- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുത്തൻ പണത്തിൽ മൊത്തം കള്ളനോട്ടും കീറിയതും! ഇത് കാടുകയറിയ കഥയിൽ തീർത്ത തട്ടിക്കൂട്ട് ചിത്രം; ആശ്വാസമായത് കാസർകോടൻ വാമൊഴിയിൽ കസറിയ മമ്മൂട്ടിമാത്രം; വീണ്ടും പറയട്ടെ, ഷെയിം ഓൺ യൂ മിസ്റ്റർ രഞ്ജിത്ത്
രണ്ടായിരത്തിന്റെ പുതുപുത്തൻ നോട്ട് ഇറങ്ങിയ ഉടനെ തന്നെ അതിന്റെ ഫോട്ടോസ്റ്റാറ്റെടുത്ത് കാഴ്ചക്കുറവുള്ള വയോധികരെ പറ്റിച്ച ഒരുത്തനെയാണ് ഈ പടം കണ്ടപ്പോൾ ഓർത്തുപോയത്.അയാൾ ഒന്നുരണ്ടുപേരെയൊക്കെയാണ് പറ്റിച്ചതെങ്കിൽ, നമ്മുടെ പ്രതിഭാധനനായ സംവിധായകൻ രഞ്ജിത്ത് എത്രപേരെയാണ് പറ്റിക്കുന്നത്.അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'പുത്തൻ പണം' സത്യത്തിൽ ഒരു ഫോട്ടോസ്റ്റാറ്റാണ്. വേണമെങ്കിൽ ' ഇന്ത്യൻ റുപ്പി ആൻഡ് ലോഹം റീ ലോഡഡ്' എന്നൊക്കെ പരസ്യംചെയ്യാമായിരുന്നു.'ഇന്ത്യൻ റുപ്പി'തൊട്ട് , 'കടൽകടന്ന് മാത്തുക്കൂട്ടി'യും, 'ലോഹ'വുംതൊട്ടുള്ള രഞ്ജിത്തിന്റെതന്നെ സിനിമകളിലെയും പലഭാഗങ്ങൾ ചുരണ്ടിമാറ്റി അതിലേക്ക് മോദിയുടെ നോട്ട് നിരോധവും, കാസർകോടൻ വാമൊഴിയും കയറ്റിയാൽ അത്് 'പുത്തൻപണ'മായി. മൊത്തം കള്ളനോട്ടും കീറിയതുമാണ് ഈ 'പുത്തൻ പണത്തിൽ'. വൺലൈൻ കേൾക്കുമ്പോഴും ടീസർ കാണുമ്പോഴുമുള്ള സുഖം ചിത്രത്തിനില്ല. കണ്ടിരിക്കാവുന്ന ആദ്യപകുതിക്കുശേഷം, അരോചകമായ രണ്ടാംപകുതി കടന്ന്, തെലുങ്ക് നടൻ ബാലകൃഷ്ണ മോഡലിൽ നായകൻ വില്ലന്മാരെ അടിച്ചു പറപ്പിച്ച് കളയു
രണ്ടായിരത്തിന്റെ പുതുപുത്തൻ നോട്ട് ഇറങ്ങിയ ഉടനെ തന്നെ അതിന്റെ ഫോട്ടോസ്റ്റാറ്റെടുത്ത് കാഴ്ചക്കുറവുള്ള വയോധികരെ പറ്റിച്ച ഒരുത്തനെയാണ് ഈ പടം കണ്ടപ്പോൾ ഓർത്തുപോയത്.അയാൾ ഒന്നുരണ്ടുപേരെയൊക്കെയാണ് പറ്റിച്ചതെങ്കിൽ, നമ്മുടെ പ്രതിഭാധനനായ സംവിധായകൻ രഞ്ജിത്ത് എത്രപേരെയാണ് പറ്റിക്കുന്നത്.അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'പുത്തൻ പണം' സത്യത്തിൽ ഒരു ഫോട്ടോസ്റ്റാറ്റാണ്. വേണമെങ്കിൽ ' ഇന്ത്യൻ റുപ്പി ആൻഡ് ലോഹം റീ ലോഡഡ്' എന്നൊക്കെ പരസ്യംചെയ്യാമായിരുന്നു.'ഇന്ത്യൻ റുപ്പി'തൊട്ട് , 'കടൽകടന്ന് മാത്തുക്കൂട്ടി'യും, 'ലോഹ'വുംതൊട്ടുള്ള രഞ്ജിത്തിന്റെതന്നെ സിനിമകളിലെയും പലഭാഗങ്ങൾ ചുരണ്ടിമാറ്റി അതിലേക്ക് മോദിയുടെ നോട്ട് നിരോധവും, കാസർകോടൻ വാമൊഴിയും കയറ്റിയാൽ അത്് 'പുത്തൻപണ'മായി.
