- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി.ജെ. തോമസ്: വിചാരവിപ്ലവങ്ങൾ
കൃത്യം എഴുപതുവർഷം മുൻപ്, 1948ലാണ്, മഹാത്മാഗാന്ധി വധിക്കപ്പെട്ട് മുപ്പതുദിവസത്തിനുള്ളിൽ ഇന്ത്യൻ കമ്യൂണിസ്റ്റ്പാർട്ടിയുടെ കൽക്കത്താകോൺഗ്രസ് നടക്കുന്നതും തെലുങ്കാനാ മാതൃകയിൽ സായുധവിപ്ലവത്തിനാഹ്വാനം ചെയ്യുന്നതും അതിന്റെ പേരിൽ പാർട്ടി ഇന്ത്യയിൽ നിരോധിക്കപ്പെടുന്നതും കമ്യൂണിസ്റ്റുകാരനായിരുന്ന സി.ജെ. തോമസ് സോഷ്യലിസം, മതവും കമ്യൂണിസവും എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതും കേരളത്തിലെ പുരോഗമനസാഹിത്യപ്രസ്ഥാനം പിളർപ്പിലേക്ക് നീങ്ങുന്നതും മറ്റും മറ്റും... ഫെബ്രുവരി 28 മുതൽ മാർച്ച് ആറുവരെ നടന്ന കൽക്കത്താകോൺഗ്രസിൽ ബി.ടി. രണദിവെ അവതരിപ്പിച്ച പ്രമേയം, തെലുങ്കാനാസമരത്തിന്റെ മാതൃകയിൽ ഇന്ത്യയിലുടനീളം കർഷകരും തൊഴിലാളികളും ചേർന്ന് സായുധസമരം നടത്തി, വർഗശത്രുക്കളെ ഉന്മൂലനം ചെയത്, അധികാരം പിടിച്ചെടുക്കണം എന്നതായിരുന്നു. ബൊവാനിസെൻ പിന്താങ്ങിയ പ്രമേയം പി.സി. ജോഷിയും മറ്റും എതിർത്തിട്ടും കോൺഗ്രസ് പാസാക്കി. 'ഭരണഘടനാമാർഗത്തിലൂടെ സോഷ്യലിസം നടപ്പാകില്ല' എന്ന വിശ്വാസം ഉറക്കെ പ്രഖ്യാപിച്ച കൽക്കത്താകോൺഗ്രസ് ഇന്ത്യൻ കമ്
കൃത്യം എഴുപതുവർഷം മുൻപ്, 1948ലാണ്, മഹാത്മാഗാന്ധി വധിക്കപ്പെട്ട് മുപ്പതുദിവസത്തിനുള്ളിൽ ഇന്ത്യൻ കമ്യൂണിസ്റ്റ്പാർട്ടിയുടെ കൽക്കത്താകോൺഗ്രസ് നടക്കുന്നതും തെലുങ്കാനാ മാതൃകയിൽ സായുധവിപ്ലവത്തിനാഹ്വാനം ചെയ്യുന്നതും അതിന്റെ പേരിൽ പാർട്ടി ഇന്ത്യയിൽ നിരോധിക്കപ്പെടുന്നതും കമ്യൂണിസ്റ്റുകാരനായിരുന്ന സി.ജെ. തോമസ് സോഷ്യലിസം, മതവും കമ്യൂണിസവും എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതും കേരളത്തിലെ പുരോഗമനസാഹിത്യപ്രസ്ഥാനം പിളർപ്പിലേക്ക് നീങ്ങുന്നതും മറ്റും മറ്റും... ഫെബ്രുവരി 28 മുതൽ മാർച്ച് ആറുവരെ നടന്ന കൽക്കത്താകോൺഗ്രസിൽ ബി.ടി. രണദിവെ അവതരിപ്പിച്ച പ്രമേയം, തെലുങ്കാനാസമരത്തിന്റെ മാതൃകയിൽ ഇന്ത്യയിലുടനീളം കർഷകരും തൊഴിലാളികളും ചേർന്ന് സായുധസമരം നടത്തി, വർഗശത്രുക്കളെ ഉന്മൂലനം ചെയത്, അധികാരം പിടിച്ചെടുക്കണം എന്നതായിരുന്നു. ബൊവാനിസെൻ പിന്താങ്ങിയ പ്രമേയം പി.സി. ജോഷിയും മറ്റും എതിർത്തിട്ടും കോൺഗ്രസ് പാസാക്കി. 'ഭരണഘടനാമാർഗത്തിലൂടെ സോഷ്യലിസം നടപ്പാകില്ല' എന്ന വിശ്വാസം ഉറക്കെ പ്രഖ്യാപിച്ച കൽക്കത്താകോൺഗ്രസ് ഇന്ത്യൻ കമ്യൂണിസ്റ്റ്പാർട്ടിയുടെ ചരിത്രത്തിൽ വഴിത്തിരിവായി മാറി. 'കൽക്കത്താതീസിസ്' എന്നു കുപ്രസിദ്ധി നേടിയ ഈ നയരേഖ രണ്ടുവർഷത്തിനുശേഷം പിൻവലിക്കപ്പെട്ടു. പക്ഷെ, സംഭവിക്കാനുള്ളതൊക്കെ അപ്പോഴേക്കും സംഭവിച്ചുകഴിഞ്ഞിരുന്നു.
1948ൽ സി.ജെ. തോമസിന് മുപ്പതുവയസ്സാണ്. ഉറച്ച കമ്യൂണിസ്റ്റ് വിശ്വാസി. സോഷ്യലിസത്തിന്റെ വക്താവ്. പക്ഷെ കൽക്കത്താതീസിസ് സി.ജെ.യെ കമ്യൂണിസത്തിന്റെ ഏറ്റവും കടുത്ത വിമർശകനാക്കി മാറ്റി. സി.ജെ. മാത്രമല്ല, അന്ന് കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്കും പുരോഗമനസാഹിത്യപ്രസ്ഥാനത്തിനുമൊപ്പമുണ്ടായിരുന്ന സാംസ്‌കാരിക പ്രവർത്തകരിൽ സിംഹഭാഗവും ഇതേ നിലപാടെടുത്തു. എംപി. പോളും സി.ജെ.യും തമ്മിലുണ്ടായിരുന്ന വിഖ്യാതമായ ഐക്യം അവർ തമ്മിലുടലെടുത്ത ബന്ധുത്വത്തെക്കാൾ ഇരുപതാം നൂറ്റാണ്ടിലെന്നല്ല മനുഷ്യചരിത്രത്തിൽതന്നെ ലോകം കണ്ട ഏറ്റവും കിരാതവും ഹിംസാത്മകവുമായ രണ്ടു പ്രസ്ഥാനങ്ങളെ തള്ളിപ്പറഞ്ഞുവെന്നതിലാണ്. ക്രിസ്തുമതത്തെയും കമ്യൂണിസത്തെയും. വിശ്വാസദാസ്യത്തിനും പ്രത്യയശാസ്ത്ര ധാർഷ്ട്യത്തിനും ഭരണകൂടഭീകരതക്കുമെതിരെ യുക്തിചിന്തക്കും സ്വതന്ത്രമാനവികതക്കും ജനാധിപത്യത്തിനും വേണ്ടിയായിരുന്നു, ഇരുവരും വാദിച്ചിരുന്നത്.
