തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണു പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടം. നൂറിലേറെപ്പേർക്കാണ് മത്സരക്കമ്പക്കെട്ടിൽ ജീവൻ പൊലിഞ്ഞത്.

ഇതു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇക്കാര്യത്തിൽ അനുകൂല സമീപനം കൈക്കൊണ്ടില്ല. അതിനിടെ, പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തം സ്റ്റേറ്റ് സ്‌പെസിഫിക് ഡിസാസ്റ്ററായി പ്രഖ്യാപിക്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണു സംസ്ഥാന സർക്കാർ.

എന്നാൽ, കേസ് അട്ടിമറിക്കാനുള്ള തീരുമാനമാണ് ഈ നീക്കത്തിനു പിന്നിലെന്നാണ് ആരോപണമുയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മനോരമ ലേഖകൻ ജാവേദ് പർവേശ് ഫേസ്‌ബുക്കിലിട്ട കുറിപ്പ് വ്യാപക ചർച്ചയായിക്കഴിഞ്ഞു.

പുറ്റിങ്ങൽ ദുരന്തം സ്റ്റേറ്റ് സ്‌പെസിഫിസ് ഡിസാസ്റ്ററായി പ്രഖ്യാപിക്കാനും ഇരകൾക്ക് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ടിൽ നിന്ന് ധനസഹായം നൽകാനുമുള്ള സർക്കാർ തീരുമാനം ശുദ്ധ തോന്ന്യാസമാണെന്നു ജാവേദ് ചൂണ്ടിക്കാട്ടുന്നു. ഒന്നുകിൽ വിവരക്കേട് അല്ലെങ്കിൽ കേസ് അട്ടിമറിക്കാനുള്ള ഗൂഢശ്രമം. രണ്ടിലൊന്നാണ് ഇതെന്നും ജാവേദ് കുറിച്ചു.

ട്രാജഡിയും ഡിസാസ്റ്ററും രണ്ടും രണ്ടാണ്. പുറ്റിങ്ങലിൽ നടന്നത് കൂട്ടക്കൊലയായി വേണം കണക്കാക്കാൻ. അത് വെള്ളപ്പൊക്കവും വരൾച്ചയും പോലെ മനുഷ്യന്റെ നിയന്ത്രണത്തിലല്ലാത്ത ദുരന്തമായി ചിത്രീകരിക്കുന്നതും അതിനായി പ്രത്യേക ഹെഡിൽ നിന്നുള്ള പണം കൈമാറുന്നതും നാളെ കേസിനെ ദുർബലപ്പെടുത്തും. കൊലയ്ക്കുത്തരവാദികളിൽ നിന്നു വേണം നഷ്ടപരിഹാരം ഈടാക്കി നൽകാൻ.

ദുരന്തത്തിനിരയായവർക്ക് ധന സഹായം എത്രയും പെട്ടെന്ന് ലഭിക്കണം. അതിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുള്ളത്. മറിച്ചുള്ള തീരുമാനം ഈ കൂട്ടക്കൊലയെ വെള്ളപൂശലാകും. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത ഒരു ദുരന്തമായിരുന്നു പുറ്റിങ്ങലിൽ നടന്നതെന്ന് സംഘാടകർ വാദിക്കും. അതിനുള്ള അടിസ്ഥാന രേഖയായി മാറും സർക്കാറിന്റെ ഈ തീരുമാനം. ഡിസാസ്റ്റർ ഫണ്ടിൽ നിന്ന് പണം കൈമാറുന്നതിന് ചില നിബന്ധനകളുണ്ട്. മൽസ്യത്തൊഴിലാളികൾ കടലിൽ പോയി തിരയിൽപ്പെട്ട് വള്ളവും വലയും നശിച്ചാലോ, മരിച്ചാലോ പോലും ദുരന്തനിവാരണ ഫണ്ടിൽ നിന്ന് അഞ്ചു പൈസ കിട്ടാത്ത കാലത്ത് എല്ലാ നിയമങ്ങളും മനപ്പൂർവം ലംഘിച്ച് നൂറിൽപരം നിരപരാധികളെ കൊന്നവരെ സഹായിക്കുന്ന ഒരു നടപടിയും പാടില്ലെന്നു ജാവേദ് പറയുന്നു.

ഇടതുപക്ഷം ഈ കുപ്പിയിൽ വീഴരുതെന്നും ജാവേദ് കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്. അമ്പലത്തിലായാലും പള്ളിയിലായാലും യുക്തിവാദി സംഘം ഓഫിസിലാണെങ്കിലും നിയമലംഘനത്തിലുടെ ഒരു ദുരന്തമുണ്ടായാൽ ഇവരിൽ നിന്നു വേണം നഷ്ടപരിഹാരം ഇടാക്കാൻ. ആവശ്യമെങ്കിൽ ഈ സ്ഥാപനങ്ങൾ ലേലം ചെയ്തിട്ടാണെങ്കിലും ഇരകൾക്ക് നഷ്ടപരിഹാരം നൽകണം. അതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നോ അല്ലെങ്കിൽ പൊതുജനപങ്കാളിത്തത്തോടെ ധനസമാഹരണം നടത്തിയോ വേണം പണം നൽകാനെന്നും ജാവേദ് ചൂണ്ടിക്കാട്ടുന്നു.