- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഹാറിൽ നിന്ന് ഗർഭിണിയെ എത്തിച്ച് നാട്ടാന പ്രസവം വീട്ടിൽ നടത്തിയത് അന്ധവിശ്വാസത്തെ പൊളിക്കാൻ; പൊക്കത്തിന്റെ കേമത്തത്തിന് അപ്പുറം വടിവൊത്ത ആനയഴകും വിരിഞ്ഞ നെറ്റിത്തടവും കണ്ട് ആനയ്ക്ക് 'മോദി' എന്ന് പേരിട്ട മുതലാളി; യൂട്യൂബിലെ വീരവാദം കേസായപ്പോൾ തെളിഞ്ഞത് ചിപ്പിലെ കള്ളക്കളി; പുത്തൻകുളം ഷാജിയെ കുടുക്കിയ ആനക്കേസ് ഇങ്ങനെ
കൊല്ലം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആനകൾ ഉള്ളതുകൊല്ലം പരവൂർ പൂതക്കുളത്തിനടുത്ത പുത്തൻകുളത്താണ്. പുത്തൻകുളം ജോയ്ഭവനിൽ വിശ്വംഭരൻ എന്ന ആനപ്രേമി ഗിരിജ എന്ന നാട്ടാനയെ വാങ്ങിയതോടെയാണ് നാട്ടുകാർക്ക് ആനക്കമ്പം കേറുന്നത്. ആനപ്രേമം വിശ്വംഭരനിൽ ഒതുങ്ങിനിന്നില്ല. അച്ഛനെ പിന്തുടർന്ന് മക്കളും ഈ രംഗത്തേക്കിറങ്ങി. മകൻ ഷാജിയായിരുന്നു ആനത്തറവാട്ടിലെ കാരണവർ. കേശവൻ, അനന്തപത്മനാഭൻ, വനമോഹനൻ, രാജശേഖരൻ, ഗണപതി, ഗംഗ, ഗൗരി എന്നിങ്ങനെ 22 ആനകൾ തറവാട്ടിന്റെ പെരുമ കാത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായാണ് പുത്തൻകുളം ഷാജി തന്റെ ഒരാനയ്ക്ക് മോദിയെന്ന് പേരിട്ടത്. പേരിലെ പെരുമതന്നെ മോദിയെ പൂരപ്പറമ്ബുകളിലെയും താരമാക്കി. പൊക്കത്തിന്റെ കേമത്തത്തിന് അപ്പുറം വടിവൊത്ത ആനയഴകും വിരിഞ്ഞ നെറ്റിത്തടവും ഈ മോദിയെ വ്യത്യസ്തനാക്കുന്നു. വിരിഞ്ഞ നെറ്റിത്തടവും സ്വഭാവത്തിലെ രാജകീയതയും അവനെ ആനപ്രേമികൾക്ക് പ്രിയപ്പെട്ടവനാക്കി. ഈ ആന പക്ഷേ ഉടമയെ ഇപ്പോൾ അകത്തുമാക്കി എന്നതാണ് യാഥാർത്ഥ്യം.
നാട്ടാനകടത്ത് കേസിൽ ആന ഉടമ അറസ്റ്റിലാകുന്നത് യ ട്യൂബ് വീടിയോ കാരണമാണ്. പുത്തൻകുളം ഷാജിയെ തന്ത്രപരമായാണ് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ മുംബൈയിൽവെച്ച് അറസ്റ്റ് ചെയ്തത്. ഇരുനൂറോളം ആനകളുടെ കടത്തുമായി ബന്ധപ്പെടട് യു ട്യൂബ് വീഡിയോ അടിസ്ഥാനമാക്കി വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇതരസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കേരളത്തിലേക്ക് കടത്തി കൊണ്ടുവരുന്നത് സംബന്ധിച്ച് യു ട്യൂബിൽ പ്രചരിച്ച വീഡിയോയിൽ നിറഞ്ഞത് അനധികൃത ആനക്കച്ചവടത്തിന്റെ കള്ളക്കളികൾ. ഇത് കുടുക്കിയത് പുത്തൻകുളത്തെ ഷാജിയേയും. നാട്ടാനക്കേസിൽ അങ്ങനെ മലയാളി മുംബൈയിൽ പിടിയിലാവുകയാണ്. ബിഹാർ, അസം, ആൻഡമൻസ് എന്നിവിടങ്ങളിൽ നിന്ന് നിയമ വിരുദ്ധമായി നാട്ടാനകളെ കേരളത്തിലേക്ക് കടത്തി എന്നതാണ് കേസ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് വിലക്കുണ്ട്.