ആരായിരുന്നു, സി.ജെ. തോമസ്? നിസംശയം പറയാം, മലയാളം കണ്ട ഏറ്റവും വലിയ നാടകകാരൻ. എന്നുവച്ചാൽ നാടകകൃത്തും വിവർത്തകനും ചിന്തകനും. കമ്യൂണിസത്തെ രാഷ്ട്രീയയുക്തിയോടെയും വിവേചനബുദ്ധിയോടെയും വിലയിരുത്തി നിരാകരിച്ച സ്വതന്ത്ര ബുദ്ധിജീവി. എംപി. പോളിന്റെയും കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെയും എം. ഗോവിന്ദന്റെയും ശിഷ്യരിൽ ഏറ്റവും മൗലികത തെളിയിച്ച സാംസ്‌കാരിക-രാഷ്ട്രീയ വിമർശകൻ. അസാധാരണമായ പ്രതിഭയുണ്ടായിരുന്ന പത്രപ്രവർത്തകൻ, പ്രസാധകൻ. ഇംഗ്ലീഷിലും മലയാളത്തിലും മികച്ച ലേഖനങ്ങളെഴുതിയ അദ്ധ്യാപകൻ. കലയാകട്ടെ, സാഹിത്യമാകട്ടെ, നാടകമാകട്ടെ, സിനിമയാകട്ടെ, മതമാകട്ടെ, ജാതിയാകട്ടെ, അധികാരമാകട്ടെ, ഭരണകൂടമാകട്ടെ, അടിമുടി രാഷ്ട്രീയം പറഞ്ഞു, സി.ജെ. ഇത്രമേൽ വിചാരതീവ്രവും പ്രത്യയശാസ്ത്രനിർഭരവുമായി ഇത്ര കുറഞ്ഞ കാലംകൊണ്ട് തന്റെ രാഷ്ട്രീയ-സാംസ്‌കാരിക ജീവിതം തീ പോലെ ജ്വലിപ്പിച്ച മറ്റൊരു മലയാളിയില്ല എന്നുതന്നെ പറയാം.
കേസരി, പോൾ, കുറ്റിപ്പുഴ, ഗോവിന്ദൻ തുടങ്ങിയവർക്കൊപ്പം കേരളത്തിലെ സ്വതന്ത്രമാനവികചിന്തയുടെ വക്താവായി രംഗത്തുവന്ന സി.ജെ, കൽക്കത്താതീസിസിനെത്തുടർന്ന് കമ്യൂണിസത്തോടും പുരോഗമനസാഹിത്യപ്രസ്ഥാനത്തോടും പിണങ്ങിപ്പുറത്തുവന്ന മലയാളത്തിലെ ബഹുഭൂരിപക്ഷം എഴുത്തുകാർക്കും കലാപ്രവർത്തകർക്കും വേണ്ടി ശബ്ദിക്കുകമാത്രമല്ല, രാഷ്ട്രീയസ്വരൂപമാർജിച്ച മതത്തെയും മതസ്വഭാവമാർജിച്ച രാഷ്ട്രീയത്തെയും ഒരേപോലെ വിമർശിക്കുകയും ചെയ്തു. യഥാർഥത്തിൽ കേസരി മുതൽ സി.ജെ. വരെയുള്ള മൗലികരും സ്വതന്ത്രരുമായ മലയാളിബുദ്ധിജീവികളുടെ പാരമ്പര്യം പിന്തുടർന്നത് അയ്യപ്പപ്പണിക്കരും എം വി ദേവനും പി.കെ. ബാലകൃഷ്ണനും ഒ.വി. വിജയനും ആനന്ദും സക്കറിയയും സി.ആർ. പരമേശ്വരനും കെ.പി. അപ്പനും മറ്റുമാണ്. പക്ഷെ, പിൽക്കാലത്ത് ഒരുപാടു വ്യാജബിംബങ്ങൾ ഈ പാരമ്പര്യം പിടിച്ചുവാങ്ങി അരങ്ങിലെത്തിയെന്നതാണ് കേസരി മുതൽ സി.ജെ. വരെയുള്ളവരുടെ മരണാനന്തര ദുരന്തങ്ങളിലൊന്ന്. ഉദാഹരണത്തിന്, ക്രിസ്തുമതത്തെയും കമ്യൂണിസത്തെയും ഒരേ രീതിയിൽ വിമർശിച്ചു പുറന്തള്ളി ധീരമായി ജീവിച്ചുമരിച്ച പോളിന്റെയും സി.ജെ.യുടെയും ജീവചരിത്രമെഴുതിയത് മേല്പറഞ്ഞ ഇരുപ്രസ്ഥാനങ്ങളുടെയും (മറ്റു പലതിന്റെയും!) അടുക്കളനിരങ്ങി നടക്കുന്ന ഒരു അവസരവാദിയാണ്. ചരിത്രം അസംബന്ധമായും ആവർത്തിക്കുമെന്നു പറയുന്നതു വെറുതെയല്ല.
സമകാലികരും പിൻഗാമികളുമായ മലയാളിബുദ്ധിജീവികളെ ഒരുപോലെ സ്വാധീനിച്ച സി.ജെ.യുടെ ചിന്തകൾക്ക് (മലയാളികൾക്കപ്പുറത്തേക്കും സി.ജെ.യുടെ ബൗദ്ധികപ്രഭാവം വളർന്നുവെന്നതിനു തെളിവാണ് സുന്ദരരാമസ്വാമിയുടെ നോവൽ-'ജെ.ജെ. ചില കുറിപ്പുകൾ') പലരും കരുതുംപോലെ രണ്ടുഘട്ടങ്ങളില്ല, ഒറ്റഘട്ടമേയുള്ളു. കാരണം, 1948 വരെയുള്ള കാലത്ത് കമ്യൂണിസത്തെയും ക്രിസ്തുമതത്തെയും കൂട്ടിയിണക്കി സി.ജെ. എഴുതിയ കുറിപ്പുകളോ, സോഷ്യലിസത്തെക്കുറിച്ചദ്ദേഹം പ്രസിദ്ധീകരിച്ച രചനകളോ 1948ൽതന്നെ അപ്രസക്തമായി. അതുകൊണ്ട്, വിശ്വാസപരമായി സി.ജെ.യുടെ ചിന്താജീവിതത്തിന് 1948 മുതലുള്ള ഒരു മുഖം മാത്രമേയുള്ളു എന്നതാണ് വസ്തുത. ഒരാളുടെ വിശ്വാസജീവിതത്തിൽ അയാൾതന്നെ തള്ളിപ്പറയുകയും കാലഭൂപടത്തിൽ ബുദ്ധിപരമായി റദ്ദാക്കുകയും ചെയ്ത പ്രമാണങ്ങൾകൊണ്ട് വീണ്ടും അയാളെ അളക്കുന്നതിലർഥമില്ല. അങ്ങനെവരുമ്പോൾ പിന്നെ ഒരു പന്തീരാണ്ടുകാല(1948-1960)ത്തെ സി.ജെ.യുടെ വിചാരജീവിതത്തെ നെടുകെ പിളർക്കുന്ന അളവുകോലുകൾ സർഗാത്മകരചനകളുടേതും വിമർശനാത്മക രചനകളുടേതുമാണെന്നു വരുന്നു. (അദ്ദേഹത്തിന്റെ സർഗാത്മക രചനകളുടെ രാഷ്ട്രീയം, വിമർശനാത്മക രചനകളുടേതിനും തിരിച്ചും ബാധകമാണെന്ന് ഓർക്കുകയും വേണം.) എന്നുവച്ചാൽ നാടകങ്ങളും ലേഖനങ്ങളുംതന്നെ. നാടകങ്ങളിൽ ആറ് സ്വതന്ത്രരചനകളും ഏഴ് വിവർത്തനങ്ങളുമുണ്ട്. നൂറ്റൻപതിലധികം ലേഖനങ്ങളിൽ പുസ്തകരൂപത്തിൽ സമാഹൃതമായവയും അല്ലാത്തവയുമുണ്ട്. അവതന്നെ മലയാളത്തിലും ഇംഗ്ലീഷിലുമുണ്ട്. (സി.ജെ. തന്നെ പിന്നീട് പ്രസിദ്ധീകരിക്കരുത് എന്നാവശ്യപ്പെട്ട 'മതവും കമ്യൂണിസവും' എന്ന ലേഖനസമാഹാരം അതേപടി ഈ പുസ്തകത്തിൽ കെ.എം. ചുമ്മാറും ജോസ് കരിമ്പനയും ഉൾപ്പെടുത്തിയത് എന്തിനാണെന്നറിയില്ല!).
