മോസ്‌കോ: വ്‌ളാഡിമിർ പുട്ടിൻ നാലാം വട്ടവും റഷ്യൻ പ്രസിഡന്റ്. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ പുടിൻ വൻവിജയം സ്വന്തമാക്കി. ആറുവർഷത്തേക്കാണ് പുടിൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതോടെ അദ്ദേഹത്തിന് 2024 വരെ അധികാരത്തിൽ തുടരാം.74 ശതമാനം വോട്ടോടെയാണ് പുടിന്റെ വിജയം. വൻവിജയം സമ്മാനിച്ച പുടിൻ റഷ്യൻ ജനതയ്ക്ക് നന്ദി പറഞ്ഞു.

യഥാർഥത്തിൽ തിരഞ്ഞെടുപ്പ് വെറും ഔപചാരികത മാത്രമായിരുന്നു. ഞായറാഴ്ചത്തെ വോട്ടെടുപ്പിൽ നാലാം വട്ടവും വ്്ളാഡിമിർ പുടിൻ പ്രസിഡന്റ് സ്ഥാനം ഏറുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ലായിരുന്നു. എന്നാൽ, വോട്ടിങ് ശതമാനം എത്രയാകുമെന്ന് മാത്രമായിരുന്നു നിരീക്ഷകരുടെ ആകാംക്ഷ. ഏത്ര ശതമാനം വോട്ടായാലും അതുതന്റെ വിജയമാണെന്ന് പുടിൻ മോസ്‌കോയിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ പറയുകയും ചെയ്തു.

ആറുവർഷത്തേക്ക് കൂടി പുടിനെ അവരോധിക്കാനുള്ള തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം കൂട്ടാൻ സംഗീതപരിപാടികൾ സംഘടിപ്പിക്കുന്നതടക്കം കോടികളാണ് ഭരണകൂടം മുടക്കിയത്. .അതേസമയം റഷ്യയിലെ പല വോട്ടിങ് കേന്ദ്രങ്ങളിലും ക്രമക്കേടുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്. ബാലറ്റ് ബോക്‌സുകളിൽ അധിക ബാലറ്റുകൾ തിരുകുക, ബാലറ്റ് ബോക്‌സുകൾക്ക് മുകളിലെ സിസിടിവികളുടെ കാഴ്ച മറ്ക്കും വിധം കൊടികൾ വയ്ക്കുക, ബാലറ്റ് നമ്പറുകളിലെ തട്ടിപ്പ് ഇങ്ങനെ നിരവധി ക്രമക്കേടുകളാണ് എതിരാളികൾ ആരോപിക്കുന്നത്. 2012 ലെ തിരഞ്ഞെടുപ്പിലുണ്ടായ വ്യാപകമായ ക്രമക്കേടുകൾ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.

ഇരട്ടച്ചാരനെ വധിച്ച സംഭവത്തിൽ രാഷ്ട്രം വിമർശനങ്ങൾ നേരിടുകയും യുഎസ് ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. റഷ്യയുടെ കിഴക്കൻ ഭാഗത്ത് ശനിയാഴ്ച തുടങ്ങിയ തിരഞ്ഞെടുപ്പ് യൂറോപ്പിനോടു ചേർന്നു കിടക്കുന്ന ഭാഗങ്ങളിൽ ഞായറാഴ്ചയാണ് നടന്നത്.

18 വർഷത്തെ ഭരണത്തിൽ രാജ്യത്തെ പ്രതിപക്ഷത്തെയടക്കം നിശബ്ദരാക്കിയാണ് പുടിൻ നാലാം തവണയും അധികാരത്തിലേറാൻ തയ്യാറെടുക്കുന്നത്. പുടിന് 70% വോട്ടുകൾ കിട്ടുമെന്നായിരുന്നു ഔദ്യോഗിക സർവേകൾ സൂചിപ്പിച്ചത്. അദ്ദേഹം ഉൾപ്പെടെ എട്ടുപേരായിരുന്നു മൽസരരംഗത്തുണ്ടായിരുന്നത്.

മൽസരിക്കാൻ വിലക്കുള്ള പ്രതിപക്ഷ നേതാവ് അലക്സി നവൽനി തിരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തതിനു പിന്നാലെ, രാജ്യസ്നേഹത്തിന്റെ പേരിൽ വോട്ടുചെയ്യാൻ പുടിൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. പുടിന്റെ രാഷ്ട്രീയ ഗുരുവായ അനൊറ്റലി സോബ്ചക്കിന്റെ മകളായ സെനിയ സോബ്ചക്കായിരുന്നു സ്ഥാനാർത്ഥികളിലെ ഗ്ലാമർതാരം. 2012ലെ തിരഞ്ഞെടുപ്പിലുണ്ടായിരുന്നത് മൂന്നു സ്ഥാനാർത്ഥികൾ മാത്രമാണ്.

ഞായറാഴ്ചത്തെ വോട്ടെടുപ്പിനിടെ റഷ്യയിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ ്ഹാക്ക് ചെയ്യാൻ ശ്രമം നടന്നതായി റിപ്പോർട്ടുണ്ട്.