യൂട്യൂബ് വീഡിയോയിൽ നിന്നാണ് പുത്തൻകുളം ഷാജിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വനംവകുപ്പിന് ലഭിച്ചത്. അന്വേഷണം ആരംഭിച്ചതോടെ മഹരാഷ്ട്രയിലേക്ക് കടക്കുകയായിരുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്നവൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോക്ക് വനം വകുപ്പ് വിവരങ്ങൾ കൈമാറി. ബ്യൂറോയുടെ റീജണൽ ഡയറക്ടർ യോഗേഷ് വാർക്കാടിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഷാജിയെ കസ്റ്റഡിയിലെടുത്തത്. നാട്ടാനകളുടെ മൈക്രോചിപ്പിൽ തിരിമറി നടത്തിയാണ് ഇതരസംസ്ഥാനങ്ങളിലെ ആനകളെ കേരളത്തിൽ പലർക്കും കൈമാറ്റം ചെയ്തിരുന്നത്.
മുംബൈയിൽ ഒളിവിലായിരുന്ന ഷാജിയെ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ മുംബൈ പൊലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും സഹായത്തോടെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ആനപ്പാർക്കിന്റെ ഉടമയാണ് ഷാജി. യൂട്യൂബ് ചാനലിൽ താൻ കേരളത്തിൽ എത്തിച്ച ആനകളെക്കുറിച്ചു പറയുന്ന വിഡിയോ പങ്കു വച്ചിരുന്നു. അതിൽ ഏകദേശം 200 ആനകളെ കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തിയതായി വീരവാദം മുഴക്കി. ഇതോടെ ഷാജി വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. പരവൂരിൽ ഷാജിയുടെ ഉടമസ്ഥതയിലുള്ള ആനത്താവളത്തിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം വ്യക്തമായി. ഇതോടെയാണ് ഇയാൾ മുങ്ങിയത്.
നാട്ടാനകളെ കടത്തിയതു സംബന്ധിച്ച് ഷാജിക്കെതിരെ 5 കേസുകളുണ്ട്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരവും 2003ലെ നാട്ടാന പരിപാലന നിയമപ്രകാരവും ആനകളെ കേരളത്തിൽ എത്തിച്ചു വിൽപന നടത്തുന്നതും കൈവശം വയ്ക്കുന്നതും ശിക്ഷാർഹമാണ്. അസമിൽ നിന്നും ബിഹാറിൽ നിന്നും ലേലത്തിൽ ആനകളെ വാങ്ങി വ്യാജ പാസ് ഉപയോഗിച്ച് കേരളത്തിൽ എത്തിക്കുകയായിരുന്നു തന്ത്രം. അതിന് ശേഷം വിൽപ്പനയും. ഇതെല്ലാം യൂട്യൂബിൽ വിശദീകരിച്ചത് ഷാജിക്ക് വിനയായി. പലപ്പോഴും ഷാജിയുടെ ആന ഇടപെടൽ വാർത്തയായിട്ടുണ്ട്.