സോഷ്യലിസം, ധിക്കാരിയുടെ കാതൽ, വിലയിരുത്തൽ, ഇവൻ എന്റെ പ്രിയപുത്രൻ, സി.ജെ.-വിചാരവും വീക്ഷണവും, അന്വേഷണങ്ങൾ എന്നീ ഗ്രന്ഥങ്ങളിൽ സമാഹരിച്ചവയും നിരവധി ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച്, പുസ്തകരൂപത്തിൽ സമാഹരിക്കാത്തവയുമായ നൂറ്റിപ്പന്ത്രണ്ടു ലേഖനങ്ങൾ നാലുഭാഗങ്ങളായി വർഗീകരിച്ചവതരിപ്പിച്ചിരിക്കുന്നു, ഈ പുസ്തകത്തിൽ. കലയും സാഹിത്യവും; ചരിത്രം, രാഷ്ട്രീയം; ഗ്രന്ഥവിമർശനം, അവതാരിക; സിനിമാനിരൂപണം എന്നിങ്ങനെ. ഒപ്പം, ഉയരുന്നയവനിക, മനുഷ്യന്റെ വളർച്ച, മതവും കമ്യൂണിസവും എന്നീ ലേഖനസമാഹാരങ്ങൾ അങ്ങനെതന്നെയും ചേർത്തിരിക്കുന്നു. ഇരുപത്തഞ്ചോളം ലേഖനങ്ങളുണ്ട് അവയിൽ.
സി.ജെ. തന്റെ വിചാരദീപ്തമായ സാംസ്‌കാരിക, രാഷ്ട്രീയ ജീവിതത്തിൽ നിരന്തരം താല്പര്യം കാണിച്ചിരുന്ന പത്തുവിഷയമേഖലകളെക്കുറിച്ചാണ് ഈ ലേഖനങ്ങളിൽ ബഹുഭൂരിപക്ഷവും എന്നു കാണാം.
1. കമ്യൂണിസത്തോടുള്ള താത്വികവും പ്രായോഗികവുമായ വിയോജിപ്പുകളും വിമർശനങ്ങളും. 2. പുരോഗമനസാഹിത്യപ്രസ്ഥാനത്തോടുള്ള എതിർപ്പും കലഹവും. 3. ജനാധിപത്യത്തിനും മതേതര രാഷ്ട്രീയത്തിനും വേണ്ടിയുള്ള നിരന്തരമായ വാദങ്ങൾ. 4. പുരോഹിതമതത്തിനു നേരെയുള്ള വാളോങ്ങലുകൾ. 5. സാഹിത്യവിമർശനം. 6. സിനിമാനിരൂപണം. 7. നാടകചർച്ചകൾ. 8. ക്ലാസിക്കൽ-വരേണ്യ കലകൾക്കുമേൽ നടത്തുന്ന കുറ്റവിചാരണകൾ. 9. വ്യക്തിചരിത്രങ്ങൾ, തൂലികാചിത്രങ്ങൾ. 10. ചരിത്ര-സാമൂഹിക നിരീക്ഷണങ്ങൾ എന്നിവയാണ് ഈ പത്തു മേഖലകൾ.
വ്യക്തിബോധത്തിനെതിരെ സാമൂഹ്യവാദം മുന്നോട്ടുവച്ച് കമ്യൂണിസം ഉയർത്തുന്ന യാന്ത്രികരാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞുകൊണ്ടാണ് സി.ജെ.യുടെ തുടക്കം. 1949ലെഴുതിയ 'ഞാൻ' എന്ന ലേഖനത്തിൽതന്നെ കാണാം, കലാപകാരിയായ സി.ജെ.യെ. ആവിഷ്‌ക്കാരസ്വാതന്ത്ര്യം മുതൽ സർവാധിപത്യപ്രത്യയശാസ്ത്രങ്ങൾ വരെയുള്ളവ ചർച്ചക്കെടുക്കുന്ന, സി.ജെ.യുടെ രാഷ്ട്രീയ-സാംസ്‌കാരിക മാനിഫെസ്റ്റോ എന്നുതന്നെ വിളിക്കാവുന്ന രചനയാകുന്നു, 'ഞാൻ'. വ്യക്തിവാദത്തിന് മുതലാളിത്തവുമായുള്ള വൈരുദ്ധ്യാത്മക ബന്ധം വിശദീകരിച്ചുകൊണ്ട് സി.ജെ. എഴുതുന്നു:
'സാമൂഹ്യവാദത്തെ നേരിടുവാൻ മുതലാളിത്തം ഇന്നു പ്രയോഗിക്കുന്ന അടവുകളെ എടുത്തുനോക്കൂ. പഴയ രീതിയിൽ വ്യക്തികൾക്കു മറ്റു വ്യക്തികളെ ചൂഷണം ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്ന അധഃപതിച്ച വ്യക്തിവാദവുമായി കഴിഞ്ഞുകൂടുന്ന കുറെ രാഷ്ട്രങ്ങളുണ്ട്. അവയാണ് ഇന്നു ഡെമോക്രാസികളെന്നു സ്വയം വിളിക്കുന്ന പാശ്ചാത്യമുതലാളിത്തരാഷ്ട്രങ്ങൾ. ഇതുകൂടാതെ രണ്ടാമതൊരടവും അവർ പ്രയോഗിക്കുന്നുണ്ട്. നാശംകൊണ്ടു വ്യക്തിവാദം ബലഹീനമായി സാമൂഹ്യവാദം പ്രബലപ്പെട്ട രാജ്യങ്ങളിലേക്ക് അവർ മറ്റൊരു അടവെടുത്തു. അതാണ് ഒരു ഇമിറ്റേഷൻ സാമൂഹ്യവാദത്തെ അംഗീകരിക്കുകയെന്നത്. വ്യക്തിയെ അപ്രധാനമാക്കി, സമുദായത്തെ ഈശ്വരനായി അവരോധിച്ച് അവർ ഒരു സാമൂഹ്യഘടന കെട്ടിപ്പടുത്തു. ഇതാണു ഫാസിസം. വ്യക്തിയുടെ ദൈനംദിനജീവിതത്തിൽ ഫാസിസം വളരെ കൈകടത്തുന്നുണ്ട്. തൊഴിലാളിസംഘടനകളും കൂലിയും രാഷ്ട്രംതന്നെ നിയന്ത്രിക്കുക, വ്യവസായങ്ങൾ സർക്കാർ തന്നെ ഏറ്റെടുക്കുക, വിദ്യാഭ്യാസം രാഷ്ട്രീയാധികാരികളുടെ കുത്തകയാക്കുക എന്നിങ്ങനെ ജീവിതത്തിന്റെ പ്രധാന തുറകളെല്ലാം സാമൂഹ്യമായി നടത്തുക എന്നാണവരുടെ തീർപ്പ്. ഇതിനൊന്നും തെറ്റില്ല. പക്ഷേ, ഇവയെല്ലാം വ്യക്തികളുടെ ഗുണത്തിനുവേണ്ടി ആയിരിക്കണം. ഇവിടെ അങ്ങനെയല്ല. വ്യക്തികൾ മാർഗ്ഗങ്ങളും കരുക്കളും മാത്രമാണ്. സമുദായമെന്ന സത്വമാണ് ലക്ഷ്യം. ഈ ഏർപ്പാടിനു സ്റ്റേറ്റ് കാപ്പിറ്റലിസം എന്നു പറയുന്നു. ഇതു സോഷ്യലിസമല്ല. പക്ഷേ, വ്യക്തിവാദവിദ്വേഷികളായ ജനങ്ങളെ വഞ്ചിക്കുവാൻവേണ്ടി ഈ തത്ത്വത്തെ സോഷ്യലിസം എന്നു ഹിറ്റ്‌ലർ വിളിച്ചു. ജർമ്മനിയിൽ തൊഴിലില്ലായ്മ അവസാനിച്ചു. ഭക്ഷണവും കിട്ടി, പക്ഷേ, കുറെകഴിഞ്ഞ് അതിന്റെ കടംവീട്ടുകയും ചെയ്തു.
