- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയിൽ വീടില്ല; താമസിക്കുന്നത് അനിയന്റെ വീട്ടിൽ; കുടുംബ വിഹിതം കിട്ടിയ ഒരേക്കറിൽ വീടു പണിതു തിരുവനന്തപുരത്ത് നിന്നും താമസം മാറ്റും; സജീവ രാഷ്ട്രീയം വിട്ടു പുതുപ്പള്ളിക്കാരുടെ എംഎൽഎ ആയി മാത്രം കഴിയാൻ ആലോചിച്ച് മുൻ മുഖ്യമന്ത്രി
കോട്ടയം: പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞാണ് ഉമ്മൻ ചാണ്ടി. 50 വർഷത്തിൽ അധികം പുതുപ്പള്ളിയുടെ എംഎൽഎയായ മുൻ മുഖ്യമന്ത്രി. എല്ലാ ആഴ്ചയിലും രണ്ടു ദിവസം എന്തു തിരക്കുണ്ടെങ്കിലും പുതുപ്പള്ളിയിൽ എത്തുന്ന നേതാവ്. എല്ലാ അർത്ഥത്തിലും പുതുപ്പള്ളിക്കാരനാണ് ഉമ്മൻ ചാണ്ടി. തിരുവനന്തപുരത്തെ വീടിനും പേര് പുതുപ്പള്ളിയെന്ന്. പക്ഷേ ഈ നേതാവിന് പുതുപ്പള്ളിയിൽ സ്വന്തമായി വീടില്ലെന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ ഒരു വീട് വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഉമ്മൻ ചാണ്ടി.
ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയിൽ വീടില്ലെന്നതാണ് വസ്തുത. ഇവിടെ എത്തുമ്പോൾ താമസിക്കുന്നത് അനിയന്റെ വീട്ടിലാണ്. ഈ സാഹചര്യത്തിൽ കുടുംബ വീതം കിട്ടിയ ഒരേക്കറിൽ വീടു പണിതു തിരുവനന്തപുരത്ത് നിന്നും താമസം മാറ്റാനാണ് ഉമ്മൻ ചാണ്ടിയുടെ താൽപ്പര്യം. സജീവ രാഷ്ട്രീയം വിട്ടു പുതുപ്പള്ളിക്കാരുടെ എംഎൽഎ ആയി മാത്രം കഴിയാൻ ആലോചിക്കുകയാണ് അദ്ദേഹം. ഇനി കഴിയുന്നതും യാത്രകളൊഴിവാക്കി ജന്മനാട്ടിൽ കൂടുതൽ സജീവമാകാനുള്ള തീരുമാനം.
സംസ്ഥാനത്തിന്റെ ഏതുഭാഗത്തായാലും മിക്കവാറും ദിവസം ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെത്തും. നിയസഭാ സമ്മേളനം നടക്കുമ്പോഴാണെങ്കിൽ ആഴ്ചയവസാനം പുതുപ്പള്ളിയിലെത്തുകയെന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നിർബന്ധമായിരുന്നു. അദ്ദേഹം വീട്ടിലുള്ള ഞായറാഴ്ചകളിൽ ആ മുറ്റം നിറയെ പുലർച്ചെ മുതൽ ആളുകളുണ്ടാവും, തങ്ങളുടെ പ്രശ്നത്തിനു പരിഹാരമുണ്ടാകുമെന്ന ഉറച്ചവിശ്വാസത്തോടെ. പേരെടുത്തു വിളിക്കാവുന്ന ആത്മബന്ധമാണ് ഓരോരുത്തരുമായും അദ്ദേഹത്തിന്. അതുകൊണ്ടാണ് പുതുപ്പള്ളിയിലേക്ക് മാറണമെന്ന ആഗ്രഹം ഉമ്മൻ ചാണ്ടിക്ക് കലശലാകുന്നതും.
തിരുവനന്തപുരത്തെ ജഗതിയിലാണ് ഉമ്മൻ ചാണ്ടിയുടെ 'പുതുപ്പള്ളി ഹൗസ്'. അധികം താമസിയാതെ പുതുപ്പള്ളിക്കും ഈ വിലാസം സ്വന്തമാകുമെന്നതാണ് വസ്തുത.തറവാടായ കരോട്ടു വള്ളക്കാലിൽ വീടിന് അൽപം അകലെ പുതുപ്പള്ളി ജംക്ഷനിലാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബ വിഹിതമായ ഒരേക്കർ ഭൂമി. എംഎൽഎമാർക്കുള്ള ഭവന വായ്പ ഉപയോഗിച്ച് ഇവിടെ വീടു നിർമ്മിക്കാനാണ് ആലോചന. വീടിനോടു ചേർന്നു തന്നെ എംഎൽഎ ഓഫിസും നിർമ്മിക്കുന്നുണ്ട്. നിലവിൽ ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളി മണ്ഡലത്തിൽ എംഎൽഎ ഓഫിസ് ഇല്ല.
