഴിഞ്ഞദിവസം കിഴക്കെക്കോട്ടയിൽ നിന്നും കളഞ്ഞുകിട്ടിയ പേഴ്‌സും തുടർന്നുണ്ടായ സംഭവവും പറയുന്നത് അതാണ്.

കിഴക്കേക്കോട്ടയിൽ വാഹനപരിശോധന നടത്തുകയായിരുന്ന എഎസ്‌ഐ യൂസഫ്, സിപിഒ മാരായ അജിത്ത്, വൈശാഖ് എന്നിവരാണു കൗതുകകരമായ സംഭവത്തിനു സാക്ഷിയായത്. മഴ നനഞ്ഞു കുതിർന്ന നിലയിലൊരു പഴ്‌സ് റോഡിൽ കിടക്കുന്നത് അതുവഴിയെത്തിയ ഒരു ചെറുപ്പക്കാരനാണ് കണ്ടത്. പൊലീസുകാർക്ക് പഴ്‌സ് കൈമാറുകയും ചെയ്തു. അതിനുള്ളിലുണ്ടായിരുന്ന സത്യവാങ്മൂലത്തിൽ പേരും ഫോൺ നമ്പറും ഉണ്ടായിരുന്നു. ഇതിൽ വിളിച്ചപ്പോഴാണ് പഴ്‌സിൽ കാര്യമായി ഒന്നുമില്ലെന്ന മട്ടിൽ ഉടമ പ്രതികരിച്ചത്.

പൊലീസ് വിളിച്ചു നോക്കിയപ്പോൾ പഴ്‌സിന്റെ ഉടമ പറഞ്ഞു, 'അതു പഴയ പഴ്‌സാണ് സർ. കാര്യമായൊന്നും അതിലില്ല. അതുകൊണ്ടാ അന്വേഷിക്കാതിരുന്നത്..' ഫോൺ വച്ചതിനു ശേഷം പഴ്‌സിന്റെ ഉൾഭാഗം വെറുതെയൊന്നു പരിശോധിച്ചു നോക്കാമെന്ന് പൊലീസ് കരുതി.ഉള്ളറ പരിശോധിച്ചപ്പോൾ കടലാസിൽ പൊതിഞ്ഞ എന്തോ വസ്തു പൊലീസുകാരുടെ കയ്യിൽ തടഞ്ഞു. തുറന്നു നോക്കിയപ്പോൾ 40 ഗ്രാം തൂക്കമുള്ള തങ്കത്തകിട് കണ്ടു.

ഉടൻ പഴ്‌സുടമയെ പൊലീസ് വിളിച്ചുവരുത്തി. ചേലക്കോട്ടുകര സ്വദേശിയായ ഇദ്ദേഹം സ്വർണാഭരണ നിർമ്മാണശാലയുടെ ഉടമയാണ്. പഴ്‌സിനുള്ളിൽ സ്വർണം വച്ചിരുന്ന കാര്യം മറന്നു പോയതാണു കാരണം. ഒടുവിൽ ഈസ്റ്റ് എസ്എച്ച്ഒയുടെ അനുവാദത്തോടെ തങ്കത്തകിട് പഴ്‌സുടമയ്ക്കു കൈമാറി.