മൊത്തം കള്ളനോട്ടും കീറിയതുമാണ് ഈ 'പുത്തൻ പണത്തിൽ'. വൺലൈൻ കേൾക്കുമ്പോഴും ടീസർ കാണുമ്പോഴുമുള്ള സുഖം ചിത്രത്തിനില്ല. കണ്ടിരിക്കാവുന്ന ആദ്യപകുതിക്കുശേഷം, അരോചകമായ രണ്ടാംപകുതി കടന്ന്, തെലുങ്ക് നടൻ ബാലകൃഷ്ണ മോഡലിൽ നായകൻ വില്ലന്മാരെ അടിച്ചു പറപ്പിച്ച് കളയുന്ന കൈ്‌ളമാക്‌സിലത്തെുമ്പോൾ നാം അന്തവും കുന്തവും വിട്ട് ഇരുന്നുപോവും. എന്താണ് രഞ്ജിത്ത് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിച്ചത്?
അതിനിടെ ചിത്രത്തിൽ ആശ്വാസമാവുന്നത് മമ്മൂട്ടിയുടെ സ്‌ക്രീൻ പ്രസൻസാണ്. ഗ്രേറ്റ് ഫാദറിനുശേഷം ഊർജസ്വലമായ മറ്റൊരുവേഷത്തിൽ, കാസർകോടൻ ഭാഷയൊക്കെ നല്ല 'മജയായി' പറഞ്ഞ് മമ്മുക്ക ജോറാക്കുന്നുണ്ട്.പക്ഷേ എന്തുചെയ്യാം ഏച്ചുകെട്ടിയ രംഗങ്ങളും, കണ്ടുമടുത്ത കഥാഗതിയുമായി ചിത്രത്തെ മൊത്തത്തിലങ്ങ് കൊല്ലുകയാണ് രഞ്ജിത്ത് ചെയ്യുന്നത്.
മലയാളത്തിലെ എണ്ണം പറഞ്ഞ ഹിറ്റുകൾ നൽകിയ, എത്രയോ മികച്ച കഥാപാത്രങ്ങളെ സൃഷ്ടിച്ച സംവിധായകനും എഴുത്തുകാരനുമാണ് രഞ്ജിത്ത് എന്നത് മറന്നുകൊണ്ടല്ല ഇത് എഴുതുന്നത്.പക്ഷേ അദ്ദേഹത്തിന്റെ സമീപകാല ചിത്രങ്ങൾ നോക്കുക.'കടൽകടന്ന് ഒരു മാത്തുക്കുട്ടി', 'ഞാൻ', 'ലോഹം', 'ലീല' എന്നീ പടങ്ങളൊന്നും സാധാരണ പ്രേക്ഷകർക്ക് ദഹിച്ചിട്ടില്ല.ഏറെ പ്രതീക്ഷയോടെ ലോഹം കണ്ടിറങ്ങി ഈ ലേഖകൻ എഴുതിപ്പോയത്, 'ഷെയിം ഓൺ യൂ മിസ്റ്റർ രഞ്ജിത്ത്' എന്നായിരുന്നു. അതുതന്നെ ഒരിക്കൽകൂടി പറയട്ടേ. പ്രതിഭാധനനായ താങ്കളൊക്കെ ഇങ്ങനെ തിരക്കഥയിൽ ഗൃഹപാഠം ചെയ്യാതെ, പഴയ സിനിമകളെവെച്ച് മിമിക്രി കളിക്കുന്നത് തീർത്തും ലജ്ജാകരം തന്നെയാണ്.