ഈ നിലയിൽനിന്നു കമ്മ്യൂണിസത്തിനെന്തായിരിക്കണം വ്യത്യാസം? ഒന്നുമാത്രം: കാളയെ വണ്ടിയുടെ മുമ്പിൽ കെട്ടണമെന്നുമാത്രം. 'വ്യക്തിസമുദായത്തിനുവേണ്ടി' എന്നതു 'സമുദായത്തിന്റെ ലക്ഷ്യം വ്യക്തിയുടെ വളർച്ച' എന്നു മാറ്റി എഴുതണമെന്നു മാത്രം. ഈ അടിസ്ഥാനതത്ത്വം മനസ്സിലാക്കാതെ പോയാൽ അവസാനം ലഭിക്കുന്നത് ജർമ്മൻ ജനതക്കു ലഭിച്ച സമ്മാനമായിരിക്കും. ഹിറ്റ്‌ലറും മുസ്സോളിനിയും ആദ്യം സോഷ്യലിസ്റ്റുകളായിരുന്നു എന്നതും മറക്കരുത്. വ്യക്തിയെ അംഗീകരിക്കാത്ത ചിന്തകനും, പ്രസ്ഥാനവും ഫാസിസത്തിലവസാനിക്കും. ഈ നിർഭാഗ്യകരമായ അവസ്ഥയിലേക്ക് വളരെയധികം സാമൂഹ്യവാദികൾ ഇന്നു നീങ്ങിത്തുടങ്ങിയിട്ടുണ്ട്. അതിനെ ഒന്നു പിടിച്ചുനിറുത്താൻ വേണ്ടിയാണ് വ്യക്തിയുടെ പ്രാധാന്യം ഊന്നിപ്പറയേണ്ടിവന്നത്'.
പിൽക്കാലത്ത് ആനന്ദിനെപ്പോലുള്ളവർ നോവലിലും ലേഖനങ്ങളിലും ചരിത്രവൽക്കരിച്ചവതരിപ്പിക്കുന്ന വ്യക്തിവാദത്തിന് മലയാളത്തിലുണ്ടായ ശ്രദ്ധേയമായ വിചാരമാതൃകകളിലൊന്നാണ് ഈ ലേഖനം. (1930കളിൽതന്നെ, പുത്തേഴത്തു രാമമേനോനെപ്പോലുള്ളവർ ഈ വിഷയത്തിൽ ചർച്ചകളവതരിപ്പിച്ചിരുന്നുവെന്നും ഓർക്കുക.)
ഇതൊരുദാഹരണം മാത്രമാണ്. ഇതേരീതിയിൽ, മനുഷ്യാവസ്ഥകൾ, മതസംഘടനകൾ, രാഷ്ട്രീയപ്രസ്ഥാനങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, അവയുടെ പ്രയോഗരീതികൾ, ഭരണകൂടങ്ങൾ തുടങ്ങിയവയൊക്കെ മുൻനിർത്തി വ്യക്തിയെയും സമൂഹത്തെയും ഒരുപോലെ ബാധിക്കുന്ന എത്രയെങ്കിലും വിഷയങ്ങളെ പ്രശ്‌നവൽക്കരിക്കുന്നവയാണ് സി.ജെ.യുടെ മിക്ക ലേഖനങ്ങളും.
നിരവധിരചനകളിൽ സി.ജെ. പ്രത്യക്ഷവും പരോക്ഷവുമായി സൂചിപ്പിക്കുന്ന തന്റെ രാഷ്ട്രീയവിശ്വാസപരിവർത്തനത്തിന്റെ കഥകൾ ഒന്നടങ്കം വിരൽചൂണ്ടുന്നത് സ്റ്റാലിനിസത്തിന്റെ വൻപിഴവുകളിലേക്കും കൽക്കത്താതീസിസ് പുറത്തുകൊണ്ടുവന്ന ഇന്ത്യൻ കമ്യൂണിസ്റ്റുകളുടെ ചോരക്കൊതി മുഴുത്ത ദംഷ്ട്രകളിലേക്കുമാണ്.
