മോസ്‌കോ: റഷ്യയും അമേരിക്കയുമായി ഇന്ത്യയ്ക്ക് എപ്പോഴും ഊഷ്മളമായ ബന്ധമാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇന്ത്യ കൂടുതൽ അമേരിക്കയോട് അടുത്താൽ റഷ്യ സംശയത്തോടെ വീക്ഷിക്കുകയും മറിച്ച് റഷ്യയോട് കൂടുതൽ അടുത്താൽ അമേരിക്കയ്ക്ക് ഭയമുണ്ടാകുകയും ചെയ്യുന്ന പതിവുമുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയും തമ്മിൽ വളരെ അടുത്ത സൗഹൃദം അടുത്തകാലത്ത് ഉയർന്നിട്ടുണ്ട്. മോദിയെ സ്തുതിച്ച് ഒബാമ പല വേദികളിൽ രംഗത്തെത്തി. ആഗോള താപനം തടയാൻ ലോകരാഷ്ട്രങ്ങൾ കൈകോർത്ത പാരിസ് ഉച്ചകോടിയിൽ മോദി നിർണ്ണായക പങ്കാണ് വഹിച്ചത്. ഈ പങ്കിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ തിരികെ നാട്ടിലെത്തിയശേഷം ഡൽഹിയിലേക്ക് വിളിച്ച് നന്ദി പറഞ്ഞത് ഇതിന്റെ തെളിവാണ്.

ഉച്ചകോടിക്കിടെ കരാറിലുൾപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് മോദിയും ഒബാമയും പലതവണ ആശയവിനിമയം നടത്തിയിരുന്നു. യു.എന്നിന്റെ നേതൃത്വത്തിൽ നടന്ന ഉച്ചകോടി വിജയിപ്പിക്കുന്നതിൽ വളരെ ക്രിയാത്മകമായ പങ്കാണ് ഇന്ത്യ വഹിച്ചത്. ഇങ്ങനെ മോദി-ഒബാമ സൗഹൃദത്തിൽ റഷ്യൻ പ്രസഡന്റ് വ്‌ലാഡിമിർ പുടിൻ അസ്വസ്ഥനാണെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി റഷ്യയിൽ എത്തിയതോടെ ഈ അസ്വസ്ഥതകൾ പുറത്തുവന്നുവെന്നാണ് പൊതു വിലയിരുത്തൽ.

മോദി ചൈനയിൽ എത്തിയപ്പോൾ ചൈനീസ് പ്രധാനമന്ത്ര നേരിട്ട് വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചിരുന്നു. ഇതുപോലൊരു സ്വീകരണം റഷ്യൻ പ്രസിഡന്റിൽ നിന്നും മോദി പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അതുണ്ടാകാത്തതിൽ മോദി ക്യാമ്പ് അസ്വസ്ഥരാണ്. തലസ്ഥാനമായ മോസ്‌കോയ്ക്ക് പുറത്തുള്ള നുകോവോ വിമാനത്താവളത്തിൽ റഷ്യൻ സൈന്യം ഗാർഡ് ഓഫ് ഓണർ നൽകി സ്വകീരിച്ചെങ്കിലും പ്രധാനമന്ത്രിക്ക് തൃപ്തി പോരെന്നാണ് അറിയുന്നത്.

കഴിഞ്ഞയാഴ്ച റഷ്യയിൽ നിന്ന് എസ്400 ട്രിംഫ് എയർ ഡിഫൻസ് സിസ്റ്റംസ് 40,000 കോടി രൂപയ്ക്ക് വാങ്ങുന്നതിന് ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതിന് ശേഷമാണ് മോദി റഷ്യയിലേക്ക് വിമാനം കയറിയത്. റഷ്യയിൽ എത്തുമ്പോൾ പുടിനിൽ നിന്നും ഊഷ്മള സ്വീകരണവും പ്രതീക്ഷിച്ചു എന്നാൽ അതുണ്ടാകാത്തതോടെ റഷ്യൻ സന്ദർശനത്തിന്റെ നിറം കെടുമോ എന്ന ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്. തണുപ്പും മഴയും ചുവന്ന പരവതാനി വിരിച്ച സ്വീകരണത്തിന് തടസമായില്ലെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തിരുന്നു.

പ്രസിഡന്റ് വ്‌ലാഡിമർ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മോദിക്കായി ഒരുക്കിയ അത്താഴ വിരുന്നിലാണ് ഇരു നേതാക്കളും കണ്ടു മുട്ടിയതും പരസ്പ്പരംസംസാരിച്ചതും. അത്താഴ വിരുന്നിലെ ചർച്ചകൾക്ക് പുറമേ കൂടുതൽ വിശദമായ ചർച്ചകളിലേക്ക് ഇരു നേതാക്കളും നീങ്ങുന്നുണ്ട. പ്രതിരോധ മേഖലയിലും ആണവ രംഗത്തും കരാറുകൾ ഒപ്പിടും. പ്രതിരോധ മേഖലകളിലും ആണവ മേഖലയിലും ഇന്ത്യയുമായി വളരെ ചേർന്നു നിൽക്കുന്നവരാണ് റഷ്യയെന്നും അതിനാൽ ഇവ സംബന്ധിച്ച് നിരവധി ചർച്ചകൾ നടത്തുന്നതിന് സാധ്യതയുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി സുബ്രഹ്മണ്യൻ ജയ്ശങ്കർ പറഞ്ഞു.

വ്യാഴാഴ്ച മോസ്‌കോയിൽ ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ചടങ്ങിൽ 3000ത്തോളം ഇന്ത്യക്കാർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. തീവ്രവാദത്തെ പ്രതിരോധിക്കുന്നതും സിറിയയിലെ റഷ്യൻ ആക്രമണം ഉൾപ്പെടെയുള്ള വിഷയവും പുടിനുമായുള്ള ചർച്ചകളിൽ ഇടംപിടിക്കും. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം അതുല്യമാണെന്നും മനുഷ്യസാധ്യമായ എല്ലാ മേഖലകളിലും വ്യാപിച്ചുകിടക്കുന്നതാണെന്നുമായിരുന്നു മോസ്‌കോയിലേക്ക് പോകും മുൻപ് പ്രധാനമന്ത്രിയുടെ പ്രതികരണം. സന്ദർശനത്തിൽ ശുഭാപ്തി വിശ്വാസമാണ് ഉള്ളതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പ്രതിരോധ ബന്ധം മെച്ചപ്പെടുത്താൻ സന്ദർശനം സഹായിക്കുമെന്നും മോദി ട്വിറ്ററിൽ അഭിപ്രായപ്പെട്ടിരുന്നു.

റഷ്യയുടെ ഏറെ മൂല്യവത്തായ സുഹൃത്താണ് ഇന്ത്യയെന്നായിരുന്നു മോസ്‌കോയുടെ പ്രതികരണം. പ്രതിരോധ മേഖലയിൽ നിരവധി കരാറുകളാകും സന്ദർശനത്തിൽ ഒപ്പുവെയ്ക്കുക. നരേന്ദ്ര മോദിയുടെ ആദ്യ ഔദ്യോഗിക റഷ്യൻ സന്ദർശനമാണിത്. അതേസമയം പാരീസ് ഉച്ചകോടിയോടെ ഇന്ത്യയും അമേരിക്കയുമായുള്ള സൗഹൃദം കൂടുതൽ ശക്തമായതായി വിലയിരുത്തപ്പെടുന്നുണ്ട്. ഇതുകൊണ്ടാണ് പുടിന്റെ അസ്വസ്ഥതയും.