2011ൽ പുറത്തത്തെിയ രഞ്ജിത്തിന്റെ ഇന്ത്യൻ റുപ്പി ശരിക്കും സാമൂഹിക സാമ്പത്തിക ബന്ധങ്ങളെ നിശിതമായി വിലയിരുത്തിയ ഒരു മികച്ച ചിത്രമായിരുന്നു. സത്യത്തിൽ അതിന്റെ പാരഡിയായിപ്പോയി ന്യൂ ഇന്ത്യൻ റുപ്പിയെന്ന ടാഗ്ലൈനിൽ ഇറങ്ങിയ ഈ പുത്തൻ പണം.ഇന്ത്യൻ റുപ്പിയിൽ തിളക്കുന്ന സാധാരണക്കാരന്റെ ജീവിതം ഉണ്ടായിരുന്നെങ്കിൽ, 'ന്യൂ' ചില വേഷം കെട്ടലുകളിൽ അഭിരമിച്ച് തീരുകയാണ്.
അസാധുനോട്ടിന്റെ കാലത്തെ അധോലോകം
നാം കേട്ടു മടുത്ത അധോലോക കഥതന്നെയാണ് ഈ പടത്തിലും. 2016 നവംമ്പർ എട്ട് എന്ന ദിവസം ഈ പടത്തിലെ അധോലോകത്തെയും ഞെട്ടിപ്പിച്ച ദിവസമാണ്. ആയിരം അഞ്ചൂറ് രുപ അസാധുവാക്കിയ അന്ന് രാത്രി എഴുമണിയോടെ നടന്ന ഒരു ഡീലിൽ നമ്മുടെ നായകൻ നിത്യാനന്ദഷേണായിക്ക് നഷ്ടമാവുന്നത് 25 കോടി രൂപയാണ്. നോട്ടുനിരോധനവിവരം നേരത്തെ അറിഞ്ഞ ഒരു രാഷ്ട്രീയ നേതാവാണ് നിരോധനത്തിന് ഒരു മണിക്കൂർ തൊട്ടുമുമ്പേ ഇരുപത്തിയഞ്ചുകോടി രൂപയുടെ നോട്ടുകെട്ടുകൾ നൽകി ഷേണായിയെ പറ്റിച്ചത്. അതുമൂലമുണ്ടായ വലിയ ആഘാതം പരിഹരിക്കാനായി സടകുടഞ്ഞ് എഴുനേൽക്കയാണ് അയാളും സംഘവും. അതിനായി കൊച്ചിയിലത്തെിയ അവർക്ക് പിന്നീട് അതിനേക്കാൾ വലിയ പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരുന്നത്.
ചിത്രത്തിന്റെ മറ്റൊരു പ്രധാന കഥാപാത്രമായ ഒരു എട്ടാംക്‌ളാസ് വിദ്യാർത്ഥിയുടെയും (മാസ്‌ററർ സ്വരാജ്) അവന്റെ അമ്മയുടെയും( ഇനിയ) ഫ്‌ളാഷ്ബാക്ക് പറഞ്ഞുകൊണ്ടാണ് ചിത്രം നോട്ടുനിരോധന രാത്രിയിലേക്ക് എത്തുന്നത്. ഇവിടെയാക്കെ കഥയുടെ രസച്ചരട് മുറിയാതെ കൊണ്ടുപേകാൻ രഞ്ജിത്തിന് കഴിയുന്നുണ്ട്. നിത്യാനന്ദഷേണായിയായുള്ള മമ്മൂട്ടിയുടെ മാസ് എൻട്രിയിലൂടെ ചിത്രം ചടുലമാവുന്നു. എന്നാൽ രണ്ടാം പകുതിയിൽ കഥയാകെ മാറുകയാണ്.ഇതെങ്ങനെ വികസിപ്പിക്കണമെന്ന് അറിയാൻ വയ്യാത്ത അവസ്ഥ.15 മിനുട്ടുകൊണ്ട് പറഞ്ഞുതീർക്കാവുന്ന കാര്യങ്ങളാണ് ഇങ്ങനെ വലിച്ചുനീട്ടി ഒന്നേകാൽ മണിക്കൂർ ഒപ്പിക്കുന്നത്.കഥയുടെയും തിരക്കഥയുടെയും ബലക്കുറവ് തന്നെയാണ് ഈ പടത്തിന്റെ പ്രശ്‌നം. അതിൽ ഒന്നാം പ്രതി മറ്റാരുമല്ല, ഹിറ്റ് മേക്കർ രഞ്ജിത്ത് തന്നെ.
