കൊച്ചി: തന്നെയും മഞ്ജു വാര്യരെയും ചേർത്ത് അപവാദം പറഞ്ഞത് ദിലീപാണെന്ന് സംവിധായകൻ ശ്രീകുമാർ മേനോന്റെ മൊഴി. നടിയെ ആക്രമിച്ച കേസിൽ പൊലീസിനാണ് ശ്രീകുമാർ നായർ ഇക്കാര്യ വ്യക്തമാക്കിയത്.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ തള്ളിപ്പറയുന്ന മൊഴിയാണ് പ്രമുഖ താരങ്ങൾ അന്വേഷണസംഘത്തിന് നൽകിത്. അന്വേഷണസംഘം അങ്കമാലി കോടതിയിൽ സമർപ്പിച്ച ദിലീപിനെതിരെയുള്ള കുറ്റപത്രത്തിൽ സിനിമാ മേഖലയിൽ നിന്നടക്കം 50 സാക്ഷികളുടെ മൊഴികളും സമർപ്പിച്ചിരുന്നു. ദിലീപിന്റെ മുൻ ഭാര്യ മഞ്ജുവാര്യർ, നിലവിലെ ഭാര്യ കാവ്യ മാധവൻ, നടൻ കുഞ്ചാക്കോ ബോബൻ, നടി സംയുക്ത വർമ, ഗായിക റിമി ടോമി തുടങ്ങിയവരുടെ മൊഴികൾ പുറത്തുവന്നു. കാവ്യയുമായുള്ള ദിലീപിന്റെ ബന്ധമാണ് തങ്ങളെ വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന് മഞ്ജുവാര്യർ മൊഴി നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന് പിന്നാലെയാണ് ശ്രീകുമാർ മേനോന്റെ മൊഴിയും പുറത്തുവന്നത്.

മഞ്ജു വീണ്ടും സിനിമയിൽ അഭിനയിക്കുന്നത് ദിലീപിന് ഇഷ്ടമായിരുന്നില്ല. മഞ്ജുവിന്റെ സിനിമയിൽ ഇപ്പോഴത്തെ വളർച്ച ദിലീപിന് ദഹിക്കുന്നില്ല. ഒടിയൻ, മഹാഭാരതം എന്നീ സിനിമകൾ പ്രൊഡ്യൂസ് ചെയ്യാനിരുന്നത് കാർണിവൽ ഗ്രൂപ്പാണ്. എന്നാൽ ദിലീപ് ഇടപെട്ട് കാർണിവൽ ഗ്രൂപ്പിനെ പിന്തിരിപ്പിച്ചു. മഞ്ജുവിന്റെ സിനിമയിൽ നിന്ന് കുഞ്ചാക്കോ ബോബനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സൈറ ബാനു എന്ന സിനിമയിൽ നായകന്മാരെ ലഭിക്കാതിരുന്നത് ദിലീപ് കാരണമാണ്. ദിലീപ് കുടിലബുദ്ധിക്കാരനെന്ന് മലയാള സിനിമയിൽ പരക്കെ അറിയാം. സ്വന്തം കാര്യങ്ങൾക്ക് വളഞ്ഞ വഴി സ്വീകരിക്കുന്ന ആളാണ് ദിലീപ്.-ഇങ്ങനെയാണ് ശ്രീകുമാറിന്റെ മൊഴി.

താരസംഘടനയായ 'അമ്മ'യുടെ ട്രഷററായിരുന്ന തന്നെ മാറ്റി ദിലീപ് ആ സ്ഥാനത്തേക്ക് എത്തിയത് തികച്ചും അപ്രതീക്ഷിതമായാണെന്ന് കുഞ്ചാക്കോ ബോബൻ മൊഴി നൽകി. മഞ്ജുവാര്യർ നായികയായ 'ഹൗ ഓൾഡ് ആർ യു' എന്ന ചിത്രത്തിൽ താൻ അഭിനയിക്കരുതെന്ന് പരോക്ഷമായി ദിലീപ് ആവശ്യപ്പെട്ടിരുന്നതായും ആക്രമിക്കപ്പെട്ട നടിയെ ചില ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കാൻ ദിലീപ് ശ്രമിച്ചതായി കേട്ടിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബൻ മൊഴി നൽകിയെന്നാണ് സൂചന. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ശ്രീകുമാർ മേനോനും കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ദിലീപും കാവ്യയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് കൂടുതൽ അറിയാവുന്നത് ആക്രമിക്കപ്പെട്ട നടിക്കായിരുന്നെന്ന് സംയുക്ത മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.

പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ചിത്രങ്ങൾ ആരാധകരെക്കൊണ്ട് കൂവിത്തോൽപ്പിക്കാൻ ദിലീപ് ശ്രമിച്ചിരുന്നു എന്നാണ് ശ്രീകുമാർ മേനോന്റെ മൊഴി. എന്നാൽ ദിലീപും മഞ്ജുവും തമ്മിൽ പിരിഞ്ഞത് താൻ കാരണമാണെന്ന് നടി പ്രചരിപ്പിച്ചിരുന്നു എന്നാണ് കാവ്യയുടെ 12 പേജുള്ള മൊഴിയിൽ പറയുന്നത്. പരസ്യചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ സാമൂഹിക മാധ്യമങ്ങളിലൂടെ ദിലീപിനെ അപകീർത്തിപ്പെടുത്തിയിരുന്നതായും കാവ്യ കുറ്റപ്പെടുത്തുന്നുണ്ട്. ഈ മൊഴികളിൽ നടൻ സിദ്ദിഖിന്റെ മൊഴിയും ദിലീപിന് എതിരാണ്. ദിലീപിനെ സിദ്ദിഖ് സംശയിക്കുന്നില്ലെങ്കിലും ദിലീപും നടിയുമായുള്ള പ്രശ്‌നം വിശദമാക്കുന്ന പലതും മൊഴിയിലുണ്ട്.

ഞാൻ നടിയെ സമാധാനിപ്പിച്ചു. പിന്നീട് നടി അവിടെനിന്നു പോയതിനുശേഷം ലാലിന്റെ വീട്ടിൽനിന്നും ഞാൻ മടങ്ങി. രണ്ടു ദിവസങ്ങൾ കഴിഞ്ഞ് ഈ സംഭവത്തെ സംബന്ധിച്ച് സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ എറണാകുളം ഡിഎച്ച് ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരുന്നു. ആ കൂട്ടായ്മയിൽ പങ്കെടുക്കുവാൻ ഞാനും ദിലീപും ഒരുമിച്ചാണ് പോയത്. യാത്രാമധ്യേ കാറിലിരുന്നു താൻ നിരപരാധിയാണെന്നും തന്റെ പേര് ആവശ്യമില്ലാതെ ആരോപിക്കുകയാണെന്നും എന്നോട് പറഞ്ഞു. ദിലീപും നടിയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും മറ്റും മൂലമായിരിക്കും ദിലീപിനെ സംശയിക്കുന്നതെന്ന് ഞാൻ പറഞ്ഞു.

2013-ൽ 'മഴവിൽ അഴകിൽ അമ്മ' എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ റിഹേഴ്‌സൽ ക്യാന്പ് എറണാകുളം അബാദ് പ്ലാസയിൽ വച്ച് നടത്തിയിരുന്നു. ഞാനും അതിന്റെ ഒരു ഓർഗനൈസർ ആയിരുന്നു. റിഹേഴ്‌സൽ ക്യാന്പിൽവച്ച് ആക്രമിക്കപ്പെട്ട നടി കാവ്യയെ കുറിച്ച് മോശമായി പലരോടും സംസാരിക്കുന്നുവെന്നു പരാതി കാവ്യ എന്നോട് വന്നു പറഞ്ഞു. അപ്പോൾ തന്നെ ഞാൻ നടിയെ വിളിച്ച് എന്തിനാണ് ഇങ്ങനെയുള്ള പിണക്കങ്ങൾ ഉണ്ടാക്കുന്നതെന്നും മേലിൽ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നും മുന്നറിയിപ്പ് കൊടുത്തു. ദിലീപും നടിയും തമ്മിൽ നല്ല ബന്ധമായിരുന്നില്ല.

ദിലീപിന്റെ ഇടപെടൽ മൂലം സിനിമയിലെ നിരവധി അവസരങ്ങൾ തനിക്കു നഷ്ടമായിട്ടുണ്ടെന്നു നടി എന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ഞാൻ ഇതെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിട്ടുണ്ട്. അപ്പോൾ ഇക്ക ഇക്കാര്യത്തിൽ ഇടപെടേണ്ട എന്നും ഇത് എന്റെ വ്യക്തിപരമായ കാര്യമാണെന്നും ദിലീപ് എന്നോട് മറുപടി പറഞ്ഞു. ദിലീപ് അപ്രകാരം ഇടപെട്ടതുകൊണ്ട് നടിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതായി എനിക്കറിയാം. മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയുടെ റിഹേഴ്‌സൽ ക്യാന്പിൽ മിക്ക ദിവസങ്ങളിലും ദിലീപുണ്ടായിരുന്നു.-ഇങ്ങനെയാണ് സിദ്ദിഖിന്റെ മൊഴി.