കൊല്ലം: കൊല്ലം പരവൂറിലെ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടപകടം മുൻവർഷങ്ങളിലടക്കം എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നായിരുന്നുവെന്ന തെളിവുകൾ പുറത്തുവരുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് വർഷങ്ങളായി ഇവിടുത്തെ ഉത്സവത്തിൽ കരിമരുന്നു പ്രയോഗവും വെടിക്കെട്ടും നടത്തിയിരുന്നതെന്നാണ് ചില നാട്ടുകാർ പറഞ്ഞതനുസരിച്ച് നടത്തിയ അന്വേഷണങ്ങളിൽ നിന്നും ഞങ്ങൾക്ക് മനസ്സിലായത്. അലക്ഷ്യമായ രീതിയിലാണ് പലപ്പോഴും ഇവിടെ വെടിക്കെട്ടിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നതത്രേ..

പെട്രോളിയം സേഫ്റ്റി ഓർഗനൈസേഷൻ നിയമങ്ങൾ അനുസരിച്ച് വെടിക്കെട്ട് നടക്കാൻ പോകുന്നതിന്റെ ചുറ്റളവിൽ ആൾതാമസം പാടില്ല, 125 ഡെസിബെലിന് മുകളിൽ ശബ്ദം പാടില്ല, അമ്പലം, സ്‌കൂൾ, ആശുപത്രി മുതലായവയുടെ 200 മീറ്ററിനുള്ളിൽ ഡിസ്‌പ്ലേ പാടില്ല മുതലായ നിയമങ്ങൾ ഉണ്ടെങ്കിലും അവ ഒരിക്കലും പാലിക്കപ്പെടുന്നില്ല. പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടു നടത്തിയ സഥലത്തിനും സമീപത്തെ വീടുകളുമായി 40 മീറ്റർ മുത്ൽ 80 മീറ്റർ വരെ മാത്രം വ്യത്യാസമാണുള്ളതെന്നിരിക്കെ അപകടം എപ്പോഴും ഒരു വിളിപ്പാടകലെയായിരുന്നുവെന്നത് വ്യക്തം.

പിന്നെ എന്തിനാണ് ഇത്രയും നാട്ടുകാരുടെയും എതിർപ്പുകളവഗണിച്ച് ഇങ്ങനെയൊരു വെടിക്കെട്ടു നടത്തിയത്. അപ്പോൾ അപകടം വിളിച്ചുവരുത്തിയതാണെന്ന് വ്യക്തം.കേരള പൊലീസിൽ വെടിമരുന്നുപയോഗം നിരീക്ഷിക്കാൻ ഒരു സ്‌പെഷ്യൽ സെൽ പോലുമുണ്ട്. ഇങ്ങനെ പലവിധ നിയമങ്ങളും നിലവിലുണ്ടെങ്കിലും പൊലീസ് അധികാരികൾ ഇതിൽ കാര്യക്ഷമമായ പരിശോധന നടത്താത്തതാണ് വെടിക്കെട്ട് ദുരന്തം ആവർത്തിക്കുന്നതിനുള്ള കാരണം.

സാധാരണ മത്സര വെടിക്കെട്ടാണ് ഇവിടെ നടക്കാറ്. അതിന് തീവ്രത കൂടും. മത്സരിക്കാൻ ആളുകൾ ശ്രമിക്കും. ഒരു വിഭാഗം നാട്ടുകാർ തന്നെ ഇതിനെ എതിർത്തു. ഇതോടെ ജില്ലാ ഭരണകൂടത്തിന് പരാതി കിട്ടി. ഈ പരാതി പരിശോധിച്ചാണ് വെടിക്കെട്ടിൽ കളക്ടർ നിലപാട് എടുത്തത്. എന്നാൽ വെടിക്കെട്ട് കൂടിയേ തീരൂവെന്ന് ദേവസം നിലപാട് എടുത്തു. ഇതോടെ ക്ഷേത്രാചാര പ്രകാരമുള്ള ചെറിയ വെടിക്കെട്ടിനാണ് അനുമതി നൽകിയത്. പക്ഷേ മത്സരത്തിനായി കൊണ്ടുവന്ന വലിയൊരു വെടിക്കെട്ട് ശേഖരം അവിടെയുണ്ടായിരുന്നു. ഇത് തന്നെയാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. അനധികൃതമായ വെടിമരുന്ന് ശേഖരത്തിന്റെ സാധ്യത തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ക്ഷേത്ര ഭരണ സമിതിയുമായി ബന്ധമുള്ള ചില രാഷ്ട്രീയക്കാരുടെ സമ്മർദ്ദമാണ് ഇതിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് സൂചന.

