1974ൽ ചണ്ഡീഗഡിൽ പിറന്ന് അമേരിക്കയിലെ ചലച്ചിത്ര നഭസ്സിലെ ശുക്രനക്ഷത്രമായി ഉദിച്ചുയർന്ന വീരഗാഥയാണ് പൂർവബേഡിക്കുള്ളത്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറായ സുഷമ ബേഡിയുടെ പുത്രിയാണ് പൂർവബേഡി.

ചണ്ഡീഗഡിലാണ് ജനിച്ചതെങ്കിലും ബെൽജിയത്തിലും അമേരിക്കയിലുമായിരുന്നു അവർ വളർന്നത്. ബ്രോക്‌സ് ഹൈസ്‌കൂൾ ഓഫ് സയൻസിൽ നിന്ന് 1992ൽ അവർ ബിരുദം നേടി. ബിരുദത്തിന് ശേഷം മസാച്ചുസെറ്റ്‌സിലെ വില്യംസ് കോളജിൽ നിന്ന് പൂർവ സാമ്പത്തികശാസ്ത്രത്തിൽ ഡബിൾ ഡിഗ്രി നേടി. തുടർന്ന് അഭിനയത്തെ കരിയറായി സ്വീകരിക്കുകയായിരുന്നു.

ഗീൻ കാർഡ് ഫീവർ, അമേരിക്കൻ ദേസി, കോസ്‌മൊപൊളിറ്റൻ, തുടങ്ങിയ നിരവധി ശ്രദ്ധേയമായ സിനിമകളിലൂടെ പൂർവ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമെ നിരവധി ടെലിവിഷൻ സീരിയലുകളിലും പൂർവ ബേഡി വേഷമിട്ടു. ഹൗസിന്റെ ഒരു എപ്പിസോഡിലും പൂർവ ഭാഗഭാക്കായി. വിജയചരിത്രം രചിച്ച ടെലിവിഷൻ ടീൻ ഡ്രാമയായ ഗോസിപ്പ് ഗേളിൽ ക്ലാരയെന്ന കഥാപാത്രത്തിലൂടെയാണ് പൂർവ ശ്രദ്ധിക്കപ്പെട്ടത്. സിനിമാ നാടക പ്രൊഡ്യൂസർ എന്ന നിലയിലുടം പൂർവ പേരെടുത്തു.

അമേരിക്കൻ ദേസിയിലെ അഭിനയത്തിന് പൂർവയ്ക്ക് ഫീച്ചർ ഫിലിമിലെ നല്ല നടിക്കുള്ള എമ്മി അവാർഡ്‌നോമിനേഷൻ പൂർവയ്ക്ക് ലഭിച്ചിരുന്നു. നിരവധി ഫിലിം ഫെസ്റ്റിവലിൽ പ്രശംസ നേടിയ പൂർവയുടെ കഥാപാത്രമാണ് കൊസ്‌മൊപൊളിറ്റനിലേത്. പിബിഎസ് ഇന്റിപെന്റന്റ് ലെൻസ് സീരീസിൽ ഈ ചിത്രം പ്രീമിയർ ചെയ്യപ്പെടുകയുമുണ്ടായി. ദി എംപറേർസ് ക്ലബ്, വിങ്‌സ് ഓഫ് ഹോപ്പ്, ബാൾ ആൻഡ് ചെയിൻ, ലൗ എൻ ഡാൻസിങ്, അഡ്ജസ്റ്റ്‌മെന്റ് ബ്യൂറോ, ഗോട്ട് എന്നിവയാണ് പൂർവയുടെ ശ്രദ്ധേയമായ മറ്റ് സിനിമകൾ. കാശ്മീർ മാഫിയ, ബോസ്റ്റൺ ലീഗൽ, ഏലിയാസ്, ലോ & ഓർഡർ ആൻഡ് ലോ ആൻഡ് ഓർഡർ; ക്രിമിനൽ ഇന്റർനെറ്റ്, ദി ഡ്രൂ കരേ ഷോ, ഇആർ, സ്‌ട്രോംഗ് മെഡിസിൻ, ദി വെസ്റ്റ് വിങ് എന്നിവ പൂർവയുടെ ശ്രദ്ധേയമായ ടിവി പ്രോഗ്രാമുകളാണ്.

സിനിമക്കും ടിവിപ്രോഗ്രാമുകൾക്കും പുറമെ തിയേറ്ററിലും തന്റെ കഴിവ് തെളിയിച്ച കലാകാരിയാണ് പൂർവ ബേഡി. ടാർഗറ്റ് മാർജിൻ തീയേറ്ററിന്റെ സ്ഥിരം ആർട്ടിസ്റ്റാണിവർ. സെക്കൻഡ് ലാഗ്വേജ്, 10 ബ്ലോക്ക്‌സ് ഓൺ ദി കാമിനോ റിയൽ, ഓൾഡ് കോമഡി ഫ്രം അരിസ്റ്റോഫേൻസ് ഫ്രോഗ്‌സ് തുടങ്ങിയവ പൂർവയുടെ ശ്രദ്ധേയമായ നാടകങ്ങളിൽ ചിലത് മാത്രമാണ്. നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഡേവിഡ് ആൻഡ്രൂവിനെയാണ് പൂർവ ജീവിതപങ്കാളിയാക്കിയത്. ഇവർ ന്യൂർക്കിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്.