ക്‌ളീഷേകളിൽനിന്ന് മാറാതെ രഞ്ജിത്ത്
ഒരു കാലത്ത് തമ്പുരാൻ സിനിമകളുടെ വക്താവായിരുന്ന രഞ്ജിത്ത് ഏറെ വിമർശനങ്ങൾക്കുശേഷമാണ് ട്രാക്ക് മാറ്റിയത്.അപ്പോഴും പുരുഷ കേന്ദ്രീകൃതവും, നായക പൂർണതയിൽ അധിഷ്ടിതവുമായ അർധ ഫ്യൂഡൽ വാർപ്പുചിന്തകളിൽനിന്ന് അദ്ദേഹത്തിന് മാറാനായിട്ടില്ല. നായക കഥാപാത്രത്തിന്റെ തുപ്പൽ കോളാമ്പി ചുമക്കാനും ഇടക്കിടെ കോമഡി പറയാനുമായി കുറെ പടപ്പുകളെ സൃഷ്ടിക്കുകയെന്ന പണി ഈ പടത്തിലുമുണ്ട്. മാമുക്കോയയുടെ , ഹരീഷ്‌കണാരന്റെയും നേതൃത്വത്തിലുള്ള ഒരു വലിയ സംഘത്തിന്റെ പണി അതുമാത്രമാണ്.നമ്മുടെ ന്യൂജൻ സിനിമകൾ ഈ ലൈനിൽനിന്നൊക്കെ എത്രയോ മാറ്റിപ്പിടിക്കാൻ ശ്രമിക്കയാണ്.അപ്പോഴാണ് നായകന്റെ ഉപ്പും ചോറും തിന്ന് വളർന്ന, അയാൾക്കായി എന്തും ചെയ്യാൻ മടിക്കാനും, എത്ര തല്ല്കിട്ടിയായും ഒറ്റാത്തവരുമായ ഒരു സംഘം വീണ്ടും വരുന്നത്.ഇത്തവണ അവർ പൂർണ വില്ലന്മാരല്ല, കാസർകോടൻ സ്‌ളാങ്ങിൽ കോമഡി പറയുന്നവരാണ്.
നായകനെ വീരശൂര നരസിംഹാവതാരമാക്കാനുള്ള തള്ളുകൾ ഇത്തവണ പരമാവധി കുറച്ചുവെന്നത് ശരിയാണ്.ഷേണായി സ്വയം തള്ളുമ്പോഴൊക്കെ അതിന് അക്ഷേപഹാസ്യത്തിന്റെ ചുവ നൽകാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.പക്ഷേ കൈ്‌ളമാക്‌സ് എത്തിയാൽ പിന്നെ മമ്മൂട്ടി മെഗാ സ്റ്റാറാവുന്നു.അതുവരെയുള്ള എല്ലാകെട്ടുകളും പൊട്ടിച്ച് പിന്നീടങ്ങോട്ട് ഒരു ചാട്ടമാണ്.മമ്മൂട്ടിയുടെ ഇടി കിട്ടിയിട്ട് വില്ലന്മാർ പറക്കുയാണ്. (എന്റെ ഡിങ്കാ, നീയിതൊന്നും കാണുന്നില്ലേ!) പ്രിയപ്പെട്ട രഞ്ജിത്ത്, ഒട്ടും റിയലിസ്റ്റിക്കല്ലാത്ത ഇത്തരം സംഘട്ടനങ്ങളൊക്കെ നിങ്ങൾക്ക് ഇപ്പോഴും സ്‌ക്രീനിൽ കാണിക്കാമെന്നത് ലജ്ജാകരമാണ്.ജയൻ-ബാലൻ.കെ നായർ കാലഘട്ടത്തിൽനിന്നൊക്കെ മലയാള സിനിമമാറിയത് നിങ്ങളറിഞ്ഞില്ലേ?
