കോട്ടയം: പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് ഇന്നു കൊടിയേറും. രണ്ടിനു കൊടിമരഘോഷയാത്ര ആരംഭിക്കും. പുതുപ്പള്ളി, എറികാട് കരകളിൽ നിന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു കൊടിമരങ്ങളും വഹിച്ചുള്ള ഘോഷയാത്ര പുറപ്പെടും.

വാദ്യമേളങ്ങളുടേയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയിൽ ആർപ്പുവിളികളുമായാണ് കൊടിമര ഘോഷയാത്ര. വൈകിട്ടു അഞ്ചിനു ഡോ. യാക്കോബ് മാർ ഐറേനിയസ് കൊടിയേറ്റും. ഇതിനു മുന്നോടിയായി രാവിലെ എട്ടിനു അഞ്ചിന്മേൽ കുർബാനയും, 10ന് അഖില കേരള ചിത്രരചനാ മൽസരവും നടത്തും.

നാളെ കുർബാനയ്ക്കുശേഷം പൊതുസമ്മേളനം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. നടൻ ജയറാമാണ് മുഖ്യാതിഥി. ഈ വർഷത്തെ 'ഓർഡർ ഓഫ് സെന്റ് ജോർജ്' ബഹുമതി ദയാബായിക്കു സമർപ്പിക്കും. മെയ്‌ അഞ്ചിനാണു തീർത്ഥാടനസംഗമം.

എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനു കൊടിയേറി. പുലർച്ചെ അഞ്ചു മുതൽ വികാരിയുടെ നേതൃത്വത്തിൽ ഒൻപതു വൈദികർ തിരുക്കർമങ്ങൾ നടത്തി. അൾത്താരയിൽ നിന്നു പൊന്നിൻ കുരിശിന്റെയും മെഴുകുതിരിക്കാലുകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ കൊടിക്കൂറ പള്ളിയുടെ തിരുനടയിൽ എത്തിച്ച് ആശിർവദിച്ചു. 7.30ന് ഫൊറോന വികാരി ഫാ.ജോൺ മണക്കുന്നേൽ കൊടിയേറ്റ് കർമം നിർവഹിച്ചു.

കൊടി ഉയർന്നതോടെ താള മേളങ്ങളും വെടിക്കെട്ടും നടന്നു. നൂറുകണക്കിനു വർണബലൂണുകൾ വാനിലേക്ക് ഉയർന്നു. ഇന്നലെ രാവിലെ മുതൽ തന്നെ വിശ്വാസികൾ മുട്ടിന്മേൽ നീന്തുകയും ഭാരം ചുമന്നു പ്രദക്ഷിണം വയ്ക്കുകയും കൊടിമരത്തിൽ എണ്ണ അഭിഷേകം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു.

ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം നടത്തുന്ന രണ്ടാമത്തെ പെരുന്നാളാണ് ഇത്. ഇക്കുറിയും കൊടിക്കയർ പട്ടു നൂലിൽ തീർത്തതായിരുന്നു. നൂൽ തമിഴ്‌നാട് സ്വദേശി വഴിപാടായി എത്തിക്കുകയായിരുന്നു. ഇനിയുള്ള 17 ദിനരാത്രങ്ങൾ വിശുദ്ധന്റെ മുന്നിൽ ഉള്ളുരുകി പ്രാർത്ഥിക്കുന്നതിനും നേർച്ചകാഴ്ചകൾ അർപ്പിക്കുന്നതിനുമുള്ള തിരക്കായിരിക്കും.

കൊടിയേറ്റ് ദർശിക്കാൻ രണ്ടുനാൾ മുൻപുതന്നെ കന്യാകുമാരി, തൂത്തുക്കുടി, തിരുന്നൽവേലി, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വിശ്വാസികൾ എത്തിയിരുന്നു. വികാരി ഫാ.ജോൺ മണക്കുന്നേൽ ആശീർവാദ പ്രസംഗം നടത്തി. കൊടിയേറ്റിനു ശേഷം മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ആഘോഷമായ കുർബാന നടത്തി. തുടർന്ന് ഫാ.ഇഗ്‌നേഷ്യസ്, ഫാ.ജയശീലൻ, ഫാ.ജെനി ഇരുപതിലിന്റെ കാർമികത്വത്തിൽ മധ്യസ്ഥ പ്രാർത്ഥനയും ലദീഞ്ഞും നടന്നു.