രണ്ടുതലങ്ങളിൽ കാണാം, 'അപ്പസ്‌തോലനല്ലാത്ത തോമസ് കമ്യൂണിസ്റ്റുകാർക്കെഴുതിയ ലേഖന'ങ്ങളുടെ രാഷ്ട്രീയത്തെ. ഒന്ന്, സോവിയറ്റ് കമ്യൂണിസത്തിന്റെയും സ്റ്റാലിനിസത്തിന്റെയും പശ്ചാത്തലത്തിൽ കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്കു സംഭവിച്ച മൂല്യത്തകർച്ചയുടെയും ഹിംസാത്മക സ്വരൂപങ്ങളുടെയും വിമർശനം. രണ്ട്, ഇന്ത്യൻ പശ്ചാത്തലത്തിൽ കമ്യൂണിസ്റ്റ്പ്രസ്ഥാനങ്ങൾക്ക് സംഭവിക്കുന്ന ഫാസിസ്റ്റ് പരിണാമങ്ങളുടെ വിശകലനം. 'രാഷ്ട്രീയകേരളത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന മുഖം' എന്ന ലേഖനത്തിൽ സി.ജെ. എഴുതുന്നു:
'1947 വരെ തങ്ങൾക്കു ചുറ്റുമുള്ള എണ്ണമറ്റ പുരോഗമനപ്രത്യയശാസ്ത്രങ്ങളിലൊന്നായി കമ്യൂണിസം പരിഗണിക്കപ്പെട്ടുപോന്നു. ബുദ്ധിജീവികളുൾപ്പെടെ നിരവധിയാളുകൾ കമ്യൂണിസ്റ്റുപാർട്ടിയുടെ നാട്യങ്ങളിൽ വശീകരിക്കപ്പെടുകയും സംസ്ഥാനരാഷ്ട്രീയത്തിലെ ആരോഗ്യകരമായ ഒരു സ്വാധീനശക്തിയായിരിക്കും കമ്യൂണിസം എന്ന് വിശ്വസിക്കുകയും ചെയ്തു. സമത്വാധിഷ്ഠിതമായ ഒരു വിപ്ലവത്തിനുമേൽ ഗാന്ധിസം അടിച്ചേല്പിച്ച് അതിന് ഒരു സർറിയലിസ്റ്റ് പരിവേഷം സൃഷ്ടിച്ചുകൊടുത്തു. വയലാറും പുന്നപ്രയും ഇതിന് ചെറിയൊരു ഷോക്ക് നൽകി. 1948-ലെ തിരഞ്ഞെടുപ്പുകഥയിലെ വില്ലനായി ദിവാനെ അവതരിപ്പിച്ചുകൊണ്ടുള്ള ഒരു കപടവ്യാഖ്യാനം രചിക്കുവാനുള്ള അവസരം കമ്യൂണിസ്റ്റുകൾക്കു ലഭിച്ചു. എന്നാൽ കൽക്കത്താതീസിസ് എല്ലാ കാപട്യങ്ങളെയും ചീന്തിത്തെറിപ്പിച്ചു. പരിപാടിയുടെ പടുവങ്കത്തവും, അതിന്റെ പേരിൽ നടപ്പിലാക്കിയ കൊടും ക്രൂരതകളും കൂടിച്ചേർന്ന് ആദർശശാലികളുടെ കണ്ണുതുറപ്പിച്ചു. അതോടെ മാർക്‌സിസ്റ്റു മായാവലയത്തിൽ നിന്നുള്ള കൂട്ടപ്രയാണമാരംഭിച്ചു. ഇതുകൊണ്ട് കമ്യൂണിസ്റ്റു സ്വാധീനം കുറയേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല. ഏകാധിപത്യത്തോട് ഇണങ്ങിച്ചേരാൻ പറ്റാത്തയത്ര ആദർശശാലികളെക്കൊണ്ട് പാർട്ടി വീർപ്പുമുട്ടുകയായിരുന്നു. പുറത്തുപോയ ഓരോ ആദർശശാലിയുടെയും സ്ഥാനത്ത് പത്തു ക്രിമിനൽ വീതം പ്രത്യയശാസ്ത്രരംഗത്ത് വന്ന് അടിഞ്ഞുകൊണ്ടിരുന്നു. താത്ത്വികചർച്ചയുടെ ആവശ്യവും അതോടെ അവസാനിച്ചു. പുതിയ റിക്രൂട്ടുകൾ ചോദ്യം ചോദിച്ചില്ല. ഈ സാഹചര്യത്തിലാണ് വർഗ്ഗീയതയുടെ വിശാലവിഭാഗം തീവ്രയത്‌നം തുടങ്ങിയത്. ജനാധിപത്യത്തിന്റെ അംശം തെല്ലെങ്കിലും ഉണ്ടായിരുന്നെങ്കിൽ അതും ഇതോടെ നിലംപരിശായി. അങ്ങനെ 1957-ൽ കമ്യൂണിസ്റ്റുകൾ അധികാരക്കസേരയിൽ കടന്നുകൂടി'.
തുടർന്ന്, ഒരുഡസനിലധികം ലേഖനങ്ങളിലെങ്കിലും സി.ജെ. കമ്യൂണിസത്തോടുള്ള തന്റെ താത്വികവും പ്രായോഗികവുമായ വിയോജിപ്പുകൾ നിശിതമായി രേഖപ്പെടുത്തുന്നു.
ഈ രാഷ്ട്രീയവിമർശനത്തിന്റെ സാംസ്‌കാരിക മുഖമാണ് പുരോഗമനസാഹിത്യ പ്രസ്ഥാനത്തോടുള്ള എതിർപ്പിന്റെയും വിമർശനത്തിന്റെയും സ്വരമായി ഇനിയൊരു വിഭാഗം ലേഖനങ്ങളിൽ മുഴങ്ങുന്നത്. 1944-48 കാലത്തു കരുത്താർജ്ജിച്ച പുരോഗമന സാഹിത്യപ്രസ്ഥാനത്തെ കൈപ്പിടിയിലൊതുക്കാൻ കമ്യൂണിസ്റ്റുകൾ നടത്തിയ വിഫലശ്രമവും കൽക്കത്താതീസിസ് മിക്ക എഴുത്തുകാരിലും കലാപ്രവർത്തകരിലും സൃഷ്ടിച്ച കടുത്ത അമർഷവുമാണ് ആ സംഘടനയുടെ ശൈഥില്യത്തിനു വഴിവച്ചത്. നിരവധി ലേഖനങ്ങളിൽ സി.ജെ. ഈ പ്രശ്‌നം ചർച്ചചെയ്യുന്നുണ്ടെങ്കിലും 1959ലെഴുതിയ 'എഴുത്തുകാരുടെ പ്രതികാര'മാണ് ഈ വിഷയത്തിലെ ക്ലാസിക്. എംപി. പോൾ, സ്വതന്ത്രമാനവികതയുടെ ചിന്തമുൻനിർത്തി കമ്യൂണിസ്റ്റുകാരുടെ കുതന്ത്രങ്ങൾ തകർത്തുതരിപ്പണമാക്കിയതിന്റെ ചരിത്രഗാഥയാണീ ലേഖനം. കേരളത്തിലെ എഴുത്തുകാരും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള പോരാട്ടത്തിൽ അവസരവാദനിലപാടെടുത്ത ജോസഫ് മുണ്ടശ്ശേരിയെ സി.ജെ. നിലംപരിശാക്കുന്നു.
ജനാധിപത്യ, മതേതര ദേശീയതക്കുവേണ്ടിയുള്ള സി.ജെ.യുടെ വാദങ്ങൾ മേല്പറഞ്ഞ കമ്യൂണിസ്റ്റ് - ഫാസിസ്റ്റ് വിമർശനത്തിന്റെ മറുപുറമാണ്. ഇംഗ്ലീഷിലും മലയാളത്തിലുമെഴുതിയ നിരവധി ലേഖനങ്ങളിൽ സി.ജെ. തന്റെ ജനാധിപത്യവിശ്വാസം ഉറക്കെ പ്രഖ്യാപിക്കുന്നു. വലിയ ഒരു ഇന്ത്യൻഫലിതം (A Great Indian Joke), ഞാൻ കുറ്റപ്പെടുത്തുന്നു (I accuse) തുടങ്ങിയവ ഉദാഹരണം.
ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ നടന്ന വിമോചനസമരത്തെ ജനാധിപത്യശക്തികളുടെ പ്രക്ഷോഭമായി വിശദീകരിക്കുന്ന നിരവധി രചനകളിൽ ഇതേ നിലപാടാവർത്തിക്കുന്നു, സി.ജെ.
പുരോഹിതമതത്തിനു നേരെയുള്ള കലാപങ്ങളിൽ സി.ജെ, എംപി. പോളിന്റെ പിൻഗാമിയാകുന്നു. പുരോഹിതനാകാൻ സെമിനാരിയിൽ ചേർന്ന് കുപ്പായമിട്ട് ശെമ്മാശ്ശനായെങ്കിലും പിന്നീടതുപേക്ഷിച്ചുവന്നയാളാണല്ലോ സി.ജെ. കമ്യൂണിസത്തെയെന്നപോലെ ക്രിസ്തുമതത്തെയും ക്രൈസ്തവവർഗീയതയെയും നിരന്തരം എതിർത്തുപോന്നു, അദ്ദേഹം. സംഘടിതമായ ഏതു ചൂഷകപ്രസ്ഥാനത്തെയും സി.ജെ. വിളിച്ചതുതന്നെ 'മതം' എന്നായിരുന്നു.