പണത്തിനായുള്ള നെട്ടോട്ടത്തിലുമൊക്കെ നിങ്ങൾക്ക് 'ലോഹത്തിലെ' പലരംഗങ്ങളും കാണാം. സ്വർണത്തിന് പകരം നോട്ടാണെന്ന് മാത്രം. എട്ടാംക്‌ളാസുകാരൻ കുട്ടിയുമായുള്ള നായകന്റെ സൗഹൃദത്തിൽ നമുക്ക് പ്രാഞ്ചിയേട്ടനെ കാണാം. പക്ഷേ പ്രാഞ്ചിയേട്ടനെപ്പോലെ കുട്ടിയുടെ രംഗങ്ങൾ ഇവിടെ സ്വാഭാവികമായി ഉപയോഗിക്കപ്പെട്ടിട്ടില്ല. എട്ടാംക്‌ളാസുകാരൻ തോക്ക് ഉപയോഗിക്കുന്നതും, പണം തട്ടൽ പ്‌ളാൻ ചെയ്യുന്നിടത്തുമൊക്കെ അസ്വാഭാവികതയും കല്ലുകടിയും പ്രകടമാണ്.വൻതോക്കുകളെ ഒതുക്കുന്ന ഷേണായിക്ക് ഒരു കുട്ടിയെ വീഴ്‌ത്താൻ കഴിയാത്തത് സറ്റയറാക്കി പറയാനുള്ള സംവിധായകന്റെ ശ്രമം ദയനീയമായി പരാജപ്പെടുകയാണ്.രണ്ടാം പകുതിയിൽ പലയിടത്തും ചിത്രം ബോറടിപ്പിക്കുന്നുമുണ്ട്.
എന്തിനോവേണ്ടി തിളക്കുന്ന സാമ്പാർ
പക്ഷേ തീർത്തും പിടികിട്ടാത്തത് ഈ ചിത്രം ഉയർത്തുന്ന ആശയത്തിന്റെ കോർ എന്താണെന്നാണ്.എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ എന്നതുപോലെ, ഈ ചിത്രത്തിൽ എന്ത് രാഷ്ട്രീയ ആശയമാണ് പറയേണ്ടതെന്ന് സംവിധായകന് തന്നെ ആശയക്കുഴപ്പമാണ്. ചിത്രം നോട്ടുനിരോധനമെന്ന ഗൗരവേമേറിയ രാഷ്ട്രീയ പ്രശ്‌നത്തെ അനുകൂലിക്കയാണോ പ്രതികൂലിക്കയാണോ? സിനിമയുടെ ചിത്രീകരണ സമയത്തൊക്കെ കേട്ടിരുന്നത് നോട്ടുനിരോധനത്തെ തുടർന്ന് സാധാരണക്കാർക്കുണ്ടായ പ്രശ്‌നങ്ങൾ ഈ പടത്തിലുണ്ട് എന്നൊക്കെയായിരുന്നു.എന്നാൽ ചിത്രത്തിൽ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ ഏതാനും ഡയലോഗുകളിൽ തീരുന്നു.ബാക്കിയെല്ലാം കോടികൾ കൊണ്ട് കളിക്കുന്ന അധോലോകത്തിന്റെ ആധിയാണ്.ഇത്തരമൊരു സർജിക്കൽ സ്‌ട്രൈക്ക് ജനങ്ങളുടെ നേർക്ക് നടത്തുമ്പോൾ നമ്മുടെ പ്രധാനമന്ത്രിയും പറഞ്ഞിരുന്നത് കള്ളപ്പണവും കള്ളനോട്ടുമൊക്കെ തടയിടാന് ഈ പരിപാടിയെന്നാണ്.ഫലത്തിൽ ഈ ചിത്രം ആന്ത്യന്തികമായി അതുതന്നെയാണ് ശരിവെക്കുന്നത്.എ.ടി.എമ്മിനുമുന്നിൽ ക്യൂനിന്ന് കുഴഞ്ഞുവീണ് മരിച്ചവരെയൊന്നും കാണാതെ രഞ്ജിത്ത് വൻകിടക്കാരുടെ കോടികളിലേക്കാണ് പോവുന്നത്.
