ഷ്യയും അമേരിക്കയും തമ്മിലുള്ള അകൽച്ച നാൾക്കുനാൾ കൂടിവരുമ്പോൾ, ലോകം ആശങ്കയോടെയാണ് അതിനെ കാണുന്നത്. അമേരിക്ക ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങളോടുള്ള തിരിച്ചടിയായി റഷ്യയിലെ 755 ഡിപ്ലോമാറ്റുകളെ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിൻ പുറത്താക്കി. നേരത്തേ അമേരിക്കയുടെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം സെപ്റ്റംബറോടെ 455 ആയി വെട്ടിച്ചുരുക്കമെന്ന് റഷ്യൻ വിദേശമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇത്രയും ഉദ്യോഗസ്ഥരാണ് റഷ്യയുടേതായി അമേരിക്കയിലുള്ളത്.

ആയിരത്തിലേറെ അമേരിക്കക്കാരാണ് റഷ്യയിൽ ജോലി ചെയ്യുന്നത്. ഇതിൽ 755 പേർ ജോലി അവസാനിപ്പിച്ച് മടങ്ങിപ്പോയേ  തീരൂ-റൊഷ്യ 24 ചാനലിന് നൽകിയ അഭിമുഖതത്തിൽ പുട്ടിൻ പറഞ്ഞു. അമേരിക്കയുമായുള്ള ബന്ധത്തിൽ മാറ്റമൊന്നും അടുത്തിടെ പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികൾ മാറുമെന്ന് കരുതി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായെന്നും ഇനി നന്നാവുമെന്ന് പ്രതീക്ഷയില്ലെന്നും പുട്ടിൻ പറഞ്ഞു..

2016-ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്നാരോപിച്ചും 2014-ൽ ക്രിമിയയിൽ നടത്തിയ ഇടപെടലിലും റഷ്യക്കുമേൽ ുപരോധം ശ്ക്തമാക്കാൻ വ്യാഴാഴ്ച അമേരിക്കൻ സെനറ്റ് തീരുമാനമെടുത്തിരുന്നു. ഉത്തരകൊറിയക്കും ഇറാനും മേൽ ഉപരോധം ശക്തമാക്കാനും സെനറ്റ് ഇതിനൊപ്പം തീരുമാനിച്ചിരുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നത് താൻ അധികാരത്തിലേറിയാൽ റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നായിരുന്നു. പുട്ടിനോടുള്ള തന്റെ ആദരവ് പലകുറി ട്രംപ് വ്യക്തമാക്കുകയും ചെയ്തിരുന്നു. എ്ന്നാൽ, പിന്നീട് ഇരുനേതാക്കളും അകലുന്ന കാഴ്ചയാണ് കണ്ടത്. ഇതിന്റെ തുടർച്ചയാണ് നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാനുള്ള നീക്കവും.

റഷ്യയിലെ അമേരിക്കൻ പ്രതിനിധികളുടെ എണ്ണം 455 ആയി വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട റഷ്യ, അമേരിക്കയുടെ രണ്ട് നയതന്ത്ര സ്ഥാപനങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കാനും നിർദ്ദേശിച്ചു. മോസ്‌കോയിലെ സമ്മർ ഹൗസും ഒരു ഗോഡൗണുമാണ് ഓഗസ്റ്റ് ഒനന്നുമുതൽ പൂട്ടുന്നത്.

സമാനമായ നടപടി കഴിഞ്ഞ ഡിസംബറിൽ അമേരിക്കയും സ്വീകരിച്ചിരുന്നു. അന്ന് പ്രസിഡന്റായിരുന്ന ബരാക് ഒബാമ, അമേരിക്കയിലെ റഷ്യൻ പ്രതിനിധികളിൽ 35 പേരെ പുറത്താക്കാനും രണ്ട് സ്ഥാപനങ്ങൾ പൂട്ടാനും നിർദ്ദേശിച്ചു. വാഷിങ്ടണിലുണ്ടായിരുന്ന റഷ്യയുടെ രണ്ട് സമ്മർ ഹൗസുകളാണ് ഇതനുസരിച്ച് പൂട്ടിയത്.