തിരുവനന്തപുരം: ശബരിമലയിലെ വിഗ്രഹ പ്രതിഷ്ഠയ്ക്ക് സമാനമാണ് പുത്തൻചന്ത ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ അയ്യപ്പപ്രതിഷ്ഠ. വേലുത്തമ്പി ദളവ തിരുവിതാംകൂർ ദിവാനായിരുന്ന കാലത്ത് എന്നും എത്തിയിരുന്ന ക്ഷേത്രം. ശ്രീപത്മനാഭ സ്വാമിക്ഷേത്ര ചരിത്രവുമായി ഇഴചേർന്നു നിൽക്കുന്ന വിശ്വാസ പ്രമാണം. ഈ ക്ഷേത്രത്തെ അയ്യപ്പപ്രതിഷ്ഠയിൽ വിശ്വാസികൾക്കിടയിലേക്ക് കൂടുതൽ അടുപ്പിക്കാനുള്ള പദ്ധതികൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറാക്കുകയാണ്.

ശബരിമലയിൽ പ്രതിഷ്ഠിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ മൂന്ന് വിഗ്രഹങ്ങളിലൊന്നാണ് പുത്തൻചന്തയിലെ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലുമുള്ളത്. സന്നിധാനത്തുള്ള അയ്യപ്പവിഗ്രഹത്തിന്റെ തനി പകർപ്പ്. അതേ ഉയരും അതേ രൂപം. അതുകൊണ്ട് തന്നെ പുത്തൻചന്ത ക്ഷേത്രത്തിലെത്തിയാലും ശബരിമലയിലെ അതേ രൂപത്തിലും ഭാവത്തിലുമുള്ള ശബരീശ ദർശനം സാധ്യമാണ്. ഈ സാഹചര്യത്തിൽ സ്ത്രീ പ്രവേശന ചർച്ചാ കാലത്ത് ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ അയ്യപ്പ പ്രതിഷ്ഠ വിശ്വാസികൾക്ക് മുമ്പിൽ കൂടുതലായി എത്തിക്കണമെന്ന ആഗ്രഹം പുത്തൻചന്തയിലെ ഭക്തർക്കുണ്ട്.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് തൊട്ടു താഴെ ഹൗസിങ് ബോർഡ് ജംഗ്ഷനിലാണ് പുത്തൻചന്ത ക്ഷേത്രം. ഗാന്ധാരി അമ്മൻ കോവിലിന് വശത്തു കൂടിയും ഇവിടെ എത്താം. പുത്തൻചന്ത ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ നിത്യദർശനം മുമ്പ് നടത്തിയിരുന്നു. ഇന്ന് ഈ ചടങ്ങില്ലെന്ന കുറവ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദേവപ്രശ്നത്തിലും തെളിഞ്ഞിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രം രാജകുടുംബത്തിന് കൂടി പ്രാതിനിധ്യമുള്ള ട്രസ്റ്റിന് കീഴിലാണ്.

തങ്കവേലും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. അതുകൊണ്ട് കൂടിയാണ് ഈ ക്ഷേതത്രത്തിന്റെ പ്രാധാന്യം അറിഞ്ഞ് കൂടുതൽ ഭക്തരെ എത്തിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കം. മുമ്പ് മയിലിനേയും ഇവിടെ വളർത്തിയിരുന്നു. ബാലസുബ്രഹ്മണ്യമാണ് പ്രധാന പ്രതിഷ്ഠ. വേലുത്തമ്പിദളവ തിരുവിതാംകൂറിന്റെ ദിവാനായിരുന്നു. അദ്ദേഹം ഒരു മുരുക ഭക്തനായിരുന്നു. അന്ന് ദിവാന് ദിവസവും കുളിച്ച് തൊഴാനായിരുന്നു ഈ ക്ഷേത്രം പണിതത്.

ഇതിനൊപ്പം അയ്യപ്പന്റെ പ്രതിഷ്ഠയും കൂടുതലായി വിശ്വാസികളിലേക്ക് എത്തിക്കാനാണ് ദേവസ്വം ബോർഡ് പദ്ധതിയിടുന്നത്. ശബരിമലയിലേതിന് സമാനമായ ചൈതന്യമാണ് ഇവിടെയുള്ള ധർമ്മശാസ്താവിന്റെ പ്രതിഷ്ഠ. ശബരിമലയ്ക്ക് വേണ്ടി തയ്യാറാക്കിയ വിഗ്രഹങ്ങളിൽ ഒന്നാണ് ഇത്. അഗ്നിബാധ ഉണ്ടായപ്പോഴാണ് പുതിയ വിഗ്രങ്ങൾ നിർമ്മിച്ചത്. അതിൽ ഒന്ന് ശബരിമലയിൽ പ്രതിഷ്ഠിച്ചു. മറ്റൊന്ന് തിരുവനന്തപുരത്തേക്കും കൊണ്ടു വന്നു. സ്ത്രീകൾക്കും ഈ അയ്യപ്പവിഗ്രഹത്തിനെ വിശ്വാസ തടസ്സമില്ലാതെ കണ്ടു തൊഴാനാകും.

കാളഹസ്തീശ്വരന് സമാനമാണ് ഇവിടുത്തെ ശിവ പ്രതിഷ്ഠയും. കൈവള്ളയിൽ ഒതുങ്ങുന്ന ശിവലിംഗം. രാഹൂ ദോഷ നിവാരണത്തിന് ഏറെ പ്രസിദ്ധം. വേപ്പിന്മൂട് ഗണപതിയും ഏറെ പ്രധാന്യമുള്ളതാണ്. 108 പ്രദക്ഷിണത്തിന് നാഗ പ്രതിഷ്ഠയും ഉത്തമമാണെന്നാണ് വിശ്വാസം. അങ്ങനെ വിശ്വാസികളുടെ പ്രധാന ക്ഷേത്രമായി ഇതിനെ മാറ്റാമെന്ന പ്രതീക്ഷയാണ് ദേവസ്വം ബോർഡിനുള്ളത്. കൃഷ്ണൻ അമ്പാടിയാണ് ക്ഷേത്ര മേൽശാന്തി.