ന്യൂഡൽഹി: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര ജയത്തോടെ ഭരണത്തുടർച്ച ഉറപ്പാക്കിയ ബിജെപി, മുഖ്യമന്ത്രിയായി പുഷ്‌കർ സിങ് ധാമിയെ രണ്ടാമതും തിരഞ്ഞെടുത്തു. തകർപ്പൻ നേട്ടത്തിനിടയിലും ഖാട്ടിമ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഭുവൻചന്ദ്ര കപ്ഡിയോടു വൻ തോൽവി വഴങ്ങിയ ധാമിയെ മാറ്റുമെന്നു സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ ധാമിക്ക് ഒരു അവസരം കൂടി നൽകാൻ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിക്കുകയായിരുന്നു.

ബിജെപിയുടെ നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലത്തിൽ പരാജയപ്പെട്ട ധാമി മുഖ്യമന്ത്രിയായി തുടരുന്ന കാര്യം അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ ഭൂരിഭാഗവും ധാമിയെ പിന്തുണച്ചതോടെ കേന്ദ്ര നേതൃത്വം ധാമിക്ക് തന്നെ അവസരം നൽകുകയായിരുന്നു.

മാർച്ച് 23-ന് ധാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ദെഹ്റാദൂണിൽ നടന്ന നിയമസഭാ കക്ഷി യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് ബിജെപി കേന്ദ്ര നിരീക്ഷകനായി പങ്കെടുത്തത്.

70 അംഗ നിയമസഭയിലേക്ക് 47 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി വിജയിച്ചത്. തുടർച്ചയായ രണ്ടാമത്തെ തവണയാണ് ബിജെപി സംസ്ഥാനത്ത് ഭരണത്തിലേറുന്നത്. 2017ൽ 57 സീറ്റ് ബിജെപിക്ക് ലഭിച്ചിരുന്നു. സംസ്ഥാനത്ത് ബിജെപിയും കോൺഗ്രസും തന്നെയായിരുന്നു പോരാളികൾ. ഇരു പാർട്ടികൾക്കും ഭീഷണിയാകാനായി ആംആദ്മി രംഗത്തിറങ്ങിയെങ്കിലും പഞ്ചാബിലേത് പോലൊരു നേട്ടം കൊയ്യാൻ ആംആദ്മിക്ക് സാധിച്ചിട്ടില്ല.

അതേ സമയം മണിപ്പൂർ മുഖ്യമന്ത്രിയായി എൻ.ബീരേൻ സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം തവണയാണ് ബീരേൻ സിങ് മണിപ്പൂർ മുഖ്യമന്ത്രിയാകുന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയും ഇംഫാലിൽ എത്തിയിരുന്നു. അഴിമതിക്കും മയക്കു മരുന്ന് കടത്തിനും കാലാപകാരികൾക്കും എതിരായ ശക്തമായ ഇടപെടുകൾ പുതിയ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് അധികാരം ഏറ്റെടുത്ത ശേഷം എൻ.ബീരേൻ സിങ് പറഞ്ഞു.

മണിപ്പൂരിനെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലെത്തിക്കാൻ പുതിയ മന്ത്രിസഭയ്ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബീരേൻ സിങ്ങിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി അവസാനം വരെ ശ്രമം നടത്തിയ തൊൻഗം ബിശ്വജിത്ത് സിങ്ങിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.