സാഹിത്യവിമർശനം എന്ന ഗണത്തിൽപ്പെടുത്താവുന്ന കുറെയേറെ രചനകളുണ്ട് സി.ജെ.യുടേതായി. കവിത, കഥ, നോവൽ തുടങ്ങിയ സാഹിത്യരൂപങ്ങളെ കേന്ദ്രീകരിച്ചും ഈ രൂപങ്ങളിലുണ്ടായ കൃതികളെ കേന്ദ്രീകരിച്ചും സി.ജെ. എഴുതിയ ലേഖനങ്ങൾ അവതാരിക മുതൽ പഠനം വരെയുള്ള വിഭാഗങ്ങളിൽപെടുന്നു. സാഹിത്യകൃതികളിലെ സാമൂഹികയാഥാർഥ്യങ്ങൾ, രാഷ്ട്രീയപ്രമാണങ്ങൾ, ലാവണ്യകല എന്നിവയൊക്കെ അദ്ദേഹം വിശകലനം ചെയ്തു. മുഖം നോക്കാത്ത വിമർശനത്തിന്റെ സുന്ദരകലയാണ് സി.ജെ.യുടെ സാഹിത്യനിരൂപണങ്ങൾ വെളിപ്പെടുത്തുന്നത്.
സിനിമാനിരൂപണമാണ് മറ്റൊരിനം. മലയാളത്തിൽ ചലച്ചിത്രവിമർശനത്തിനടിത്തറപാകിയവരിലൊരാൾ സി.ജെ.യാണെന്നതിൽ തർക്കമില്ല. 1950കളുടെ തുടക്കത്തിലാണ് സി.ജെ.യുടെ ശ്രദ്ധേയമായ പല സിനിമാപഠനങ്ങളും പുറത്തുവരുന്നത്. നവലോകം, ജീവിതനൗക തുടങ്ങിയ മലയാളചിത്രങ്ങളെ വിശദമായി അവലോകനം ചെയ്യുന്നവ, തമിഴ്‌സിനിമകളെ നിശിതമായി ഗുണദോഷവിചിന്തനം നടത്തുന്നവ, ചലച്ചിത്രമെന്ന വ്യവസായത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ വിശകലനങ്ങൾ എന്നിങ്ങനെ. സിനിമയുടെ സാങ്കേതിക, ദൃശ്യഭാവുകത്വങ്ങൾ സൂക്ഷ്മമായി പരിഗണിക്കുന്നവയാണ് ഈ രചനകളൊന്നടങ്കം-സാഹിത്യവായനകളല്ല, എന്നർഥം.
നാടകത്തെക്കുറിച്ച് 'ഉയരുന്ന യവനിക'യിലും അല്ലാതെയും നിരവധി ലേഖനങ്ങളെഴുതി, സി.ജെ. ഗ്രീക്ക് നാടകവേദിയെ ഇത്രമേൽ ആദർശാത്മകവും പ്രായോഗികവും കാലികവുമായി ഉൾക്കൊണ്ട മറ്റൊരു നാടകകാരൻ മലയാളത്തിലില്ല. മലയാളനാടകത്തിന്റെ ചരിത്രം, നിരവധി നാടകങ്ങളുടെ നിരൂപണം, രാഷ്ട്രീയ നാടകമെന്ന ഗണത്തെക്കുറിച്ചുള്ള പഠനം, എല്ലാറ്റിനുമുപരി നാടകത്തെക്കുറിച്ചുള്ള കലാതത്വവിചാരങ്ങൾ-സി.ജെ.യുടെ നയവും സമീപനവും സുവ്യക്തമായിരുന്നു. ഇ.എം.എസിന്റെ 'പാട്ടബാക്കി' പഠനം പോലെതന്നെ പ്രസിദ്ധമാണ് സി.ജെ.യുടെയും 'പാട്ടബാക്കി'ചർച്ച. നോക്കുക:
'മലബാറിലെ എണ്ണമറ്റ ഗ്രാമങ്ങളിൽ പാട്ടബാക്കി അഭിനയിക്കപ്പെട്ടു. നാടകകൃത്തും, ശ്രീ.എ.കെ. ഗോപാലൻ, സർദാർ ചന്ത്രോത്ത് മുതലായവരും നടന്മാരായിരുന്നുവെന്നു പറയുമ്പോൾത്തന്നെ പാട്ടബാക്കിയുടെ രാഷ്ട്രീയകടമ വ്യക്തമാകുന്നുണ്ടല്ലോ. പത്തും പന്ത്രണ്ടും മൈലകലെ നിന്നു പാട്ടബാക്കി കാണാൻ വേണ്ടി കൃഷിക്കാർ നടന്നെത്തുകയെന്നത് ഒരു സാധാരണ സംഭവമായിരുന്നു. അഭിനയത്തിനിടയിൽ സദസ്യർ എഴുന്നേറ്റുനിന്നു നീചപാത്രങ്ങളുടെ സംഭാഷണങ്ങൾക്കു ചുട്ട മറുപടി കൊടുക്കാറുണ്ടായിരുന്നുവെന്നതിൽ കവിഞ്ഞ് ഒരു നാടകത്തിന് എന്തു വിജയമാണു വേണ്ടത്? അഭിനയത്തിന്റെ അന്ത്യത്തിൽ രാഷ്ട്രീയപ്രസംഗങ്ങളും സംഘടനാപ്രവർത്തനങ്ങളും നടക്കാറുമുണ്ടായിരുന്നു. അതിനുള്ള പ്രചോദനമാണ് സദസ്യർക്കു നാടകത്തിൽനിന്നു കിട്ടിയിരുന്നത്. കരഞ്ഞുനശിക്കുന്ന ഒരു ജനതയെയല്ല, പോരാടി ജീവിക്കുന്ന ഒരു ജനതയെയാണ് 'പാട്ടബാക്കി' ചിത്രീകരിക്കുന്നത്. പ്രചരണമെന്ന നിലയ്ക്ക് ഏറ്റവും വിജയകരമായ മലയാളരാഷ്ട്രീയനാടകം ഏതെന്നു ചോദിച്ചാൽ 'പാട്ടബാക്കി' എന്നു ഞാൻ ഉച്ചത്തിൽ വിളിച്ചുപറയും'.
കഥകളിയുൾപ്പെടെയുള്ള ക്ലാസിക്കൽ രംഗകലകൾ എങ്ങനെ കേരളീയ നാടകവേദിയെയും അഭിനയമെന്ന കലാനുഭവത്തെയും തളർത്തി എന്നന്വേഷിക്കുന്ന നിരവധി ലേഖനങ്ങളുണ്ട് സി.ജെ. തോമസിന്റേതായി. യാതൊരു ദാക്ഷിണ്യവുമില്ലാതെ ക്ലാസിക്കൽ-ശാസ്ത്രീയ-വരേണ്യ-ശൈലീകൃത കലകളെയും സാംസ്‌കാരിക രൂപങ്ങളെയും അവയുടെ യാന്ത്രികഭാവനകളെയും അദ്ദേഹം കടന്നാക്രമിച്ചു. ശ്രദ്ധിക്കുക:
'കഥകളിയെപ്പോലെ മലയാളനാടകവേദിയെ നശിപ്പിച്ച മറ്റൊരു ശക്തിയില്ല. ഈ പ്രാകൃതയാന്ത്രികകല പ്രചരിക്കുന്നിടത്തോളം കാലം ഇവിടെ അഭിനയമെന്നൊന്നുണ്ടാകയില്ല. മുദ്ര കാണിക്കുന്നത് അഭിനയമല്ല. അതു രണ്ടും തമ്മിലുള്ള വ്യത്യാസം സംസാരവും മോഴ്‌സ്‌കോഡും തമ്മിലുള്ളതാണ്. ഒരു നൃത്തരൂപത്തിലെ പ്രതീകമെന്ന നിലയ്ക്കു കഥകളിയിലെ മുദ്രകൾക്ക് ഒരു കലാമൂല്യമുണ്ട്. പക്ഷേ, അതിൽനിന്നു രണ്ടു മഹാദ്രോഹങ്ങൾ ജനിക്കുന്നു. ഒന്ന്: അഭിനയമെന്ന വാക്കിനെപ്പറ്റിത്തന്നെ തെറ്റിദ്ധാരണ. രണ്ട്: യാന്ത്രികവും കൃത്രിമവുമായ അഭിനയം'.
