പാലക്കാട്: പുതുപ്പരിയാരം പഴയ പഞ്ചായത്ത് ഓഫീസിനു സമീപം സഹോദരനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ച സംഭവം പുറത്തായത് പഞ്ചായത്ത് പ്രസിഡന്റ് എംകെ നാരായണന്റെയും നാട്ടുകാരുടേയും സമയോചിതമായ ഇടപെടലിനെതുടർന്ന്. സംശയം തോന്നിയ നാട്ടുകാരുടെ ഇടപെടലാണ് നിർണ്ണായകമായത്. ഇതോടെ വെറുമൊരു നാടുവിടലായി ഒതുങ്ങുമായിരുന്ന മണികണ്ഠൻ മരണത്തിലെ ചുരുൾ അഴിഞ്ഞു. മൃതദേഹം വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടത്തി.

സംഭവത്തിൽ രണ്ടു സഹോദരങ്ങളെ പൊലീസ് അറസ്റ്റുചെയ്തു. ശ്വാസംമുട്ടിച്ച് കൊന്ന ശേഷം ഇയാളുടെ മൃതദേഹം വീട്ടിലെ സെപ്റ്റിക്ടാങ്കിലേക്ക് ഇടുകയായിരുന്നു.കൊല്ലപ്പെട്ട മണികണ്ഠന്റെ സഹോദരന്മാരായ രാമചന്ദ്രൻ (45) ഇളയ സഹോദരൻ രാജേഷ് (37) എന്നിവരാണ് അറസ്റ്റിലായത്. സിഐഎസ്എഫ് ഉദ്യോഗസ്ഥനാണ് രാമചന്ദ്രൻ. ഇവരെ ചോദ്യം ചെയ്തപ്പോൾ തന്നെ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും ഹേമാംബികനഗർ സബ് ഇൻസ്പെക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞു. നിർണ്ണായകമായത് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയാണ്. നാട്ടുകാർ വിവരം തന്നെ അറിയിച്ചതനുസരിച്ചാണ് പൊലീസിൽ പരാതി നൽകിയതെന്ന് പ്രസിഡന്റ് മറുനാടൻ മലയാളിയോട് പറഞ്ഞു

മണികണ്ഠനെ കാണാനില്ലെന്ന് പറഞ്ഞ് പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എംകെ നാരായണൻ നൽകിയ പരാതിയയിലായിരുന്നു പൊലീസ് അന്വേഷണം തുടങ്ങിയത്. എല്ലാം ശുഭകരമായി അവസാനിച്ചുവെന്ന് കരുതിയ സഹോദരങ്ങളുടെ കണക്ക് കൂട്ടൽ ഇതോടെ പിഴച്ചു. മണികണ്ഠന്റെ തിരോധനക്കേസ് അന്വേഷണം കൊലയിലേക്കുള്ള കാര്യകാരണങ്ങളിലേക്ക് പൊലീസിനെ എത്തിച്ചു. കൂടെപിറപ്പിനെ കാണാതായിട്ടും എന്തുകൊണ്ട് സഹോദരങ്ങൾ അന്വേഷിക്കുന്നില്ലെന്ന സ്വാഭാവിക സംശയമാണ് പൊലീസിന് വഴികാട്ടിയായത്.

ഒലവക്കോട്ട് ലോട്ടറി വിൽപനക്കാരൻകൂടിയായ മണികണ്ഠനെ 15 ദിവസം മുൻപാണ് കാണാതായത്. ഇന്നു രാവിലെ സെപ്റ്റിക് ടാങ്ക് തുറന്നുപരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇയാളുടെ മറ്റൊരു സഹോദരനായ കൃഷ്ണൻകുട്ടിയുടെ വിവാഹത്തിന് ഇയാളെ കാണാതായതോടെയാണ് അയൽവാസികൾക്ക് സംശയം തോന്നിയത്. തുടർന്നാണ് നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റ് എംകെ നാരായണനെ കാര്യം അറിയിച്ചത്. വിഷയത്തിൽ സിപിഐ(എം) നേതാവ് കൂടിയായ എംകെ നാരയണൻ സജീമായി ഇടപെട്ടു.

മണികണ്ഠന്റെ വീട്ടിൽ തിരക്കിയപ്പോൾ തങ്ങൾക്കും മണികണ്ഠൻ എവിടെയാമെന്ന് അറിയില്ലെന്നാണ് അവർ പറഞ്ഞത്. പൊലീസിൽ പരാതി നൽകിയില്ലേ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടി ലഭിച്ചതോടെയാണ് നാട്ടുകാർക്കും സംശയം കൂടിയത്. തുടർന്ന് പ്രസിഡന്റിന്റെ നേതത്വത്തിൽ ഇവർ ഹേമാംബികനഗർ പൊലീസിൽ പരാതി നൽകിയത്. മണികണ്ഠനെ കാണാതകുന്നതിന് കുറച്ച് ദിവസങ്ങൽക്ക് മുൻപ് വീട്ടിൽ വഴക്കും തർക്കവും നടന്നിരുന്നുവെന്നും നാട്ടുകാർ പൊലീസിനോട് പറഞ്ഞു. സ്ഥിരമായി വീട്ടിൽ നിന്നും ബഹളവും ഒച്ചപ്പാടും കേൾക്കാറുള്ളതായും നാട്ടുകാർ പറഞ്ഞു.

സ്വത്ത് വിഷയത്തിൽ മണികണ്ഠൻ വയോധികരായ മാതാപിതാക്കളെ ഉപദ്രവിക്കുമായിരുന്നുവെന്നും പൊലീസ് മറുനാടനോട് പറഞ്ഞു. സഹോദരങ്ങളുമായും ഇയാൾ പ്രശ്നമുണ്ടാക്കിയിരുന്നുവെന്ന് അയൽക്കാരും പൊലീസിനോട് പറഞ്ഞു. സ്വത്തു തർക്കത്തിൽ മൂന്നുമാസം മുൻപ് മണികണ്ഠൻ പിതാവിനും സഹോദരങ്ങൾക്കുമെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. വിവാഹമോചിതനായ ഇയാൾക്ക് ബാങ്ക് നിക്ഷേപവും രണ്ടിടത്ത് സ്ഥലവും ഉണ്ട്. ഇതെല്ലാം മനസ്സിൽ വ്ച്ച് സഹോദരരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇതോടെ കുറ്റസമ്മതവും ഉണ്ടായി.