പിണറായി : പിണറായി വെസ്റ്റ് സി.മാധവൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ വായന ദിനത്തിൽ നടത്തിയ പുസ്തക പയറ്റ് ഒറ്റദിവസംകൊണ്ട് 2000 പുസ്തകങ്ങൾ ശേഖരിച്ച് പുസ്തക ശേഖരണ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചു. പഴയ കാലത്തെ ചായക്കട പുനഃസൃഷ്ടിച്ച് കുറിപ്പയറ്റിന്റെ ഓർമ്മയിൽ സംഘടിപ്പിച്ച പുസ്തക പയറ്റിലേക്ക് നൂറുകണക്കിന് പുസ്തക സ്നേഹികളാണ് വായനശാലക്ക് പുസ്തകവുമായി എത്തിയത്.

തങ്ങൾ കൊണ്ടുവന്ന പുസ്തകങ്ങൾ ചായക്കടയിൽ എഴുത്തുകാരനെ ഏൽപ്പിച്ച ശേഷം വായനശാല തയ്യാറാക്കിയ പഴയ കുറിപ്പയറ്റിന്റെ ഭക്ഷണവിഭവങ്ങളായ പുഴുക്കും അവിലും ചായയും കഴിച്ചു ചായക്കടയിൽ നിന്ന് ഇറങ്ങുമ്പോൾ ഓരോരുത്തരും വായന മരിച്ചിട്ടില്ലെന്ന ഒരു നാടിന്റെ പ്രഖ്യാപനത്തോട് ഐക്യപ്പെടുകയായിരുന്നു. പുതുമയുള്ള ഈപരിപാടിയിൽ പങ്കെടുക്കാൻ വിദൂരസ്ഥലങ്ങളിൽ നിന്നുപോലും പുസ്തക സ്നേഹികൾ എത്തിച്ചേർന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും മലയാളി സംഘടനകൾ പുസ്തകങ്ങൾ ശേഖരിച്ചു എത്തിച്ചു.

എഴുത്തുകാരൻ എൻ.ശശിധരൻ ചായക്കടയിൽ ആദ്യപുസ്തകം നൽകിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. വി.ശിവദാസൻ എംപി,സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ അഡ്വ.കെവി മനോജ് കുമാർ , ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി വിജയൻ കഥാകൃത്ത് അഡ്വ.കെ കെ രമേഷ് ,പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവൻ , പൊന്ന്യം ചന്ദ്രൻ പ്രൊഫ.വി രവീന്ദ്രൻ , എ.വി. രത്നകുമാർ , രാജേഷ് കീഴത്തൂർ , പനോളിവത്സൻ , മുൻ ശബരിമല മേൽശാന്തി ശങ്കരൻ നമ്പൂതിരി തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിരവധിപ്രമുഖർ പുസ്തകങ്ങളുമായെത്തി ഈ പരിപാടിക്ക് ആശംസകൾ നേർന്നു.

കെ വി ജിജിൽ,സാഗരിക , അക്ഷര പ്രമോദ്, അനിൽകുമാർ വടക്കുമ്പാട് കെ പി രാമകൃഷ്ണൻ റീന പിണറായി , സുജിത്ത് ടി അഞ്ജലി പിണറായി ,ശ്രുതി പ്രകാശ്, മുഹമ്മദ് ഷമീർ വിനിഷ വിജേഷ് തുടങ്ങിയവർ ചായപ്പീടികയോട് ചേർന്ന് നടത്തിയസാഹിത്യ സദസ്സിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

വായനശാലയിൽ മദ്ധ്യവേനലവധികാലത്ത് നടത്തിയ വായനാ ചങ്ങാത്തത്തിന്റെ ഭാഗമായി പിണറായി വെസ്റ്റ് ബേസിക്ക് UP സ്‌ക്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ കൈയെഴുത്ത് മാഗസിൻ പ്രധാന അദ്ധ്യാപകൻ വിനീതിന് നൽകിക്കൊണ്ട് എൻ.ശശിധരൻ പ്രകാശനംചെയ്തു. കുട്ടികൾ മുതൽ വയോജനങ്ങൾ വരെ ജീവിതത്തിന്റെ വിവിധ തുറകളിലെ ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്ത പുസ്തക പയറ്റ് രാത്രി 9 മണിക്ക് ബ്രെഹ്തിന്റെ പ്രശസ്തമായ പട്ടിണിയുടെ തടവുകാരെ നിങ്ങളുണരുവിൻ എന്ന ഗാനാലപനത്തോടെ സമാപിച്ചു. പഴയ പെട്രോമാക്സും റാന്തലും സിനിമാ പോസ്റ്ററും കരി സമോവറും പഴയ മോഡൽ റേഡിയോയും ബന്നും പലബിസ്‌ക്കറ്റുമിട്ട കുപ്പി ഭരണിയുമെല്ലാമടങ്ങിയ ചായക്കട പഴമക്കാർക്ക് സുഖമുള്ള ഓർമ്മയും പുതുതലമുറയ്ക്ക് കൗതുകവുമായിരുന്നു.പുസ്തക പയറ്റിന് വായനശാല സെക്രട്ടറി അഡ്വ.വി പ്രദീപൻ കെ ഭാസ്‌കരൻ വാർഡ് മെമ്പർ കെ.വിമല, എം.പ്രജീഷ്, എൻ. ഷാനവാസ്, ഇ.രാജൻ, ഇ. പ്രമോദ് എന്നിവർ നേതൃത്വം നൽകി.