കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്ക് വീസ ഉൾപ്പെടെയുള്ള രേഖകൾക്ക് ഫീസ് വർധിപ്പിക്കാൻ നീക്കം. ഇത് സംബന്ധിച്ച നിർദ്ദേശം തൊഴിൽ മന്ത്രാലയം ഫത്വ ബോർഡിന് സമർപ്പിച്ചു. വിസ, ഇഖാമ, തൊഴിൽ പെർമിറ്റ് എന്നിവയുടെ നിരക്ക് വർധിപ്പിക്കാനുള്ള അനുമതിക്കാണ് നിർദ്ദേശം സമർപ്പിച്ചതെന്ന് മന്ത്രി ഹിന്ദ് അൽസബീഹ് അറിയിച്ചു.

ഇതുസംബന്ധിച്ച പദ്ധതിക്ക് സാങ്കേതിക സമിതി അന്തിമ രൂപം നൽകിയതായി ആഭ്യന്തര മന്ത്രാലയത്തിനുകീഴിലുള്ള പാസ്‌പോർട്ട്, പൗരത്വകാര്യ അസി.അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് മാസിൻ അൽജർറാഹ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. നിലവിൽ മൂന്നു ദീനാർ മാത്രമുള്ള വിസ നിരക്ക് സർക്കാർ മേഖലയിൽ 10 ദീനാറായും സ്വകാര്യ മേഖലയിൽ 30 ദീനാറായും വർധിപ്പിക്കാനാണ് നീക്കം.

വിസക്കച്ചവടത്തിന് തടയിടുക, സേവനത്തിനനുസൃതമായ ഫീസ് ഈടാക്കുക എന്നീ ലക്ഷ്യങ്ങളാണ് വിസ നിരക്ക് ഉയർത്തുന്നതിനു പിന്നിലെന്ന് അധികൃതർ വിശദീകരിച്ചു. നിലവിൽ മറ്റു ഗൾഫ് രാജ്യങ്ങളെക്കാൾ കുറഞ്ഞ തുകയാണ് കുവൈത്ത് ഈടാക്കുന്നതെന്നാണ് അധികൃതരുടെ വാദം.അതിനിടെ വീസ നൽകുന്നതിനും പുതുക്കുന്നതിനും പണം വാങ്ങുന്നവർക്ക് മൂന്നു മുതൽ അഞ്ചു വർഷംവരെ തടവും പതിനായിരം മുതൽ ഇരുപതിനായിരം ദിനാർ വരെ പിഴയും ചുമത്തും വിധം ശിക്ഷാ നിയമം ഭേദഗതി ചെയ്യണമെന്ന് നബീൽ അൽ ഫാദിൽ എംപി ആവശ്യപ്പെട്ടു.

കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിപ്പിക്കണം. മറ്റൊരാളുടെ സ്‌പോൺസർഷിപ്പിലുള്ള ആളെ ജോലിക്ക് നിർത്തുന്നവർക്ക് രണ്ടു മുതൽ മൂന്നുവർഷം വരെ തടവും 20,000 ദിനാർ വരെ പിഴയും ചുമത്തണം. മൂന്നു മാസത്തിലേറെ ജോലി ചെയ്യാതിരുന്ന തൊഴിലാളിയെക്കുറിച്ച് വിവരം അറിയിക്കാത്ത സ്‌പോൺസർക്കും സമാനമായ ശിക്ഷയുണ്ടാകും. ഒളിച്ചോടിയ തൊഴിലാളിയെ ശിക്ഷാകാലാവധിക്കുശേഷം നാടുകടത്തണമെന്നും നിർദേശിക്കുന്നു. കരാർ പ്രകാരം ഒരുമാസത്തിലേറെ ജോലി നൽകാതിരിക്കുകയും പിന്നീട് മറ്റിടങ്ങളിൽ ജോലിക്ക് അയക്കുകയും ചെയ്യുന്ന സ്‌പോൺസർമാർക്കും ഇങ്ങനെ ജോലി ജോലി ചെയ്യുന്ന തൊഴിലാളിക്കും ഒരു വർഷം മുതൽ രണ്ടുവർഷം വരെ തടവും 20,000 ദിർഹം വരെ പിഴയും വേണമെന്നതാണ് മറ്റൊരു നിർദ്ദേശം.

സർക്കാർ പദ്ധതി വിസയിലുള്ളവരെ ഒരുവർഷം പൂർത്തിയാക്കിയാൽ തൊഴിൽ വിസയിലേക്ക് മാറ്റാനുള്ള സാധ്യത പഠിച്ചുവരുന്നതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഒപ്പം, വിദഗ്ധ വിഭാഗങ്ങൾക്ക് ഒരേ വിസയിൽ പലതവണ രാജ്യത്ത് പ്രവേശിക്കാവുന്ന മൾട്ടിപ്പ്ൾ വിസ സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ചും ഉടൻ തീരുമാനമുണ്ടാവുമെന്നാണ് സൂചന. ഡോക്ടർമാർ, എൻജിനീയർമാർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ദ്ധർ, നിയമ ഉപദേഷ്ടാക്കൾ തുടങ്ങിയ വിഭാഗങ്ങൾക്കാണ് ഇത് അനുവദിക്കുക.

ഒരു വർഷത്തേക്കോ കുറച്ചു മാസങ്ങൾക്കോ ഇഷ്യൂ ചെയ്യുന്ന ഈ വിസയിൽ കാലാവധിക്കിടെ എത്രതവണ വേണമെങ്കിലും രാജ്യത്തേക്ക് വരാനും പോകാനും സാധിക്കും. രാജ്യത്തെ പൊതു, സ്വകാര്യ സർവകലാശാലകളിൽ പഠിക്കാൻ വിദേശ വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസ അനുവദിക്കാനും പദ്ധതിയുണ്ട്.