അതുപോലെതന്നെ നോട്ടുനിരോധനത്തിന്റെ ഭാഗമായി നടന്ന ചില സ്റ്റീരിയോടൈപ്പ് പ്രചാരണങ്ങൾക്ക് പെട്രോൾ ഒഴിച്ചുകൊടുക്കുന്ന പലരംഗങ്ങളും ചിത്രത്തിലുണ്ട്.ജോയ്മാത്യു അവതരിപ്പിച്ച കോഴിക്കോട്ടുകാരനായ ഹാജിയാർ തന്നെ ഉദാഹരണം.സ്വന്തം വീട്ടിൽ ഒരു അറപോലെ പണിത് 'എനിക്കുതന്നെ എത്രയുണ്ടെന്ന് നിശ്ചയമില്‌ളെന്ന്' പറയുന്നത്ര കോടികളുടെ നോട്ടാണ് ഹാജിയാരുടെ കൈയിലുള്ളത്.(പക്ഷേ നമ്മുടെ ഷേണായി ബ്രാഹ്മണനായതുകൊണ്ട് ഇതെല്ലാം ബാലൻസ് ചെയ്യുന്നുണ്ട് രഞ്ജിത്ത്. കള്ളക്കടത്തിലും വേണ്ടേ മതസൗഹാർദം! ) അതുപോലെതന്നെ കുഴൽപ്പണക്കാരെയും കള്ളപ്പണക്കാരെയുമൊക്കെ തമാശക്കാരും മനുഷ്യസ്‌നേഹികളുമാക്കി 'ലോഹത്തിലെ'യെന്നപോലെ ഒരു സോഫ്്ട് കോർണർ സൃഷ്ടിക്കുന്നുണ്ട് സംവിധായകൻ. ( സമാധാനമായി കള്ളക്കടത്ത് നടത്തി ജീവിക്കാൻ പറ്റാതായി എന്ന് ഒരു സിനിമയിൽ കരമന പറയുന്നതാണ് ഓർമ്മവരുന്നത്) ഇങ്ങനെയുള്ള ആശയ അവ്യക്ത അവസാന സമയത്ത് ചിത്രത്തിൽ പ്രകടമാണ്.കഥാന്ത്യത്തിൽ ഷേണായി ദാവൂദ് ഇബ്രാഹിമിന്റെ ആളാണ് എന്നൊക്കെ പൊലീസുകാർ പത്രസമ്മേളനം നടത്തുന്ന ഭാഗം സ്പൂഫ് ആണോ ഒറിജിനൽ ആണോ എന്ന കൺഫ്യൂഷൻ പ്രേക്ഷകനിലേക്കും എത്തുന്നു.അതുതന്നെയാണ് ഈ പടത്തിന്റെ പ്രധാന പരാജയവും. എന്തൊക്കെയോ ശക്തമായി പറയാൻ ആഗ്രഹിച്ച്, അത് മറ്റെന്തൊക്കെയോ ആയിപ്പോവുകയും മൊത്തത്തിൽ എവിടെയും എത്താതെ ആവുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ ചീറ്റിപ്പോയ ഒരു വിഷുപ്പടക്കത്തിന്റെ ഗണത്തിലേ ഈ പടത്തെയും പെടുത്താൻ പറ്റൂ.
മമ്മൂട്ടി മരണമാസ്
കാസർകോടൻ ഭാഷയിൽ പറഞ്ഞാൽ ഈ 'അൽക്കുൽത്തുകൾക്കൊക്കെ' ഇടയിലും പടം അൽപ്പമെങ്കിലും കണ്ടിരിക്കാൻ തോനുന്നത് തേജസ്സാർന്ന മമ്മൂട്ടി പ്രകടനം കൊണ്ടാണെന്ന് പറയാതെ വയ്യ. കാസർകോടൻ വാമോഴി അതീവ രസകരമായാണ് അദ്ദേഹം കൈകാര്യം ചെയ്തിരക്കുന്നത്. ആ സൗണ്ട് മോഡുലേഷനും, സൂക്ഷ്മമായ ശാരീരിക ഭാവങ്ങളും പുതുതലമുറ കണ്ടുപഠിക്കണം. സംഭാഷണം എഴുതിയ പി.വി ഷാജികുമാറിനും അഭിമാനിക്കാം.'മേങ്ങാതെ മോങ്ങീട്ട് മടങ്ങാൻ ഷേണായി ബേറെ ജനിക്കണം' എന്ന ഡയലോഗിനൊക്കെ ഫാൻസിന്റെ കൈയടിയും കിട്ടുന്നുണ്ട്.
