മോസ്‌കോ: ഇന്ത്യയും പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങളിൽ മധ്യസ്ഥത വഹിക്കാമെന്ന് ഏറ്റിട്ടില്ലെന്ന് വ്യക്തമാക്കി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിൻ രംഗത്തെത്തിയതോടെ, അന്താരാഷ്ട്ര തലത്തിൽ പാക്കിസ്ഥാൻ വീണ്ടും നാണംകെട്ടു. റഷ്യ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പുട്ടിൻ പറഞ്ഞുവെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അവകാശവാദമാണ് ഇതോടെ പൊളിഞ്ഞത്. റഷ്യ മധ്യസ്ഥത വഹിക്കാമെന്ന് പറഞ്ഞിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി.

ഭീകരതയും അതിർത്തികടന്നുള്ള അക്രമങ്ങളും പാക്കിസ്ഥാൻ അവസാനിപ്പിച്ചാൽ കശ്മീർ പ്രശ്‌നത്തിൽ ചർച്ചയ്ക്ക് സന്നദ്ധമാണെന്നതാണ് ഇന്ത്യൻ നിലപാടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ഗോപാൽ ഭാഗ്‌ലേ പറഞ്ഞു. ഇന്ത്യയുടെ ഈ നിലപാട് റഷ്യക്ക് വ്യക്തമായറിയാം. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ റഷ്യ മധ്യസ്ഥതയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

റഷ്യ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന പ്രചാരണം പാക്കിസ്ഥാൻ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. തൊട്ടുപിന്നാലെ ഇതിനെ സ്വാഗതം ചെയ്തുകൊണ്ട് പാക് വിദേശമന്ത്രാലയ വക്താവ് നഫീസ് സഖറിയയും രംഗത്തെത്തി. കസാഖ്‌സ്താനിലെ അസ്താനയിൽ നടന്ന എസ്.സി.ഒ ഉച്ചകോടിക്കിടെ നവാസ് ഷെരീഫും പുട്ടിനുമായി നടന്ന ചർച്ചയിലാണ് ഇത്തരമൊരു നിർദദേശം റഷ്യൻ പ്രസിഡന്റ് വെച്ചതെന്നാണ് പാക് മാധ്യമങ്ങൾ അവകാശപ്പെട്ടത്.

പാക്കിസ്ഥാന് മുന്നിൽ റഷ്യ അത്തരമൊരു നിർദ്ദേശം വെച്ചിട്ടില്ലെന്ന് ന്യൂഡൽഹിയിലെ റഷ്യൻ എംബസിയും വ്യക്തമാക്കി. അസ്താനയിൽ നടന്ന ചർച്ചകളിൽ കാശ്മീർ പ്രശ്‌നം ഉയർന്നുവന്നിട്ടില്ലെന്നും ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് റഷ്യൻ പ്രസിഡന്റ് നൽകിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു. റഷ്യയെ സ്വാധീനിക്കാൻ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് തുടർച്ചയായി ശ്രമം നടന്നതിനിടെയാണ് ഈ നിരാകരിക്കൽ.

അടുത്തിടെ അന്താരാഷ്ട്ര തലത്തിൽ നവാസ് ഷെരീഫ് നാണം കെടുന്നത് തുടരുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സന്ദർശിക്കുന്ന മേഖലയിലെ ആദ്യ രാഷ്ട്രത്തലവനാകാൻ ഷെരീഫ് ഇതിനിടെ ഒരു ശ്രമം നടത്തിയിരുന്നു. സൗദി അേറേബ്യയിൽ ട്രംപ് എത്തിയപ്പോഴാണ് ഷെരീഫ് അവിടേയ്ക്ക് ചെന്നത്. എന്നാൽ, ഷെരീഫിനെ കാണാൻ ട്രംപ് കൂട്ടാക്കിയില്ല. ജൂൺ ഒടുവിൽ നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കുന്നുണ്ട്. അതിനുമുമ്പ് ട്രംപിനെ കാണുകയെന്ന ഷെരീഫിന്റെ മോഹമാണ് ഇതോടെ പൊലിഞ്ഞത്.