സ്‌ഫോടനത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി, വാർത്താവിനിമയ സൗകര്യങ്ങൾ താറുമാറായി. വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ ഉണ്ടായിരുന്നില്ലെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. ഇനി കുറച്ചുകാലം വെടിക്കെട്ടിൽ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളിൽ ചർച്ച നടക്കും. അതിന് ശേഷം എല്ലാം പഴയതു പോലെയും. കേരളത്തിൽ വെടിക്കെട്ടപകടങ്ങൾ തുടർക്കഥയാണ്. എന്നാൽ അപകടത്തിൽ നിന്ന് ഒന്നും കേരളം പഠിക്കുന്നുമില്ല. ഇത് തന്നെയാണ് പരവൂരിലെ അപകടവും വ്യക്തമാക്കുന്നത്. വെടിക്കെട്ട് നിർമ്മാണത്തിന് കൃത്യവും വ്യക്തവുമായ നിയമങ്ങൾ രൂപീകൃതമായിട്ടുണ്ടെങ്കിലും ഇവയുടെ ലംഘനവും പൊലീസിന്റെ പരിശോധനയിലെ അനാസ്ഥയുമാണ് ഇത്തരം വെടിക്കെട്ടപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. കേന്ദ്ര പെട്രോളിയം ആൻഡ് എക്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷന്റെ നിയമങ്ങളെ അട്ടിമറിച്ചാണത്രെ പല വെടിക്കെട്ടുകളും അരങ്ങേറുന്നതും പടക്കങ്ങളും മറ്റും നിർമ്മിക്കുന്നതും.

പലപ്പോഴും നിർമ്മാണശാലകൾക്ക് ലൈസൻസ് പോലും ഉണ്ടാകാറില്ല. പക്ഷെ ഇതൊന്നും പൊലീസിന്റെ നിരീക്ഷണത്തിൽ വരുന്നില്ല. മറ്റൊരു പ്രധാന നിയമം പൊട്ടാസ്യം ക്ലോറേറ്റ് നിരോധിച്ചിട്ടുണ്ട്. പക്ഷെൃ, നൈട്രേറ്റുകൾ, ക്ലോറേറ്റുകൾ, പെർക്കലേറ്റുകൾ മുതലായവ ഉപയോഗിക്കരുതെന്നാണ് നിയമം. മറ്റൊരു പ്രധാന കാര്യം ഇത്തരം പടക്കനിർമ്മാണശാലക്ക് ശരിയായ സുരക്ഷാ സംവിധാനങ്ങളില്ല എന്നതാണ്. പൊട്ടാസ്യം ക്ലോറേറ്റ് വിഷവസ്തുവായതിനാൽ കൂടുതൽ അപകടകാരിയാണ്. കേരള ഹൈക്കോടതിയുടെ 2007 ലെ വിധി പ്രകാരം ലൈസൻസികൾക്ക് ഗുണ്ട്, അമിട്ട്, ഓലപ്പടക്കം, മിനി അമിട്ട് മുതലായവ ഉണ്ടാക്കാൻ അനുവാദമില്ല. സൾഫർ അടങ്ങുന്ന വെടിക്കെട്ട് സാമഗ്രികളും നിരോധിച്ചിട്ടുണ്ട്. പക്ഷേ ഇതൊന്നും നടക്കാറില്ല.

പള്ളികളിലും അമ്പലങ്ങളിലും ഉത്സവസീസൺ തുടങ്ങാനിരിക്കെതന്നെ ഉണ്ടായ ഈ അപകടം ഈ മേഖലയിൽ ചെലുത്തേണ്ട ജാഗ്രതക്കുള്ള സന്ദേശമായി മാറുന്നു. പക്ഷെ അപകടങ്ങൾ ഉണ്ടായി ജീവഹാനിയും പരിക്കും സംഭവിച്ചശേഷം മാത്രം രംഗപ്രവേശം ചെയ്യുന്ന സുരക്ഷാ അധികാരികൾ നിർമ്മാണശാലകൾക്ക് ലൈസൻസ് ഉണ്ടോയെന്നും പൊട്ടാസ്യം ക്ലോറേറ്റ് പോലുള്ള അപകടകാരികളായ വെടിമരുന്നുകൾ ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നും മറ്റുമുള്ള നിരീക്ഷണം ശക്തമാക്കേണ്ടതുണ്ട്. ഇതൊന്നും ചെയ്യാൻ ആരുമില്ലേയെന്ന ചോദ്യങ്ങൾ തന്നെയാണ് പരവൂർ ദുരന്തം വീണ്ടും ഓർമിപ്പിക്കുന്നത്. ദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുമ്പോൾ മാത്രം പരിധപിക്കുകയും നിയമങ്ങൾ ശക്തമാക്കുന്നതിനെകുറിച്ചും വാചാലരാകുന്നതിലും യാതൊരു ഗുണവുമില്ല. അപകടങ്ങൾ ഉണ്ടാകാതിരിക്കാനായി കൃത്യമായി നിയമ വ്യവസ്ഥകൾ പാലിക്കുക എന്നതു മാത്രമാണ് പോംവഴി.