സാധാരണ സ്റ്റണ്ടുരംഗങ്ങളിൽ ഒരു വൃത്തംവരച്ച് അതിനകത്ത് നിന്ന് കൈയും കാലും പ്രത്യേക മോഡലിൽ ചലിപ്പിച്ച് നടത്തുന്ന സംഘട്ടനത്തിനുപകരം ഈ പടത്തിൽ മമ്മൂട്ടി പറന്ന് അടിക്കയാണ്.പലപ്പോഴും ഇത് കത്തിയാവുന്നുണ്ടെങ്കിലും, പ്രായാധിക്യം തനിക്ക് തീരേ ബാധിച്ചിട്ടില്‌ളെന്ന് മമ്മൂട്ടി വീണ്ടും വീണ്ടും തെളിയിക്കുന്നു.(അടുത്തിടെ ബിയോണ്ട് ദ ബോർഡേഴ്‌സിൽ പൊണ്ണത്തടികൊണ്ട് വലയുന്ന മോഹൻലാലിനെയാണ് കണ്ടത്!)
മമ്മൂട്ടി കഴിഞ്ഞാൽ കുഞ്ഞപ്പനെന്ന ക്രിമിനലിനെ അവതരിപ്പിച്ച ബൈജുവും, ആക്രിക്കാരനായ ഇന്ദ്രൻസും, ബാലതാരം മാസ്റ്റർ സ്വരാജുമാണ് ഓർമ്മയിൽ നിൽക്കുന്നത്.മമ്മൂട്ടി ഗ്യാങ്ങിലെ മിമിക്രിക്കാരും മോശമാക്കിയിട്ടില്ല.നവാഗതനായ ഓം പ്രകാശിന്റെ പ്രത്യേക രീതിയിലുള്ള ടേക്കുകൾ ചിലയിടത്ത് ചിത്രത്തിന് ബാധ്യതയാവന്നുമുണ്ട്. സംഗീതവും പശ്ചാത്തലവുമൊന്നും നന്നായിട്ടില്ല. സാധാരണ രഞ്ജിത്ത് ചിത്രങ്ങളിൽ ഇത്തരം ശ്രദ്ധക്കുറവ് കാണാറില്ല. തോക്ക് പിടിച്ചുകൊണ്ടുള്ള കുട്ടികളുടെ പാട്ടിന്റെ ചിത്രീകരണവും അരോചകമായി.
വാൽക്കഷ്ണം: എന്തെങ്കിലും ഒരു സംഭവം ഉണ്ടാകുമ്പോഴേക്കും പടം തട്ടിക്കൂട്ടിയാലുണ്ടാവുന്ന ദുരന്തത്തിന്റെ ഈ വർഷത്തെ രണ്ടാം ഉദാഹരണമാണിത്. മോദിയുടെ സർജിക്കൽ സ്‌ട്രൈക്കിന്റെ വാർത്തകേട്ടതോടെ ആവേശം കയറി നമ്മുടെ മേജർ രവിസാർ പ്രഖ്യാപിച്ച, ബിയോണ്ട് ബോർഡേഴ്‌സ് ഒരു സൂനാമിയായിരിക്കയാണെല്ലോ. അതുപോലെ തന്നെ നോട്ടുനിരോധനം കേട്ടപ്പോഴേ രഞ്ജിത്തും ചിത്രം പ്രഖ്യാപിച്ചു. അതായത് കഥയെ സ്വാഭാവികമായി വികസിപ്പിക്കാതെ ഈ പ്‌ളോട്ടിലേക്ക് ഞെക്കിക്കയറ്റുകയാണ് ഇവർ ചെയ്യുന്നത്.പടങ്ങൾ വാലും തലയുമില്ലാതാവുന്നതിന്റെ ഒരുകാരണം ഇതുമാണ്.ഇങ്ങനെ തട്ടിക്കൂട്ടാതെ നല്ല തിരക്കഥയുണ്ടാവുന്നതുവരെ കാത്തിരിക്കൂ സാർ.കാശുകൊടുത്ത് തീയേറ്റിൽ കയറുന്നവരുടെ അഭ്യർത്ഥനയാണിത്.
(വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14/04/2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും വിഷുവിന്റെ ആശംസകളും, ദുഃഖവെള്ളിയുടെ പ്രാർത്ഥനകളും നേരുന്നു - എഡിറ്റർ)