'പുതുപ്പള്ളിയിൽ വീടു വയ്ക്കാൻ ആലോചനയുണ്ട്. ഉടനെയല്ല' ഉമ്മൻ ചാണ്ടി പറഞ്ഞു. പുതുപ്പള്ളിയോടൊപ്പം എഴുതിച്ചേർത്ത പേരാണ് ഉമ്മൻ ചാണ്ടിയുടേത്. 'ഉമ്മൻ ചാണ്ടി, പുതുപ്പള്ളി പിഒ' എന്ന വിലാസത്തിലാണ് കത്തുകൾ എത്തുന്നത്. അനുജൻ അലക്സ് ചാണ്ടിയാണ് ഇപ്പോൾ തറവാട്ടിൽ താമസിക്കുന്നത്. സഹോദരി വത്സ തൊട്ടടുത്തു താമസിക്കുന്നു. എംഎൽഎ ആയപ്പോഴാണ് ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തേക്കു താമസം മാറ്റിയത്. അന്ന് മുതൽ പുതുപ്പള്ളിയിലെത്തുമ്പോൾ അനുജനൊപ്പമാണ് താമസം.
1970 മുതൽ കേരളരാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമാണ് ഉമ്മൻ ചാണ്ടി. 1970ൽ എംഎൽഎയായതു മുതൽ നിയമസഭ മാത്രമാണ് അദ്ദേഹത്തിന്റെ തട്ടകം. ഇരുപത്തിയേഴാം വയസിലാണ് ഉമ്മൻ ചാണ്ടി നിയമസഭയിലെത്തുന്നത്. തുടർന്ന് രണ്ടു തവണ മുഖ്യമന്ത്രിയും മൂന്നുതവണ മന്ത്രിയും ഒരുതവണ പ്രതിപക്ഷ നേതാവുമായി അദ്ദേഹം. കെഎസ്യുവിന്റെ ഒരണ സമരത്തിലൂടെ 1958ൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം 1965ൽ സംസ്ഥാന ജനറൽ സെക്രട്ടറിയും 1969ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായി. രണ്ടുവട്ടം യുഡിഎഫ് കൺവീനർ സ്ഥാനം വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് എംഎൽഎയായി ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. 1977ൽ മുപ്പത്തി നാലാം വയസിലാണ് ആദ്യമായി മന്ത്രിയായത്. തൊഴിൽ വകുപ്പ് കൈാര്യം ചെയ്ത അദ്ദേഹം 1982ൽ ആഭ്യന്തര മന്ത്രി പദവും 1991ൽ ധനമന്ത്രി പദവും അലങ്കരിച്ചു. എകെ ആന്റണി രാജിവച്ചതിനെത്തുടർന്ന് 2004 മുതൽ 2006 വരെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി 2011ലാണ് ആ പദവിയിൽ വീണ്ടുമെത്തുന്നത്.
മത്സരിക്കാനാരംഭിച്ചതു മുതൽ ഒരു തിരഞ്ഞെടുപ്പിലും അദ്ദേഹം തോറ്റിട്ടില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച രണ്ടുപേരേയുയുള്ളൂ ഉമ്മൻ ചാണ്ടിക്കു മുന്നിൽ. 13 തവണ വീതം വിജയിച്ച അന്തരിച്ച നേതാക്കളായ എം കരുണാനിധിയും കെഎം മാണിയും. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധി 54 വർഷമാണ് എംഎൽഎ സ്ഥാനം വഹിച്ചത്. കെഎം മാണി 51 വർഷവും. ഒരിക്കൽ പോലും തോറ്റിട്ടില്ലാത്ത ഇരുവരും മരണംവരെ എംഎൽഎമാരായിരുന്നു. പുതുപ്പള്ളിക്കാരും കുഞ്ഞൂഞ്ഞും തമ്മിലുള്ള ബന്ധം അറിയുന്ന ഏതൊരാൾക്കും ഈ റെക്കോർഡ് ഒരു അദ്ഭുതമേയല്ല.
പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെഒ ചാണ്ടി- ബേബി ചാണ്ടി ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമനായി 1943 ഒക്ടോബർ 31നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനനം. നിയമബിരുദധാരിയാണ്. 1977 മെയ് 31നായിരുന്നു മറിയാമ്മയുമായുള്ള വിവാഹം. പത്രത്തിൽ നൽകിയ അറിയിപ്പിലൂടെയായിരുന്നു അദ്ദേഹം വിവാഹം ക്ഷണിച്ചത്. നേരിട്ടോ അല്ലാതെയോ ആരെയും ക്ഷണിക്കുന്നില്ലെന്നും ദയവായി ഇതൊരു അറിയിപ്പായി കരുതണമെന്നുമായിരുന്നു കുറിപ്പിലെ അഭ്യർത്ഥന. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരാണ് ദമ്പതികളുടെ മക്കൾ.
മറുനാടന് മലയാളി ബ്യൂറോ