സമഗ്രവും വിമർശനാത്മകവുമായ വ്യക്തി-തൂലികാചിന്ത്രങ്ങളായി സി.ജെ. അവതരിപ്പിക്കുന്ന ചില ദീർഘലേഖനങ്ങളുണ്ട്. കേസരി ബാലകൃഷ്ണപിള്ള, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ചങ്ങമ്പുഴ കൃഷ്ണപിള്ള തുടങ്ങിയവരെക്കുറിച്ചുള്ളവ ഉദാഹരണം. 'അ........അ......അതെനിക്കറിയില്ല' എന്നാരംഭിക്കുന്ന, ഇ.എം.എസിനെക്കുറിച്ചുള്ള സി.ജെ.യുടെ ലേഖനം പ്രസിദ്ധമാണ്. അദ്ദേഹം എഴുതുന്നു:
'ശ്രീ. ഇ.എം.എസ്. വൈരുദ്ധ്യങ്ങളുടെ ഒരു സമാഹാരമാണ്. വിക്കനാണെങ്കിലും അദ്ദേഹം ബൈബിളിലെ മോശയെപ്പോലെ ഒരു അഹറോന്റെ സഹായം തേടുന്നില്ല. പല സ്ഥലങ്ങളിലും അദ്ദേഹം പ്രസംഗിക്കുന്നതു കേട്ടിട്ടുണ്ട്. കൂടെപ്പിറപ്പായ വിക്ക് ശ്രോതാക്കളെ ശ്വാസം മുട്ടിക്കാറുണ്ട്. പക്ഷെ, യാതൊരു പൊടിപ്പും തൊങ്ങലും വച്ചുകെട്ടാത്ത അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾവിക്കാരെ തൃപ്തിപ്പെടുത്താറുണ്ട്. വാക്‌ധോരണി അദ്ദേഹത്തിനില്ല. ഹ്രസ്വതയാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വിശിഷ്ടസ്വഭാവം. ഏറ്റവും കുറച്ചു വാക്കുകളിൽ വളരെയധികം ആശയങ്ങൾ പ്രകടിപ്പിക്കുന്നതിന് അദ്ദേഹത്തിന് പാടവമുണ്ട്. ചുരുക്കത്തിൽ, വിക്കനായ വാഗ്മി-അതാണ് ശ്രീ. ഇ.എം.എസ്. വിക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ കുറവ്. ചുട്ട മാമ്പഴംപോലെ യാതൊരാകൃതിയുമില്ലാത്ത തല, അത്ഭുതം മാത്രം ദ്യോതിപ്പിക്കുന്ന കണ്ണുകൾ, മഠയനെന്നു വിളിച്ചുപറയുന്ന ആ വായ്, അതിനെല്ലാം ഉപരിയായി മുള്ളൻ പീലിപോലെ എഴുന്നേറ്റുനിൽക്കുന്ന മുടി- ഈ ഭൂഷണങ്ങളുടെ എല്ലാം കേദാരമായ ആ വികൃതരൂപത്തെ നേതാവായിട്ട് അംഗീകരിക്കുന്ന രാഷ്ട്രീയപ്രസ്ഥാനത്തിനു മൗലികമായിട്ടെന്തോ കുറവുണ്ടെന്നു സൗന്ദര്യാരാധകന്മാർ തലകുലുക്കി സമ്മതിക്കും. പോരെങ്കിൽ 'സൃഷ്ടിച്ച മണ്ണിലധികം മഷിചേർത്തു ദുഷ്ടൻ' എന്നു കവിപാടിയതും ഇദ്ദേഹത്തെ സംബന്ധിച്ചാണെന്നു തോന്നുന്നു'.
ചരിത്ര-സാമൂഹിക-നരവംശശാസ്ത്ര നിരീക്ഷണങ്ങളാണ് മറ്റൊരിനം. കേസരിയെ പിൻപറ്റിയെഴുതിയവയാണ് ഇവ മിക്കതും. ഇന്നുവായിക്കുമ്പോഴും ചരിത്രപരവും സാംസ്‌കാരികവുമായ കൗതുകം ജനിപ്പിക്കുന്നവ. വിശേഷിച്ചും പശ്ചിമേഷ്യൻ സംസ്‌കാരമാതൃകകളെ മുൻനിർത്തുന്ന ലേഖനങ്ങൾ.
മേല്പറഞ്ഞ വിഷയമേഖലകളേതിലുമാകട്ടെ, സി.ജെ.യുടെ ആഖ്യാനഭാഷയ്ക്കുള്ള കരുത്തും സൗന്ദര്യവും ഒന്നു വേറെതന്നെയാണ്. മുനവച്ച പ്രയോഗങ്ങൾ, ഇരുതലമൂർച്ചയുള്ള ശൈലികൾ, നിശിതമായ പരിഹാസങ്ങൾ, കടുകിട തെറ്റാതെയുള്ള ആക്രമണങ്ങൾ ....ധ്വന്യാത്മകവും വൈരുദ്ധ്യാത്മകവുമായ ഗദ്യത്തിന്റെ ഉളിത്തല സി.ജെ. സദാ മുന്നോട്ടുവയ്ക്കും പിന്നീട് കെ.പി. അപ്പനിലൂടെ ഏറെ പ്രസിദ്ധമായ മലയാളഗദ്യത്തിലെ കാവ്യാത്മകബിംബകല്പനകളുടെ തുടക്കം സി.ജെ.യിൽ കാണാൻ വിഷമമില്ല. (ഭാസ്‌കരൻനായരിലും!) ചില ഉദാഹരണങ്ങൾ നോക്കുക:
'മരണംവരെ അദ്ദേഹത്തിന് ദ്രോഹികളോടും വിഡ്ഢികളോടും സമരം ചെയ്യേണ്ടിവന്നു'.
'ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ ക്രോംവെല്ലിന്റെ ശിപായിയോളം സ്ഥാനമില്ല ഷെല്ലിക്ക്'.
'നിലനില്പു ലഭിച്ച ഏതു ചിന്താഗതിയും മതമായിത്തീരും. ഏത് മതവും ജ്ഞാനത്തിനൊരതിരുവെയ്ക്കും. അതിനപ്പുറമുള്ളതിനെയെല്ലാം ആ മതത്തിന്റെ പുരോഹിതന്മാർ ശപിക്കുകയും ചെയ്യും'.
'തോഴിയുടെ വളയോ, വാസവദത്തയുടെ വളയോ കിലുങ്ങിയതെന്നുള്ള വാദപ്രതിവാദം ഇനിയുമുണ്ടാകുമെന്നു തോന്നുന്നില്ല'.
'കുറേക്കാലത്തേയ്ക്ക് എഴുതാതിരിക്കുക എന്നുള്ളതാണ് നമ്മുടെ കവികൾക്കു ഭാഷയോടു ചെയ്യാവുന്ന ഏറ്റവും വലിയ സേവനം'.