2007ൽ ഷാജിയുടെ ആന പ്രസവിച്ചിരുന്നു. പതിറ്റാണ്ടുകൾക്കുശേഷം കേരളം സാക്ഷ്യംവഹിച്ച രണ്ട് നാട്ടാനപ്രസവങ്ങളിൽ ഒന്നായിരുന്നു അത്. പുത്തൻകുളം ഷാജിയുടെ ആനത്താവളത്തിലായിരുന്നു പ്രസവം. സോൺപുർ ആനച്ചന്തയിൽ നിന്ന് ഷാജി കണ്ടെത്തി കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന ലക്ഷ്മിയെന്ന ആനപ്പെണ്ണാണ് പ്രസവിച്ചത്. ഗർഭിണിയാണെന്ന സംശയത്തോടെ, അഥവാ ഉറപ്പോടെ തന്നെ ലക്ഷ്മിയെ ഷാജി കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്, ആന നാട്ടിൽ പ്രസവിക്കുന്നത് കുടുംബത്തിന് ദോഷമെന്ന അന്ധവിശ്വാസത്തെ പൊളിച്ചടുക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് തന്നെയായിരുന്നു ഇത്. അന്ന് ഇതെല്ലാം വലിയ വാർത്തയായിരുന്നു.
കുടുക്കിയത് മോദി ആന
സംസ്ഥാനത്ത് ആനക്കള്ളക്കടത്ത് തുടരുന്നത് വ്യാജ രേഖകളുപയോഗിച്ചാണെന്ന് വ്യക്തമായിരുന്നു. ഷാജി ബിഹാറിൽ നിന്ന് കേരളത്തിലേക്ക് ആനകളെ എത്തിച്ചത് വ്യാജ മൈക്രോ ചിപ് നമ്പറടക്കം ഉപയോഗിച്ചാണെന്ന് വനം വകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തു. ആനക്കടത്തിന് വ്യാജ രേഖകൾ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് ബിഹാർ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സംസ്ഥാനത്തിന് കൈമാറിയ റിപ്പോർട്ടും ചർച്ചയായി. ഷാജി തന്റെ കൈവശമുള്ള മോദി എന്ന ആനയെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് ഷാജിക്ക് തന്നെ കുരുക്കായി മാിയത്. ആനക്കള്ളക്കടത്ത് അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ കൈവശമുള്ള ആനകളെ കുറിച്ചടക്കം സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബിഹാർ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിന് ബിഹാർ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകിയ മറുപടിയാണ് ആനക്കള്ളക്കടത്തിന്റെ അടിവേരുകൾ പുറത്തുകൊണ്ടുവന്നത്.
ബിഹാറിലെ ഖാലിംപുര ഗ്രാമത്തിലെ അഖ്തറിന് 2007ൽ ഉടമ സ്ഥാവകാശം ലഭിച്ച ആനയാണ് ഷാജിയുടെ കൈവശമുള്ള മോദി എന്ന ആന. ബിഹാറിൽ ആനയുടെ മൈക്രോ ചിപ് നമ്പർ ഇതാണ്. ഇത് ഷാജിയുടെ കൈവശമെത്തിയപ്പോൾ മൈക്രോ ചിപ് നമ്പർ മാറിയതിങ്ങനെ. മോദി നിലവിൽ വനം വകുപ്പിന്റെ കസ്റ്റഡിയിലാണ്. ഷാജിയുടെ കൈവശമുള്ള പ്രസാദ് എന്ന ആനയ്ക്കും വ്യാജ മൈക്രോ ചിപ് നമ്പറാണ് ഉപയോഗിച്ചിരിക്കുന്നത്. ബിഹാറിൽ ശൈലന്ദ്രകുമാർ എന്നയാളുടെ ഉടമസ്ഥതയിലായിരുന്ന ഈ ആനയുടെ യഥാർത്ഥ മൈക്രോ ചിപ് നമ്പർ ബിഹാർ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സംസ്ഥാനത്തിന് കൈമാറി. വ്യാജ രേഖകളുണ്ടാക്കിയവർക്കെതിരെ കർശന നടപടി വേണമെന്നും ബിഹാർ വനം വകുപ്പ് കേരളത്തോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