'കേരളത്തിലെ കമ്യൂണിസത്തിന്റെ പിന്നിലുണ്ടായിരുന്നത് തൊഴിലാളിവർഗ്ഗമായിരുന്നില്ല; മുടിഞ്ഞ ഫ്യൂഡലിസമായിരുന്നു'.
പുസ്തകത്തിൽനിന്ന്:-
'ബുദ്ധിയും അറിവുമെല്ലാം കൈവെപ്പു സിദ്ധിച്ച ഒരു ന്യൂനപക്ഷത്തിന്റെ കൈയിലിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേർ ഫാഷിസമെന്നാണ് - ഫൂററും അസിസ്റ്റന്റു ഫൂറർമാരുമാണ് അവിടെ മനുഷ്യരെ ഭരിക്കുന്നത്. മുകളിൽനിന്ന് അധികാരം, താഴെനിന്ന് അനുസരണം എന്നാണ് തത്ത്വം. അങ്ങനെ ചോദ്യം ചെയ്യാതെ അനുസരിച്ചാൽ അതുകൊണ്ട് ബുദ്ധിയും ലഭിക്കുമത്രേ. സർവ്വവിജ്ഞാനവും അങ്ങനെ കൈക്കലാക്കാം. ജന്നിങ്‌സിനേക്കാൾ രാജ്യതന്ത്രം, കീൻസിനേക്കാൾ ധനശാസ്ത്രം, റസ്സലിനെക്കാളധികം തത്ത്വശാസ്ത്രം! എത്ര എളുപ്പമായ മാർഗ്ഗം. കണ്ടമാനം ധൂർത്തടിച്ച് ദീപാളികുളിച്ച് 'ദുഷിച്ചുനാറിയ സമുദായഘടന'യെ തെറിപറഞ്ഞ് രക്തസ്‌നാനം ഏറ്റുകഴിഞ്ഞ ഒരുവൻ ഞെളിഞ്ഞുനിന്ന് ലോകത്തിനു ജ്ഞാനമോതുകയാണ്: റോളണ്ട് അസ്ഥിരബുദ്ധിയാണ്, ഫ്രോയിഡ് ഞരമ്പുരോഗിയാണ്, ഗാന്ധി ഒറ്റുകാരൻ ബനിയാനാണ്. ഇവരുടെ കൈയിലിരിക്കുന്നത് ശാസ്ത്രമല്ല. സൂപ്പർശാസ്ത്രമാണ് - ശാസ്ത്രങ്ങളുടെയെല്ലാം താക്കോൽശാസ്ത്രം. അതറിഞ്ഞുകഴിഞ്ഞാൽ പിന്നെ സകലതുമറിയാം. അറിയുവാനുള്ള മാർഗ്ഗവും വളരെ ലളിതമാണ് - മാനസാന്തരം മാത്രം.
ജനായത്തത്തെ നിഷേധിക്കുന്ന ഏതു രാഷ്ട്രീയവും, ലേബലെന്തൊട്ടിച്ചാലും, ഫാഷിസംതന്നെ. വിശദീകരണം, വ്യാഖ്യാനം, ടിപ്പണി മുതലായവ ലക്ഷ്യത്തെ മൂടിക്കളയരുത്. സോവിയറ്റു യൂണിയൻ അപകടത്തിലാവുമ്പോൾ മാർക്‌സിസം ജീവകാരുണ്യത്തെ ആദരിക്കും, റേഷൻ വിതരണത്തിന് പ്രസംഗിക്കും, പട്ടാളത്തിലേക്ക് ആളുപിടിക്കും. ദേശീയവിമോചനസമരവും വിപ്ലവവപം നീട്ടിവയ്ക്കും. യുദ്ധം കഴിഞ്ഞാൽ ഭാഷ്യം മാറി, ജീവകാരുണ്യത്തെ പുച്ഛമായി. ആസിഡ് ബൾബുകൾ ശേഖരിക്കുന്നു. അതു പരാചയപ്പെടുമ്പോൾ പിന്നെയും ഭാഷ്യം മാറും. സമാധാനപ്രസ്ഥാനമായി, വോട്ടുപിടുത്തമായി: ഇങ്ങനെ യാതൊരു സത്യദീക്ഷയുമില്ലാതെ രാഷ്ട്രീയതോന്ന്യാസം കാണിക്കുന്നതെല്ലാം ഒരാദർശത്തിനുവേണ്ടിയാണത്രേ. എല്ലാം സോഷ്യലിസത്തിനുവേണ്ടി! പക്ഷേ, അക്കൊടിയുമേന്തി നടന്നിരുന്നവരിൽനിന്നാണ് മുസ്സോളിനിക്കും ഹിറ്റ്‌ലറിനും സഖാക്കളെ കിട്ടിയതെന്ന് ചരിത്രം പറയുന്നു. ഫാഷിസം മുതലാളിതത്ത്വശാസ്ത്രമാല്ല, നിരാശരായ ഇടത്തരക്കാരുടെ പ്രതികാരപ്രസ്ഥാനമാണ്. സോഷ്യലിസ്റ്റ് പ്രസ്ഥാനം (പ്രത്യേകിച്ചും അത് ഇടത്തരക്കാരുടെ നേതൃത്വത്തിലായിരിക്കുമ്പോൾ) ഫാഷിസ്റ്റായി തിരിയുക എന്നത് അസാദ്ധ്യമല്ല, അസാധാരണവുമല്ല. ഫാഷിസ്റ്റുകാർ ജീവിതസൗകര്യങ്ങൾക്കുവേണ്ടി വാദിക്കുന്നു. മുതലാളിത്തത്തെ എതിർക്കുന്നു. ദിവ്യ വെളിപാട് അവകാശപ്പെടുന്നു. സർവജ്ഞാനഭാവം അഭിനയിക്കുന്നു. ഭിന്നചിന്താഗതിക്കാരെ രക്തത്തിലൊഴുക്കുന്നു. ജനാധിപത്യമെന്ന പ്രധാന കാര്യം അപ്രായോഗികമായി തള്ളുന്നു. ആദർശധീരതയില്ലാത്ത സോഷ്യലിസ്റ്റുകാർ ഫാഷിസ്റ്റായിത്തീരാൻ സമയമധികം വേണ്ട. ഇന്ത്യയിലിന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത് അതുതന്നെയാണ്. ഒരുവശത്ത് അവർ സ്വയം ഫാഷിസ്റ്റായി തീരുക, മറുവശത്ത് ഗവൺമെന്റിനെയും പൊതുജനങ്ങളെയും ഫാഷിസ്റ്റ് മനോഭാവത്തിലേക്ക് പിടിച്ചുതള്ളുക, ഇതാണ് നമ്മുടെ കമ്മ്യൂണിസ്റ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നത്. മതത്തിന്റെയും ജാതിയുടെയും അന്തരീക്ഷത്തിൽ വളർന്ന ഒരു ജനതയ്ക്കു അന്ധമായ അനുസരണത്തിന്റെയും ശൂന്യമായ നിഷേധനത്തിന്റെയും ആത്മാവുണ്ടായിരിക്കും. ആ മണ്ണിലാണ് നമ്മുടെ സോഷ്യലിസ്റ്റ് ഫാഷിസ്റ്റുകൾ അവരുടെ കൃഷി നടത്തുന്നത്. മുളച്ചുവരുന്നത് ഗോൾവൽക്കറുടെ കമ്മ്യൂണിസം'.
സി.ജെ.യുടെ ലേഖനങ്ങൾ
സി.ജെ. തോമസ്
സമാഹരണം: കെ.എം. ചുമ്മാർ, ജോസ് കരിമ്പന
കേരളസാഹിത്യ അക്കാദമി
2017, വില : 850 രൂപ